ഉത്രട്ടാതി വള്ളംകളി ഒരുക്കത്തിനിടെ പള്ളിയോടം മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th September 2022 10:52 AM  |  

Last Updated: 10th September 2022 01:32 PM  |   A+A-   |  

alappuzha_boat

പള്ളിയോടം അപകടം/ ടിവി ദൃശ്യം

 

ആലപ്പുഴ: പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നുപേരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യന്‍ (18), ചെറുകോല്‍ സ്വദേശി വിനീഷ് (35) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. 

പള്ളിയോടം മറിഞ്ഞതിന്റെ 50 മീറ്റര്‍ മാറിയാണ് ആദിത്യന്റെ മൃതദേഹം സ്‌കൂബ സംഘവും നാട്ടുകാരും ചേര്‍ന്ന് കണ്ടെടുത്തത്. ഉച്ചയോടെ വിനീഷിന്റെ ശരീരവും കണ്ടെത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

നാട്ടുകാരുടെ കണ്‍മുമ്പില്‍വെച്ചാണ് അപകടമുണ്ടാകുന്നത്. ഒരാളെക്കൂടി കാണാതായതായി സംശയമുണ്ടെന്ന് രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു. തിരച്ചിലിന് നേവിയുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു.

ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കു വേണ്ടി പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിവരികയാണ്. നദിയിലെ നീരൊഴുക്ക് ശക്തമാണെന്നും, അത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ടെന്ന് സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.

പമ്പയാറ്റില്‍ വലംവെച്ച ശേഷമാണ് ആചാരപരമായി പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടാറുള്ളത്. ഇതിനായി പമ്പയാറ്റില്‍ ഇറക്കിയപ്പോഴാണ് അപകടമുണ്ടായത്. വള്ളത്തില്‍ അമ്പതോളം പേരുണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലാന്‍ഡ്രന്‍ പറഞ്ഞു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ കടിയേറ്റവരുടെ ചികിത്സാ ചെലവും വഹിക്കണം: സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ