എ രാജയ്ക്ക് താല്‍ക്കാലിക ആശ്വാസം; അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ

നിയമസഭ അലവന്‍സും പ്രതിഫലവും കൈപ്പറ്റാന്‍ അര്‍ഹതയുണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി
എ രാജ/ ഫയൽ ചിത്രം
എ രാജ/ ഫയൽ ചിത്രം

ന്യൂഡല്‍ഹി: ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ എ രാജയ്ക്ക് താല്‍ക്കാലിക ആശ്വാസം. രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ഭാഗികമായി സുപ്രീംകോടതി സ്റ്റേ ചെയ്തു. എ രാജയ്ക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

എന്നാല്‍ സഭയില്‍ വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. നിയമസഭ അലവന്‍സും പ്രതിഫലവും കൈപ്പറ്റാന്‍ അര്‍ഹതയുണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് ജൂലൈ 12 ന് വീണ്ടും പരിഗണിക്കും. അതുവരെയാണ് സ്റ്റേ. ഹൈക്കോടതി വിധിക്ക് എതിരായ രാജയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡി. കുമാറിന് നോട്ടീസ് അയച്ചു.

പരിവര്‍ത്തിത ക്രൈസ്തവനായ എ രാജയ്ക്ക് സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രാജയുടെ വിജയം അസാധുവാക്കിയത്. ഇതിനെതിരെയാണ് രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. 

കേസില്‍ വിശദമായ വാദേ കേള്‍ക്കണമെന്നും അതുവരെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും രാജയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. മുമ്പ് ഇത്തരം കേസുകളില്‍ താല്‍ക്കാലിക സ്റ്റേ നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

എന്നാല്‍ രേഖകളില്‍ നിന്നും തെളിയുന്നത് രാജ ക്രൈസ്തവ മതം പിന്തുടരുന്നുവെന്നാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ക്രിസ്തുമതം പിന്തുടരുന്നില്ല എന്നത് തെളിയിക്കാന്‍ എന്തെങ്കിലും കയ്യിലുണ്ടോയെന്നും കോടതി ചോദിച്ചു. എ രാജയുടെ കുടുംബത്തിന് നല്‍കിയ പട്ടയത്തില്‍ ഇവര്‍ പരിവര്‍ത്തിത ക്രൈസ്തവരാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വ്യാജരേഖയുണ്ടാക്കാന്‍ രാജ ശ്രമിച്ചുവെന്നും ഹര്‍ജിക്കാരനായ ഡി കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചു. 

പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്ന ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചാണ് ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാനവാദം.

പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി എസ് ഐ പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും ഹ‍ർജിയിൽ കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.  രാജയുടെ വിവാഹം ക്രിസ്തീയ ആചാരപ്രകാരമാണ് നടന്നതെന്നും ഡി കുമാർ കോടതിയിൽ വ്യക്തമാക്കി. കുമാറിന്റെ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com