

മലപ്പുറം: മലപ്പുറം തൂവ്വൂരില്‍ സുജിതയെ കൊലപ്പെടുത്തിയത് നാലുപേര്‍ ചേര്‍ന്നെന്ന് മലപ്പുറം എസ്പി സുജിത് ദാസ്. വിഷ്ണുവും രണ്ട് സഹോദരങ്ങളും സുഹൃത്ത് സഹദും ചേര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തുന്നത്. 11-ാം തീയതി രാവിലെയാണ് കൊലപാതകം നടന്നത്. വിഷ്ണുവിന്റെ വീട്ടില്‍ വെച്ചാണ് സുജിതയെ പ്രതികള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചു. ഇതിനു ശേഷം മൃതദേഹം കട്ടിലിന് അടിയില്‍ സൂക്ഷിച്ചു.
യുവതിയുടെ തിരോധാനത്തെത്തുടര്‍ന്ന് സംശയമുള്ളവരെയെല്ലാം പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അങ്ങനെയാണ് വിഷ്ണുവിനെയും നിരീക്ഷണത്തിലാക്കിയത്. ഇയാളുടെ കോണ്‍ടാക്ടുകള്‍ പരിശോധിച്ചതില്‍ നിന്നും യുവതിയുടെ ആഭരണങ്ങള്‍ ജുവലറിയില്‍ പണയം വെച്ചതായി സൂചന കിട്ടി. ഇതേത്തുടര്‍ന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിയുന്നത്.
കൊലപാതകം നടത്തിയശേഷം അന്ന് ഉച്ചയ്ക്ക് ജുവലറിയില്‍ പോയി വിഷ്ണു സുജിതയുടെ സ്വര്‍ണം പണയം വെക്കുകയും, പണം വീതം വെച്ച് കൂട്ടുപ്രതികള്‍ക്കെല്ലാം നല്‍കുകയും ചെയ്തു. തുടര്‍ന്ന് രാത്രി പ്രതികള്‍ ഒത്തുകൂടി വീടിനു സമീപത്തെ മാലിന്യക്കുഴി വിപുലീകരിച്ച് മൃതദേഹം മണ്ണിട്ടു മൂടി. ദുര്‍ഗന്ധം പുറത്തു വരാതിരിക്കാനായി പ്രതികള്‍ അവിടെ മെറ്റല്‍ പൊടിയും മറ്റും കൂട്ടിയിട്ടിരുന്നുവെന്ന് മലപ്പുറം എസ്പി പറഞ്ഞു.
തെളിവു നശിപ്പിക്കാൻ ദൃശ്യം മോഡൽ ശ്രമം
ദൃശ്യം മോഡലില്‍ വളരെ ആസൂത്രിതമായാണ് കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി യുവതിയെ കുഴിച്ചിട്ടതിന്റെ മുകളില്‍ ബാത്‌റൂം കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി ഹോളോബ്രിക്‌സ്, മെറ്റല്‍, എം സാന്‍ഡ് തുടങ്ങിയവ മൃതദേഹം കുഴിച്ചിട്ടതിന് മുകളില്‍ ഇറക്കിയിരുന്നു. ഗൂഢാലോചനയോടെ നടത്തിയ കൃത്യമാണ് ഇതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.
കൊലപാതകത്തിന് പിന്നിലെ മോട്ടീവ് എന്താണെന്ന് വിശദമായ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകൂ. പ്രാഥമികമായി മനസ്സിലായിട്ടുള്ളത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതു മാത്രമാണ്. രാവിലെ ജോലിക്ക് പോയ പ്രതികള്‍ ഹെല്‍ത്ത് സെന്ററില്‍ പോകുകയാണെന്ന് പറഞ്ഞാണ് ജോലി സ്ഥലത്തു നിന്നും ഇറങ്ങിയത്. തുടര്‍ന്ന് വിഷ്ണുവിന്റെ വീട്ടിലെത്തി.
വീട്ടില്‍ വെച്ച് വിഷ്ണുവും മറ്റു പ്രതികളും ചേര്‍ന്ന് യുവതിയെ ആക്രമിച്ചു. ശ്വാസം മുട്ടിച്ചു. ബോധം കെട്ടുവീണ സുജിതയെ കഴുത്തില്‍ കയറിട്ട് ജനലിലൂടെ വലിച്ചു മരണം ഉറപ്പാക്കിയെന്ന് എസ്പി പറഞ്ഞു. മൃതദേഹം കട്ടിലിന് അടിയില്‍ ഒളിപ്പിച്ചു. വിഷ്ണുവും രണ്ടു സഹോദരങ്ങളും സുഹൃത്തുമാണ് നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തത്.
അച്ഛന് എല്ലാം അറിയാം: എസ്പി
യുവതിയെ കൊലപ്പെടുത്തിയതും കട്ടിലിന് അടിയില്‍ ഒളിപ്പിച്ചതും കുഴിച്ചിട്ടതും അടക്കമുള്ള കാര്യങ്ങള്‍ വിഷ്ണുവിന്റെ അച്ഛന് അറിയാമായിരുന്നുവെന്നും മലപ്പുറം എസ്പി സുജിത് ദാസ് വ്യക്തമാക്കി. കേസില്‍ അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. വിഷ്ണുവിന്റെ ഇളയ സഹോദരനെതിരെ പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് ഉണ്ടെന്നും എസ്പി സുജിത് ദാസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം പിടിക്കപ്പെടില്ലെന്ന ശക്തമായ ബോധ്യത്തിലായിരുന്നു വിഷ്ണുവും മറ്റു പ്രതികളും. യുവതിയെ കാണാനില്ല എന്ന തരത്തിലുള്ള വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും, യുവതിയെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും വിഷ്ണു മുന്നിലുണ്ടായിരുന്നു. യുവതിയുടെ തിരോധാനത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും വിഷ്ണു അടക്കമുള്ളവര്‍ പ്ലാന്‍ ചെയ്തുവെന്നും എസ്പി സുജിത് ദാസ് പറഞ്ഞു.
വിഷ്ണു യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി
യൂത്ത് കോൺഗ്രസ് തുവ്വൂർ മണ്ഡലം സെക്രട്ടറിയാണ് കേസിൽ അറസ്റ്റിലായ വിഷ്ണു. സുജിതയുടെ തിരോധാനത്തിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയുമായ സുജിതയും പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ വിഷ്ണുവും അടുത്ത പരിചയക്കാരായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates