ബൈക്കിൽ പാഞ്ഞു, ചോദ്യം ചെയ്ത ആളെ വെട്ടി, തൊട്ടുപിന്നാലെ അപകടം; ആശുപത്രിയിൽ വെച്ച് പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 30th September 2022 08:14 AM  |  

Last Updated: 30th September 2022 08:14 AM  |   A+A-   |  

angamali_arrest

കൊച്ചി; ബൈക്കില്‍ അമിതവേഗത്തില്‍ പോയത് ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ആൾ അപകടത്തിൽപ്പെട്ട് ആശുപത്രിയിലായി. ശിവജിപുരം മേയ്ക്കാട്ട് മാലിയില്‍ വീട്ടില്‍ രാജന്റെ മകന്‍ അനു (40) വിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ സൗത്ത് കിടങ്ങൂര്‍ അമ്പാടന്‍ വീട്ടില്‍ സന്ദീപിനെ (25) ആണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട് ആശുപത്രിയിലായതിനു പിന്നാലെയായിരുന്നു അറസ്റ്റ്. 

ബുധനാഴ്ച രാത്രി ഒമ്പതോടെ ശിവജിപുരം അമ്പലത്തിനു സമീപമായിരുന്നു സംഭവം. അനുവും സുഹൃത്തുക്കളും റോഡരികില്‍ സംസാരിച്ച് നില്‍ക്കുമ്പോഴാണ് സന്ദീപ് ബൈക്കില്‍ വേഗത്തില്‍ പോയത്. ഇത് ചോദ്യം ചെയ്തപ്പോള്‍ സന്ദീപ് തിരികെയെത്തി മീന്‍ വെട്ടുന്ന വാളുകൊണ്ട് അനുവിനെ വെട്ടുകയായിരുന്നു. 

സംഭവത്തിനു ശേഷം ബൈക്കില്‍ യാത്ര തുടര്‍ന്ന സന്ദീപ് ചെങ്ങലിലെത്തിയപ്പോള്‍ അപകടത്തില്‍ പെട്ടു. സന്ദീപ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ സന്ദീപിനെ അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍നിന്നാണ് പൊലീസ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. മുഖത്ത് വെട്ടേറ്റ അനു എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

80 ലക്ഷമല്ല, കൊടുത്തത് വലിയ തുക; ബിനോയിയുടെ സ്വത്തിൽ കുട്ടി അവകാശമുന്നയിക്കരുതെന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ