ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2023 07:01 AM  |  

Last Updated: 06th February 2023 07:01 AM  |   A+A-   |  

sexual assault, arrest

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. കേസില്‍ താലൂക്ക് ആശുപത്രി താല്‍ക്കാലിക ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം സ്വദേശി ദയാലാല്‍ ആണ് അറസ്റ്റിലായത്. 

വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കയ്പമംഗലം സ്വദേശിനിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. 

ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുമ്പോള്‍ ദയാലാല്‍ യുവതിയുടെ ബന്ധുവെന്ന വ്യാജേന ആംബുലന്‍സില്‍ കയറി. ആംബുലന്‍സില്‍ വെച്ചും, പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷവും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിക്ക് ബോധം വീണ്ടെടുത്തപ്പോള്‍, പീഡിപ്പിക്കാന്‍ ശ്രമിച്ച വിവരം നഴ്‌സിനെ അറിയിച്ചു. 

തുടര്‍ന്ന് നഴ്‌സ് വിവരം മെഡിക്കല്‍ കോളജ് പൊലീസ് അധികൃതരെ അറിയിച്ചു. ഇതിനിടെ പ്രതി ദയാലാല്‍ ഇവിടെ നിന്നും കടന്നുകളഞ്ഞിരുന്നു. ഇന്നലെ രാത്രിയോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

അടുത്ത വീട്ടിലെ ടയര്‍ കത്തിച്ചു; ഏഴു വയസ്സുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ചു, കണ്ണില്‍ മുളകുപൊടി വിതറി അമ്മയുടെ ക്രൂരത

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ