മദനിക്ക് കേരളത്തിലേക്ക് വരാം; സുപ്രീംകോടതി അനുമതി

By സമകാലിക മലയാളം ഡെസ്ക്  |   Published: 17th April 2023 04:40 PM  |  

Last Updated: 17th April 2023 04:40 PM  |   A+A-   |  

madani

അബ്ദുല്‍ നാസര്‍ മദനി/ഫയല്‍

 

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയുടെ അനുമതി. കേരളത്തിലുള്ള അച്ഛനെ കാണാനാണ് അനുമതി. ജൂലൈ 10 വരെ നാട്ടില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി മദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ബംഗലൂരു സ്‌ഫോടനക്കേസ് വിചാരണയില്‍ അന്തിമവാദം മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാനും, നാട്ടിലുള്ള പിതാവിനെ കാണാനും അനുവദിക്കണമെന്നാണ് മദനി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. 

മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലും ഹാരീസ് ബീരാനുമാണ് മദനിക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.  ബംഗലൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് നേരത്തെ ജാമ്യം അനുവദിച്ചിരുന്നെങ്കിലും, ബംഗലൂരുവില്‍ തന്നെ താമസിക്കണമെന്ന് കോടതി വ്യവസ്ഥ വെച്ചിരുന്നു. 

കേരളത്തിലേക്കു പോകാനുള്ള മദനിയുടെ ഹര്‍ജിയെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. മദനി സ്ഥിരം കുറ്റവാളിയാണെന്നും, ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കേരളത്തില്‍ പോകാന്‍ അനുവദിക്കരുതെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിലപാട് അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പിണറായി വിജയന്റെ വിരുന്നല്ല, മുഖ്യമന്ത്രിയുടെ വിരുന്ന്'; ആക്ഷേപങ്ങളില്‍ മറുപടിയുമായി ലോകായുക്ത, അസാധാരണ നടപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ