

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിതന്നെ സേവന ലഭ്യതയ്ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണം നല്‍കിയത്. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്ന് സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
രണ്ട് കമ്പനികള്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ സുതാര്യമായ ഒന്നാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം ബാങ്ക് മുഖേനയാണ് നടന്നിട്ടുള്ളത്. ഇങ്ങനെ നിയമാനുസൃതമായി രണ്ട് കമ്പനികള്‍ തമ്മില്‍ നടത്തിയ ഇടപാടിനെയാണ് മാസപ്പടിയെന്ന് ചിത്രീകരിച്ചത്. സിഎംആര്‍എല്‍ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുമ്പിലേക്ക് പോയത്.
ഈ വിഷയത്തില്‍ വീണയുടെ കമ്പനി കക്ഷിയേ അല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല. എന്നിട്ടും അവരെ ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് പുതുപ്പള്ളി ഇലക്ഷന്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെയുണ്ടായിട്ടുള്ളത്.
രാഷ്ട്രീയ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് നിയമാനുസൃതമായ ഏത് തൊഴിലും ചെയ്യുന്നതിന് മറ്റെല്ലാ പൗരന്മാര്‍ക്കുമെന്ന പോലെ അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് വീണയും കണ്‍സള്‍ട്ടിങ് കമ്പനി ആരംഭിച്ചത്. അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യവുമാണ്. യാതൊരു തെറ്റായ കാര്യങ്ങളും ഉണ്ടായിട്ടില്ലെന്ന് പണം നല്‍കിയ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
മുഖ്യമന്ത്രിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ല. ആദായ നികുതിയുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുമായിട്ടുണ്ടായ പ്രശ്നത്തെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. കുറച്ച് കാലങ്ങളായി കേന്ദ്ര ഗവണ്‍മെന്റും, അതിന്റെ വിവിധ ഏജന്‍സികളും രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിന് കുടുംബാംഗങ്ങള്‍ക്ക് നേരെ തിരിയുന്ന രീതി ഉയര്‍ന്നുവന്നിട്ടുണ്ട്.
കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്നതും, അല്ലാത്തതുമായ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുന്ന രീതി വലതുപക്ഷ മാധ്യമങ്ങള്‍ കേരളത്തില്‍ വികസിപ്പിച്ചിട്ട് കുറേക്കാലമായി. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഇത്തരക്കാര്‍ തയ്യാറാവാറുമില്ല. അതിന്റെ ഭാഗമെന്ന നിലയിലാണ് ഈ മാധ്യമ വാര്‍ത്തകളേയും വിലയിരുത്തേണ്ടത്.
കമലാ ഇന്റര്‍നാഷണല്‍, കൊട്ടാരം പോലുള്ള വീട്, ടെക്കനിക്കാലിയ, നൂറ് വട്ടം സിംഗപ്പൂര്‍ യാത്ര, കൈതോലപ്പായ ഇങ്ങനെയുള്ള നട്ടാല്‍പ്പൊടിക്കാത്ത നുണകളെല്ലാം പൊലിഞ്ഞുപോയ മണ്ണാണ് കേരളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ട് നടത്തിയ പ്രചരണങ്ങളും കാറ്റുപിടിക്കാതെ പോയി. അതിന്റെ തുടര്‍ച്ചയായിതന്നെ ഈ കള്ളക്കഥയും കാലത്തിന്റെ ചവറ്റുകൊട്ടയില്‍ തന്നെ സ്ഥാനം പിടിക്കുമെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates