'വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പരാതി നല്‍കുന്നത് പതിവ്, എത്തിയത് ക്യാമറയുമായി'; കാട്ടാക്കട മര്‍ദനത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 08:39 PM  |  

Last Updated: 26th September 2022 08:39 PM  |   A+A-   |  

ksrtc_kattakkada

കെഎസ്ആര്‍ടിസി ജീവനക്കാരുടെ അത്രിക്രമം


തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ അഛനേയും മകളേയും മര്‍ദിച്ച കേസില്‍ പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍. മര്‍ദനമേറ്റ പ്രേമനന്‍ കേസ് ആസൂത്രണം ചെയ്തതാണെന്നും, വീഡിയോ ചിത്രീകരിക്കാന്‍ ക്യാമറയുമായാണ് എത്തിയതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതികള്‍ പറയുന്നു.  തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി മറ്റന്നാള്‍ കേസ് പരിഗണിക്കും.

വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ തെറ്റായ പരാതികള്‍ നല്‍കുന്നയാളാണ് ഈ കേസിലെ പരാതിക്കാരനെന്നും വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുണ്ടെന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടി കാട്ടുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ക്യാമറയുമായി എത്തിയ ഇയാളുടെ ലക്ഷ്യം ജീവനക്കാരെ മോശക്കാരെന്നു ചിത്രീകരിക്കുകയായിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. 

പ്രതികളായ കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, ജീവനക്കാരായ എസ്ആര്‍ സുരേഷ്, സിപി മിലന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ അഡീഷനല്‍ സെഷന്‍സ് കോടതിക്ക് കൈമാറുകയായിരുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാന്‍ എത്തിയപ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ മധ്യവസ്‌കനെയും മകളെയും വാക്കുതര്‍ക്കത്തിനൊടുവില്‍ ജീവനക്കാര്‍ മര്‍ദിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ സംഗീത നിശയ്ക്കിടെ യുവാവിന്റെ കൊലപാതകം; ഒരാള്‍കൂടി പിടിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ