കൊല്ലം കലക്ടറേറ്റില്‍ ഏഴിടത്ത് ബോംബ് വച്ചെന്ന് ഭീഷണിക്കത്ത്;  അമ്മയും മകനും അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 08:24 AM  |  

Last Updated: 09th February 2023 08:24 AM  |   A+A-   |  

kollam_collectorate

ഫയല്‍ ചിത്രം

 

കൊല്ലം: കൊല്ലം കലക്ടറേറ്റില്‍ ബോംബ് വച്ചതായി ഭീഷണിക്കത്ത് എഴുതിയ കേസില്‍ അമ്മയും മകനും അറസ്റ്റില്‍. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടില്‍നിന്ന് നിരവധി ഭീഷണിക്കത്തുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഫെബ്രുവരി മൂന്നിനാണ് ഭീഷണിക്കത്ത് ലഭിക്കുന്നത്. കൊല്ലം കലക്ടറേറ്റില്‍ ഏഴിടത്ത് ബോംബ് വച്ചിട്ടുണ്ടെന്നാണ് കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഷാജന്റെ വീട്ടില്‍ നിന്നും ഏഴ് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കണ്ടെത്തി. നിരവധി ഭീഷണിക്കത്തുകളും ഇയാള്‍ തയ്യാറാക്കി വച്ചിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. 

ഷാജന്റെ അമ്മയ്ക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്നും ഇവര്‍ക്കും ഭീഷണിക്കത്ത് അയച്ചതില്‍ പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. കൊച്ചുത്രേസ്യയുടെ മൊബൈല്‍ ഫോണില്‍ നിന്നും കളക്ട്രേറ്റിലേക്ക് അയച്ച കത്തിന്റെ ഫോട്ടോ പൊലീസ് കണ്ടെടുത്തു. 2016 ജൂണ്‍ 15ന് കലക്ടറേറ്റില്‍ സ്‌ഫോടനമുണ്ടായ പശ്ചാത്തലത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. 

എട്ടു കൊല്ലം മുമ്പ് വേളാങ്കണ്ണി പള്ളി ബോംബ് വച്ച് തകര്‍ക്കുമെന്ന് ഐസ്‌ഐസിന്റെ പേരില്‍ ഭീഷണിക്കത്തെഴുതിയ ആളാണ് ഷാജന്‍. അന്ന് പള്ളി വികാരിയോടുള്ള വിരോധമാണ് പ്രതി കത്തെഴുതാന്‍ കാരണം. ജെ പി എന്ന ചുരുക്ക നാമത്തിലായിരുന്നു ഇയാള്‍ ഭീഷണികത്തുകള്‍ അയച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; അനന്തു കൊലപാതകത്തില്‍ പ്രതി പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ