മന്ത്രി മുഹമ്മദ് റിയാസിന് പോപ്പുലര്‍ ഫ്രണ്ടുമായി ചങ്ങാത്തം, ധ്രുവീകരണത്തിന് ശ്രമം ; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍

റിയാസും സിപിഎമ്മും അവസരം മുതലെടുത്ത് മുസ്ലിം സമുദായത്തിനിടയില്‍ ഭയാശങ്കകള്‍ വളര്‍ത്തി പോളറൈസേഷന് ശ്രമിക്കുകയാണ്
മുഹമ്മദ് റിയാസ്, കെ സുരേന്ദ്രന്‍/ ഫയല്‍
മുഹമ്മദ് റിയാസ്, കെ സുരേന്ദ്രന്‍/ ഫയല്‍

കൊച്ചി: മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുഹമ്മദ് റിയാസ്  പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായി ചങ്ങാത്തം പുലര്‍ത്തുന്ന ആളാണ്. സിപിഎം ഇപ്പോള്‍ ഇദ്ദേഹത്തെ മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമൊക്കെ ആക്കിയത് മുസ്ലിം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി ആ വിഭാഗത്തിന്റെ വോട്ടു കിട്ടാന്‍ വേണ്ടിയിട്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

മുഹമ്മദ് റിയാസ് ഏതൊരു ധ്രുവീകരണത്തിനു വേണ്ടിയാണോ ശ്രമിക്കുന്നത് എന്നത് ബിജെപിക്ക് അറിയാം. ലീഗുകാര്‍ മനസ്സിലാക്കിയാല്‍ മതി. ബിജെപിയെ സംബന്ധിച്ചിടത്തോളം, മുസ്ലിം വിഭാഗവുമായും സമ്പര്‍ക്കം നടത്തി അവരുടെ വിശ്വാസം ആര്‍ജ്ജിക്കാനാവശ്യമായ നടപടികളുമായാണ് പാര്‍ട്ടി പോകുന്നത്. റിയാസും സിപിഎമ്മും അവസരം മുതലെടുത്ത് മുസ്ലിം സമുദായത്തിനിടയില്‍ ഭയാശങ്കകള്‍ വളര്‍ത്തി പോളറൈസേഷന് ശ്രമിക്കുകയാണ്. ഇത് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

ബിജെപി നേതാക്കള്‍ ഗൃഹസമ്പര്‍ക്കം നടത്തിയതിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇങ്ങനെ വിറളി പിടിക്കേണ്ട ആവശ്യമുണ്ടോ?. ജനങ്ങളെ സമ്പര്‍ക്കം ചെയ്യുന്നതിനുള്ള നിലപാടെടുത്തപ്പോള്‍ എന്തിനാണ് ഇത്ര വേവലാതി. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ധാരണ മതന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം തങ്ങള്‍ക്ക് ആണെന്നാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

ഇത്രയും കാലവും ഇരുമുന്നണികളെയും വോട്ടുബാങ്കായി മാത്രമാണ് കണ്ടിരുന്നത്. തെരഞ്ഞെടുപ്പ് സമയത്തു മാത്രമാണ് അവരുമായി ബന്ധം പുലര്‍ത്തിയത്. ജനങ്ങളുമായി ബിജെപി ബന്ധം പുലര്‍ത്തുന്നത് ഇരുമുന്നണികളെയും ഭയപ്പെടുത്തുകയാണ്. ഇരു മുന്നണികളുടേയും കാലിനടിയില്‍ നിന്നും മണ്ണ് ഒലിച്ചുപോകുന്നു എന്ന തിരിച്ചറിവാണ് ഈ പ്രകോപനത്തിന് കാരണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com