'നിങ്ങൾ എന്തൊക്കെ പ്രചരിപ്പിക്കുന്നു, അതുകൊണ്ട് ഞാൻ ഇല്ലാതായോ? എനിക്കെതിരെ ഒരു ആരോപണവും ആരും ഉന്നയിച്ചിട്ടില്ല'- ഇപി ജയരാജൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th February 2023 07:40 PM  |  

Last Updated: 11th February 2023 07:40 PM  |   A+A-   |  

ep

ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് ആവർത്തിച്ച് ഇപി ജയരാജൻ. റിസോർട്ട് വിവാദത്തിൽ ആരും തനിക്കെതിരെ ആരോപണം ഉന്നയിടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും പരിശോധിക്കാൻ പ്രാപ്തിയും കഴിവുമുള്ള പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം വ്യക്തമാക്കി. ആ ദൗത്യം പാർട്ടി നിർവഹിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. 

'എനിക്ക് നേരെ നിങ്ങൾ പറയുന്നത് പോലെ ഒരു ആരോപണവും ആരും എവിടെയും ഉന്നയിച്ചിട്ടില്ല. സാമ്പത്തികമായി തെറ്റായ നിലപാട് സ്വീകരിച്ചുവെന്ന് ആരും പറഞ്ഞിട്ടില്ല. ഇതെല്ലാം സൃഷ്ടിക്കുന്നു. പ്രചരിപ്പിക്കുന്നു. സൃഷ്ടിക്കട്ടെ പ്രചരിപ്പിക്കട്ടെ. അതുകൊണ്ടൊന്നും എനിക്കൊരു പോറലും എൽക്കില്ല. മടിയിൽ കനമുള്ളവനേ ഭയപ്പെടേണ്ടതുള്ളു. അതുകൊണ്ട് എനിക്ക് ഭയപ്പെടേണ്ട കാര്യമില്ല. ഞാൻ ശരിയായ നിലപാടേ സ്വീകരിക്കാറുള്ളു.' 

'ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട് ഞാൻ. നാടിന്റെ ക്ഷേമത്തിന് വേണ്ടി ഒട്ടനവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇനിയും ആ ദൗത്യം നിർവഹിച്ചു കൊണ്ടേ ഇരിക്കും. ഞാൻ പാർട്ടി സഖാക്കളെയാണ് ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത്. ആ പാർട്ടി സഖാക്കളാണ് എന്റെ കാവൽക്കാർ. എന്റെ സംരക്ഷകർ.'

'ഞങ്ങൾക്ക് വിവാദമില്ല. നിങ്ങൾ വിവാദമുണ്ടാക്കാൻ വാർത്തകൾ പ്രസിദ്ധീകരിച്ചു. അതാണുണ്ടായത്. നിങ്ങൾക്ക് വാർത്തകൾ തരുന്നവരോട് ചോദിച്ചു നോക്കു. എനിക്ക് നേരെ ഇന്ന് തുടങ്ങിയതല്ലല്ലോ. പണ്ട് തൃശൂർ ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്ത് ശോഭാ സിറ്റിയിൽ എനിക്ക് വീടുണ്ട്, ഫ്ലാറ്റുണ്ട് എന്ന് എഴുതിയവരല്ലേ. എന്താണ് പറയാതിരുന്നത്. എന്തൊക്കെ പറഞ്ഞിട്ടുണ്ട്. അതെല്ലാം നിങ്ങൾ എടുത്തു ഒന്നു പരിശോധിച്ചു നോക്കു. അതെല്ലാം പറഞ്ഞത് കൊണ്ട് ഞാൻ ഇല്ലാതായിട്ടില്ല. മാധ്യമങ്ങൾ വസ്തുതകൾ ആദ്യം മനസിലാക്കുക. വ്യക്തിഹത്യക്ക് വാർത്തകൾ സൃഷ്ടിക്കാതിരിക്കാൻ മാധ്യമ സു​ഹൃത്തുക്കൾ നല്ലതുപോലെ ജാ​ഗ്രത കാണിക്കുക.'

'നിങ്ങൾക്ക് വേണ്ടതെല്ലാം നിങ്ങൾ ഇന്നലെ എഴുതി പിടിപ്പിച്ചില്ലേ. ഉള്ളതും ഇല്ലാത്തതും എല്ലാം എഴുതി പിടിപ്പിച്ചില്ലേ. എനിക്ക് ഒരു പരാതിയുമില്ല. എന്നോട് ചോദിച്ചിട്ടല്ലല്ലോ ഇന്നലെ നിങ്ങൾ കാര്യം പറഞ്ഞത്. തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുക. തെറ്റായ രീതിയിൽ പ്രചാരണം നടത്തുക. ഇടതുപക്ഷ നേതാക്കളേയും ഇടതുപക്ഷ പ്രസ്താനങ്ങളേയും തകർക്കാൻ ഏത് വഴിയും സ്വീകരിക്കുക. ഇത് ചില മാധ്യമങ്ങൾ സ്വീകരിച്ചത് അങ്ങേയറ്റത്തെ തെറ്റായ സമീപനമാണ്.' 

'നിങ്ങൾക്ക് ഉള്ള വസ്തുതകൾ എഴുതാം. ഉള്ള വസ്തുതകൾ പറയുന്നതിലും തെറ്റില്ല. ശരിയാണ് അത്. എന്നാൽ ചെയ്തത് അതാണോ? ഇപ്പം നിങ്ങൾ എല്ലാവർക്കും ബോധ്യമായില്ലേ. പറഞ്ഞത് തെറ്റായിരുന്നു എന്ന്. ആരെങ്കിലും ഒരാൾ ക്ഷമാപണം നടത്തിയോ. തെറ്റായ വാർത്ത നൽകിയതിന്, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ആരെങ്കിലും ക്ഷമാപണം നടത്തിയോ. ഇല്ലല്ലോ. അതുകൊണ്ട് മാധ്യമ രം​ഗം കുറേക്കൂടി വസ്തുതാപരമായ കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കണം.' 

'എല്ലാ കാലത്തും ഇത്തരം പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. അതിന്റെ ഭാ​ഗമായി മാത്രമാണ് ഞാൻ ഇതിനെയും കാണുന്നത്. ഇത്തരം വാർത്തകൾ കൊണടുക്കുന്നത് കൊണ്ടു നിങ്ങളോട് എനിക്ക് ഒരു പരിഭവവും വിരോധവുമില്ല. എനിക്ക് സ്നേഹം മാത്രമേ എല്ലാവരോടും ഉള്ളു. ഇനിയും തെറ്റായ വാർത്തകൾ കൊടുക്കുന്നവരോടും വിദ്വേഷമോ വിരോധമോ ഇല്ല. അവരെയും ഞാൻ സ്നേ​ഹിക്കുന്നു'- ഇപി ജയരാജൻ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്ധന സെസ്; സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ