'മോദി നല്ല നേതാവ്, ക്രൈസ്തവര്‍ക്ക് രാജ്യത്ത് അരക്ഷിതാവസ്ഥയില്ല, കേരളത്തില്‍ ബിജെപിക്കും സാധ്യത'; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ജനങ്ങളുടെ പിന്തുണ ലഭിക്കത്തക്ക രീതിയിലുള്ള സമീപനങ്ങള്‍ ബിജെപിയില്‍ നിന്നുണ്ടാകുന്നുണ്ട്. അത് ബിജെപിയുടെ വിജയമാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു
എക്സ്പ്രസ് ചിത്രം / എ സനേഷ്
എക്സ്പ്രസ് ചിത്രം / എ സനേഷ്

കൊച്ചി; ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ലെന്ന് സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇടതു- വലതു മുന്നണികളെപ്പോലെ കേരളത്തില്‍ ബിജെപിക്ക് സാധ്യതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ജനങ്ങളുടെ പിന്തുണ ലഭിക്കത്തക്ക രീതിയിലുള്ള സമീപനങ്ങള്‍ ബിജെപിയില്‍ നിന്നുണ്ടാകുന്നുണ്ട്. അത് ബിജെപിയുടെ വിജയമാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

'ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥ ഇപ്പോള്‍ ഇല്ല. ബിജെപിയുടെ ആധിപത്യം വന്നു കഴിഞ്ഞാല്‍ ക്രൈസ്തവരുടെ ജീവിതം അരക്ഷിതാവസ്ഥയിലാകുമെന്ന് പറയുന്നവരുണ്ട്. എന്നാല്‍ എനിക്ക് അതേക്കുറിച്ച് അറിയില്ല. ഹൈന്ദവ ആധിപത്യം വന്നാല്‍ തങ്ങളെ തുരത്തുമോ എന്ന പേടി മുസ്ലീമുകള്‍ക്ക് ഉണ്ടായേക്കും. കാരണം അവര്‍ ഭരിക്കുന്ന രാജ്യങ്ങളില്‍ മറ്റുള്ള വിഭാഗങ്ങളെ അവര്‍ ഓടിച്ചുവിടുകയാണ്. ആ ശൈലിയിലായിരിക്കും അവര്‍ ചിന്തിക്കുന്നത്.'- ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

'മോദി നല്ല ലീഡറാണ്. അന്താരാഷ്ട്ര തലത്തില്‍ ലീഡര്‍ഷിപ്പ് വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചു അത് വിജയിക്കുകയും ചെയ്തു. ഇവിടെയും അദ്ദേഹം ആരുമായിട്ടും ഏറ്റുമുട്ടലിന് പോയില്ലല്ലോ. ഇവിടത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റുമായി ഏറ്റുമുട്ടലിന് പോയി ജയിക്കാന്‍ അല്ലല്ലോ അദ്ദേഹം ശ്രമിക്കുന്നത്. നേതൃത്വപരമായ പ്രകല്‍ഭ്യം വളര്‍ത്തിയെടുത്ത് ജയിക്കാനാണല്ലോ ശ്രമിക്കുന്നത്. അത് പ്രധാനപ്പെട്ടതാണ്. ആളുകള്‍ക്ക് സുരക്ഷിത ബോധമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ മറ്റു കുറവുകളെല്ലാം ജനം മറക്കും. കേന്ദ്രഗവണ്‍മെന്റാണ് സുരക്ഷിതബോധം തരുന്നത്. മോദിജി ഹൈന്ദവ മത വിശ്വാസിയാണെന്ന് അറിയാം. എന്നിട്ടും മറ്റുള്ളവരുടെ വിശ്വാസത്തെ അംഗീകരിക്കാനും അദ്ദേഹത്തിനാകുന്നുണ്ട്. അതാണ് ലീഡര്‍ഷിപ്പ്. എല്ലാ മനുഷ്യനേയും സൃഷ്ടിച്ച് പരിപാലിക്കുന്നവനും എല്ലാവരുടേയും പിതാവുമാണ് ദൈവം എന്നു വിശ്വസിക്കുന്നവരാണ് ക്രൈസ്തവര്‍. ക്രൈസ്തവരെ മാത്രമല്ല എല്ലാവരേയും അങ്ങനെയാണ് കാണുന്നത്. അങ്ങനെയൊരു സാഹോദര്യം സൃഷ്ടിക്കാന്‍ ഹൈന്ദവ മതത്തില്‍ വിശ്വസിച്ചുകൊണ്ടുതന്നെ അദ്ദേഹം പരിശ്രമിക്കുന്നുണ്ട്. ആശയപരമായി പറഞ്ഞാലും ഹൈന്ദവമതത്തില്‍ ക്രൈസ്തവര്‍ക്ക് സ്വീകാര്യമായിട്ടുള്ളവയുണ്ട്.' 

ബിജെപി ആധികാരത്തിൽ എത്തിയതിനുശേഷം ആദ്യം നിരവധി ക്രൈസ്തവ സ്ഥാപനങ്ങൾക്കുനേരെ ആക്രമണം നടന്നിരുന്നു. എന്നാൽ ക്രിസ്ത്യൻ സൊസൈറ്റി രാജ്യത്തിന് നൽകിയ സേവനങ്ങളേക്കുറിച്ച് പറഞ്ഞ് ബിജെപിയെ മനസിലാക്കുകയായിരുന്നു. പ്രധാനമന്ത്രിക്കുവരെ കത്ത് അയച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതാക്കൾ തന്നെ വന്നു കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരും ഔദ്യോ​ഗിക സന്ദർശനം നടത്തിയിട്ടില്ല. ആർഎസ്എസ് നേതാക്കളും കാണാൻ വരാറുണ്ട്. അവർ എന്നെ സ്വാമി ജി എന്നാണ് വിളിക്കാറുള്ളത്. 

ബിജെപി സർക്കാരിൽ സംതൃപ്തരാണോ എന്ന ചോദ്യത്തിന് ജോർജ് ആലഞ്ചേരിയുടെ മറുപടി ഇങ്ങനെ; 'ഏതു സർക്കാരിലും പൂർണമായി സംതൃപ്തരാവാനാവില്ല. എന്നാൽ ഞങ്ങൾ സന്തുഷ്ടരാണ്. സംസ്ഥാന ​ഗവൺമെന്റിനോടും അങ്ങനെ തന്നെയാണ്.' 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com