ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; ആള്‍ക്കൂട്ട മര്‍ദനത്തിന് തെളിവില്ലെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th February 2023 11:12 AM  |  

Last Updated: 12th February 2023 11:12 AM  |   A+A-   |  

men_suicide

ആത്മഹത്യ ചെയ്ത യുവാവ്‌

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആത്മഹത്യ ചെയ്ത ആദിവാസി യുവാവിനെതിരെ ആള്‍ക്കൂട്ട മര്‍ദ്ദനം നടന്നതിന് പ്രാഥമിക തെളിവുകള്‍ ഇല്ലെന്ന് പൊലീസ്. മൃതദേഹ പരിശോധനയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകളാണ് കണ്ടത്. യുവാവിന് മേല്‍ മോഷണ കുറ്റം ആരോപിച്ചെങ്കിലും പരാതിക്കാര്‍ ഇല്ലെന്ന് മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തില്‍, ഭാര്യക്കൊപ്പമെത്തിയ ആദിവാസി യുവാവിനെ ഇന്നലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെയത്. സംഭവത്തില്‍ ആരോപണവിധേയരായ സുരക്ഷാ ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. എന്നാല്‍ ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥന്‍ ജീവനൊടുക്കാന്‍ കാരണമായതെന്നാണ് കുടുബത്തിന്റെ ആരോപണം.
വിശ്വനാഥന്റെ സംസ്‌കാരം ഇന്ന് കല്‍പ്പറ്റ പറവയല്‍ കോളനിയിലെ വീട്ടുവളപ്പില്‍ നടക്കും. 

ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.15 മീറ്റര്‍ ഉയരമുള്ള മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പണവും മൊബൈല്‍ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്തതായും ഇല്ലാത്ത കുറ്റം ആരോപിച്ചതില്‍ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയില്‍ നിന്ന് കാണാതെ ആയതെന്നും വിശ്വനാഥന്റെ ഭാര്യ മാതാവ് ലീല പ്രതികരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുതിരവട്ടത്തു നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി; വേങ്ങരയിൽ ബസ് ഇറങ്ങിയപ്പോൾ പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ