'സർക്കാരിന്റെ യാത്രയയപ്പ് ഉപകാരസ്മരണ'; ചീഫ് ജസ്റ്റിസിന് പ്രത്യേക യാത്രയയപ്പ് നൽകിയതിനെതിരെ പരാതി

ജുഡീഷ്യൽ ചട്ടങ്ങളുടെയും മുൻകാല ഉത്തരവുകളുടേയും ലംഘനമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്
പിണറായി വിജയൻ, ജസ്റ്റിസ് മണികുമാർ
പിണറായി വിജയൻ, ജസ്റ്റിസ് മണികുമാർ

തിരുവനന്തപുരം: കേരള ഹൈക്കോടതിയിൽ നിന്നും വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സംസ്ഥാന സർക്കാർ പ്രത്യേക യാത്രയയപ്പ് നൽകിയതിനെതിരെ പരാതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കുമാണ് പരാതി നൽകിയിട്ടുള്ളത്. സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫൻ ആണ് പരാതിക്കാരൻ. 

ജുഡീഷ്യൽ ചട്ടങ്ങളുടെയും മുൻകാല ഉത്തരവുകളുടേയും ലംഘനമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. കേരള സർക്കാർ നടത്തുന്നത് ഉപകാരസ്മരണ ആണെന്നും പരാതിയിൽ ആരോപിക്കുന്നു. കോവളത്തെ സ്വകാര്യ ഫൈവ് സ്റ്റാർ ഹോട്ടലിലാണ് സർക്കാർ ചീഫ് ജസ്റ്റിസിന് പ്രത്യേക യാത്രയയപ്പ് നൽകിയത്. 

മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും കുടുംബസമേതമാണ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത്.  മന്ത്രിമാരായ പി രാജീവ്, കെഎൻ ബാല​ഗോപാൽ, കെ രാജൻ, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി വിപി ജോയ്, ആഭ്യന്തര സെക്രട്ടറി കെ വേണു, നിയമസെക്രട്ടറി ഹരിനായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

സാധാരണ നിലയിൽ ഹൈക്കോടതി ഫുൾ കോർട്ട് മാത്രം യാത്രയയപ്പ് നൽകുന്നതാണ് കീഴ് വഴക്കം. ഹൈക്കോടതി നേരത്തെ തന്നെ ഫുൾ കോർട്ട് യാത്രയയപ്പ് നൽകിയിരുന്നു. അതോടൊപ്പം സീനിയർ അഭിഭാഷകരും വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നൽകിയിരുന്നു.

''പണ്ട് ലാവലിന്‍ കേസില്‍ വിധി പറഞ്ഞ ചീഫ് ജസ്റ്റിസിനെ നാടുകടത്തിയവര്‍" 

അതിനിടെ, സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രം​ഗത്തെത്തി. വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നത് വിചിത്രമാണ്.  മുഖ്യമന്ത്രിയും നാലഞ്ച് മന്ത്രിമാരും ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി രഹസ്യമായി യാത്രയയപ്പ് നല്‍കേണ്ട സ്ഥാനമല്ല ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേതെന്ന് വിഡി സതീശന്‍ പറഞ്ഞു.

ലാവലിന്‍ കേസില്‍ വിധി പറഞ്ഞ ചീഫ് ജസ്റ്റിസിനെ നാടുകടത്തിയവരാണ് ഇപ്പോള്‍  യാത്രയയപ്പ് നൽകി ആദരിക്കുന്നത്. കേരളത്തിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഇപ്പോഴെങ്കിലും ആദരവ് തോന്നിയത് വലിയ കാര്യമാണ്. പണ്ട് ലാവലിന്‍ കേസില്‍ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസിനെ,  എസ്എഫ്‌ഐക്കാരേയും ഡിവൈഎഫ്‌ഐക്കാരേയും ഹൈക്കോടതിയുടെ മുമ്പിലേക്കയച്ച് പ്രകടനം നടത്തിച്ച് നാടുകടത്തുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com