ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ നല്‍കിയില്ല, യാത്രാനുമതി നിഷേധിച്ചു; വിമാനക്കമ്പനി 50,000 നഷ്ടപരിഹാരം നല്‍കണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 07:56 PM  |  

Last Updated: 02nd September 2022 07:56 PM  |   A+A-   |  

Flight SERVICE

പ്രതീകാത്മക ചിത്രം

 

കൊച്ചി: നിയമ വിരുദ്ധമായി യാത്രക്കാരന് വിമാനയാത്ര അനുവദിക്കാതിരുന്ന വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി പി വി അജിത്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 

വിമാനക്കമ്പനി സേവനത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാല്‍ ഉപഭോക്താവിന് ടിക്കറ്റ് തുക തിരിച്ചുനല്‍കുകയും കോടതിച്ചെലവ് ഉള്‍പ്പെടെയുള്ള നഷ്ടപരിഹാരം നല്‍കാനും എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി അധ്യക്ഷന്‍ ഡി ബി ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരാണ് ഉത്തരവിട്ടത്.

ഒമാന്‍ എയര്‍വെയ്‌സില്‍ ബഹ്‌റൈനിലേക്ക് പോകാന്‍ സുഹൃത്തിനു വേണ്ടിയാണ് പരാതിക്കാരന്‍ ഇ-ടിക്കറ്റ് ബുക്ക് ചെയ്തത്. ടിക്കറ്റ് ബുക്ക് ചെയ്ത തുക നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ ഹാജരാക്കാതിരുന്നതിനെ തുടര്‍ന്നാണ് യാത്രാനുമതി നിഷേധിച്ചത്. യാത്രക്കാരന്‍ മറ്റ് രേഖകള്‍ ഹാജരാക്കിയെങ്കിലും യാത്രാനുമതി നിഷേധിക്കപ്പെട്ടു. ഇതുമൂലം ബഹ്‌റൈനില്‍ ജോലിക്ക് യഥാസമയം എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.

ഉപഭോക്താവല്ല കോടതിയെ സമീപിച്ചത് എന്നതിനാല്‍ പരാതി തന്നെ നിലനില്‍ക്കുന്നതല്ലെന്ന വാദമാണ് എതിര്‍കക്ഷി ഉയര്‍ത്തിയത്. ഈ വാദം തള്ളിയ കോടതി ടിക്കറ്റ് തുകയായ 18,303 രൂപയും 12 ശതമാനം പലിശയും ഉള്‍പ്പെടെ 50,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും ഉപഭോക്താവിനു നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'വണ്‍ ഹു കനോട്ട് സ്പീക്ക്'; മറുപടിയുമായി ഷംസീര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ