ഒളിവിൽ പോയ പ്രതിക്കെതിരായ കോടതി ഉത്തവ് നടപ്പാക്കിയില്ല; കമ്മിഷണർ നാഗരാജുവിനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2023 08:53 PM  |  

Last Updated: 08th February 2023 08:53 PM  |   A+A-   |  

nagaraju_city_police_commissioner

നാഗരാജു/ ചിത്രം: ഫേയ്സ്ബുക്ക്

 

തിരുവനന്തപുരം: ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിക്കെതിരായ കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിനെതിരെയാണ് കോടതി ഉത്തരവ് പ്രകാരം കേസെടുത്തത്. 

തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് ജഡ്ജി സനിൽകുമാറിന്റെതാണ് ഉത്തരവ്. സിറ്റി പൊലീസ് മേധാവി അടുത്ത മാസം ആറിന് നേരിട്ട് എത്തുകയോ വിശദീകരണം നൽകുകയോ വേണം. 2018 ൽ വട്ടിയൂർക്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ സഞ്ചിത്തിനെതിരായ കോടതി ഉത്തരവ് നടപ്പാക്കാതിരുന്നതാണ് കേസിന് ആധാരം. കോടതിയിൽനിന്നു ജാമ്യം എടുത്ത സഞ്ചിത് ഒളിവിൽ പോവുകയായിരുന്നു. 

പ്രതി സ്ഥലത്തു തന്നെ ഉണ്ടെന്നും പൊലീസ് അറസ്റ്റ് ചെയാൻ കൂട്ടാക്കുന്നില്ലെന്നും ജാമ്യക്കാരിൽനിന്നു മനസ്സിലാക്കിയ കോടതി, വട്ടിയൂർക്കാവ് പൊലീസ് മുഖേന വാറന്റ്  നടപ്പാക്കാൻ നിർദേശം നൽകി. എന്നാൽ പൊലീസ് വാറന്റ് നടപ്പാക്കിയില്ല. തുടർന്നു കോടതി സിറ്റി പൊലീസ് കമ്മിഷണറോടും നിർദേശിച്ചു. ഇതിനു കോടതിയിൽ കമ്മിഷണർക്കു പകരം വിശദീകരണം നൽകിയത് കന്റോൺമെന്റ് അസി.കമ്മിഷണർ ആയിരുന്നു. റിപ്പോർട്ടിൽ പ്രതിയെ പിടിക്കാത്തതിനു വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയില്ല. തുടർന്നാണ് കോടതി കേസ് റജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വെള്ളക്കരം അടയ്ക്കല്‍ ഓണ്‍ലൈനായി മാത്രം; ഉത്തരവ് പിന്‍വലിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ