24 മണിക്കൂര്‍ കഴിഞ്ഞു; മൃതദേഹം മാറ്റാന്‍ കഴിഞ്ഞിട്ടില്ല, ഫ്‌ലാറ്റിന്റെ ബേസ്‌മെന്റില്‍ താനും മകളും ഭയന്നു കഴിയുന്നു; സഹായം അഭ്യര്‍ത്ഥിച്ച് ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ 

ഇന്ത്യയില്‍ നിന്ന് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ
ആല്‍ബര്‍ട്ട് അഗസ്റ്റിന്‍
ആല്‍ബര്‍ട്ട് അഗസ്റ്റിന്‍

കൊച്ചി: ഇന്ത്യയില്‍ നിന്ന് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് സുഡാനില്‍ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ. '24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫ്‌ലാറ്റില്‍ നിന്ന് മൃതദേഹം മാറ്റാന്‍ സാധിച്ചിട്ടില്ല. മകളുമായി ഫ്‌ലാറ്റിന്റെ ബേസ്‌മെന്റില്‍ ഭയന്നു കഴിയുകയാണ്. ആല്ബര്‍ട്ടിന്റെ സുഹൃത്തിന്റെ റൂമിലാണ് രാത്രിയില്‍ തങ്ങിയത്. എന്നാല്‍ അവിടെ സുരക്ഷിതമല്ലാത്തതിനാല്‍ അവിടെനിന്ന് മാറി ഫ്‌ലാറ്റിന്റെ ബേസ്‌മെന്റിലാണ് ഇപ്പോള്‍ കഴിയുന്നത്. വെള്ളം മാത്രമാണ് കുടിച്ച് ഇരിക്കുകയാണ്. എന്തെങ്കിലും സഹായം ചെയ്യാന്‍ പറ്റുമെങ്കില്‍ സഹായിക്കണം' - ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ല അഭ്യര്‍ത്ഥിച്ചു.

അതേസമയം, ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.   മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആല്‍ബര്‍ട്ടിന്റെ പിതാവുമായി ഫോണില്‍ സംസാരിച്ചു. സുഡാനിലുള്ള ആല്‍ബര്‍ട്ടിന്റെ കുടുംബം സുരക്ഷിതരാണെന്ന് അറിയിച്ചു എന്നാണ് മന്ത്രി പറയുന്നത്. തുടര്‍നടപടികള്‍ ഏകോപിപ്പിക്കാന്‍ സുഡാനിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി അറിയിച്ചു. 

ഇന്നലെ രാത്രിയാണ് കലാപത്തിനിടെ ഫ്‌ലാറ്റില്‍ വെച്ച് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ടിന് വെടിയേറ്റത്. വിമുക്തഭടനായ ആല്‍ബര്‍ട്ട് സുഡാനില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. വീടിനുള്ളില്‍ ഫോണ്‍ ചെയ്യുന്നതിനിടെയായിരുന്നു ആല്‍ബര്‍ട്ടിന് വെടിയേറ്റത്.

ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു. തുടര്‍ക്രമീകരണങ്ങള്‍ക്കായി അഗസ്റ്റിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംബസി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com