ടിപ്പര്‍ ഇടിച്ച് കൊലക്കേസ് പ്രതി മരിച്ച സംഭവം;  കൊലപാതകമെന്ന് പൊലീസ്; പ്രതി കോടതിയില്‍ കീഴടങ്ങി

ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയായ രഞ്ജിത്താണ് ഇന്നലെ രാവിലെ ടിപ്പര്‍ ഇടിച്ച് മരിച്ചത്.
ടിപ്പര്‍ ഇടിച്ച് മരിച്ച രഞ്ജിത്ത്
ടിപ്പര്‍ ഇടിച്ച് മരിച്ച രഞ്ജിത്ത്

തിരുവനന്തപുരം:  പെരുങ്കടവിളയില്‍ ടിപ്പര്‍ ഇടിച്ച് യുവാവ്‌ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയായ രഞ്ജിത്താണ് ഇന്നലെ രാവിലെ ടിപ്പര്‍ ഇടിച്ച് മരിച്ചത്. ഇത് കൊലപാതകമാണെന്ന് പൊലിസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ടിപ്പര്‍ ഡ്രൈവര്‍ ശരത്ത്‌ കോടതിയില്‍ കീഴടങ്ങി. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമെ കൊലപാതകത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്ന് പൊലീസ് പറയുന്നു. 

ഇന്നലെ രാവിലെ പത്തരയോടെ കീഴാറൂര്‍ ഭാഗത്തു നിന്നു പെരുങ്കടവിളയിലേക്കു ബൈക്കില്‍ വരികയായിരുന്ന രഞ്ജിത്തിനെ, എതിര്‍ദിശയില്‍ നിന്നു വന്ന ടിപ്പര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയോട്ടി ഏതാണ്ടു പൂര്‍ണമായും തകരുകയും മുഖം വികൃതമാകുകയും ചെയ്തു. വലതു കാല്‍ ഒടിഞ്ഞു തൂങ്ങി. ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകട സ്ഥലത്തു വച്ചുതന്നെ രഞ്ജിത് മരിച്ചു.

രഞ്ജിത്തിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ടിപ്പര്‍ ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. തുടക്കം മുതലേ ഈ അപകടം കൊലപാതകമാണെന്ന സംശയത്തിലായിരുന്നു പൊലീസ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി ശരത്തും രഞ്ജിത്തും തമ്മില്‍ മുന്‍വൈരാഗ്യം ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്ന് നിഗമനത്തില്‍ പൊലീസ് എത്തിയത്.

ഇന്ന് വൈകീട്ടോടെയാണ് പ്രതി നെയ്യാറ്റിന്‍കര കോടതിയില്‍ നേരിട്ട് എത്തി കീഴടങ്ങിയത്. പ്രതി കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കണം. അതിന് ശേഷം വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ കൊലപാതകസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com