താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കരിപ്പൂര്‍ സ്വര്‍ണ്ണകടത്തു സംഘം; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി വിലപേശി ഭീഷണിപ്പെടുത്തി സ്വര്‍ണം തിരിച്ചുപിടിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍
വ്യാപാരിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം, അഷ്‌റഫ്
വ്യാപാരിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം, അഷ്‌റഫ്

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയത് കരിപ്പൂര്‍ സ്വര്‍ണ്ണകടത്തു സംഘമെന്ന് പൊലീസ്. വ്യാപാരിയായ മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യസഹോദരന്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ അലി ഉബൈര്‍, നൗഷാദ് അലി എന്നിവരാണ് തട്ടിക്കൊണ്ടു പോകലിന്റെ മുഖ്യ ആസൂത്രകരെന്നും പൊലീസ് പറഞ്ഞു. 

അഷ്‌റഫിന്റെ ഭാര്യ സഹോദരനായ മുക്കം സ്വദേശിയും കാവന്നൂര്‍ സ്വദേശി അബ്ദുല്‍ സലാമും പ്രധാന പ്രതി അലി ഉബൈറുമായി നടത്തിയ സ്വര്‍ണ ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിലേയ്ക്ക് എത്തിയത്. കാവന്നൂര്‍ സ്വദേശിക്ക് കേരളത്തിലേയ്ക്ക് കടത്താനുള്ള സ്വര്‍ണം അഷ്‌റഫിന്റെ ബന്ധുവായ മുക്കം സ്വദേശി ഗള്‍ഫില്‍ തടഞ്ഞുവച്ചു. 

ഇതുവിട്ടുകിട്ടാന്‍ ഇടപാടിലെ മറ്റൊരു പങ്കാളിയായ അലി ഉബൈര്‍ തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കുകയായിരുന്നു. മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി വിലപേശി ഭീഷണിപ്പെടുത്തി സ്വര്‍ണം തിരിച്ചുപിടിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.

കേസുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയായ അലി ഉബൈറിന്റെ  സഹോദരങ്ങള്‍ അടക്കം മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. അലിയുടെ സഹോദരങ്ങളായ ഷബീബ് റഹ്മാന്‍, മുഹമ്മദ് നാസര്‍ എന്നിവരും മുഹമ്മദ് ജവഹര്‍ എന്നയാളും പിടിയിലായിട്ടുണ്ട്. കേസിലെ പ്രതികളെയെല്ലാം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

കേസിലെ പ്രധാന പ്രതിയായ അലി ഉബൈര്‍ അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്. അലി ഉബൈര്‍, നൗഷാദ് അലി എന്നിവരെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഒളിവിലുള്ള നാലു പ്രതികള്‍ അയല്‍ സംസ്ഥാനത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com