‘മോ​ദിക്കൊപ്പം അദാനിയും വിദേശ യാത്ര ചെയ്യുന്നത് എങ്ങനെ? പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യം‘- രാഹുൽ ​ഗാന്ധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th February 2023 07:49 PM  |  

Last Updated: 13th February 2023 07:49 PM  |   A+A-   |  

rahul_gandhi

രാഹുൽ ​ഗാന്ധി/ ഫെയ്സ്ബുക്ക്

 

കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി അദാനിയുമായുള്ള ബന്ധം ആവർത്തിച്ച് രാഹുൽ ​ഗാന്ധി. വയനാട്ടിലെത്തിയ രാഹുൽ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന പൊതു യോ​ഗത്തിൽ സംസാരിക്കവേയാണ് ഇരുവരും തമ്മിലുള്ള ബന്ധം ആവർത്തിച്ചത്. പ്രധാനമന്ത്രിക്കൊപ്പം അദാനി വിദേശ യാത്ര ചെയ്യുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. 

‘പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാർലമെന്റിൽ ഞാൻ സൂചിപ്പിച്ചിരുന്നു. മോശമായി ഒന്നും പറഞ്ഞില്ല. സത്യമല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.‘ 

‘പ്രധാനമന്ത്രി വിദേശ യാത്ര ചെയ്യുമ്പോൾ അദാനി ഒപ്പം യാത്ര ചെയ്യുന്നത് എങ്ങനെ? അവിടെ അദാനി കരാറുകൾ ഒപ്പിടുന്നത് എങ്ങനെ? എന്റെ പ്രസംഗങ്ങൾ ഭൂരിഭാഗവും രേഖകളിൽ നിന്നു നീക്കം ചെയ്തു. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെ? പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനം.‘ 

‘പ്രസംഗങ്ങളിൽ പറഞ്ഞതിന് തെളിവ് വേണമെന്ന് പാർലമെന്റ് സെക്രട്ടി പറഞ്ഞു. എല്ലാം നൽകാമെന്ന് മറുപടി നൽകി. പ്രധാനമന്ത്രി എന്നെ വ്യക്തിപരമായി അപമാനിക്കുകയാണ്. എന്നാൽ താൻ അത് കാര്യമാക്കിയിട്ടില്ല, എന്തുകൊണ്ട് എന്റെ പേര് രാഹുൽ നെഹ്റു എന്നായില്ല പകരം രാഹുൽ ഗാന്ധി എന്നായി എന്ന് ചോദിച്ചു. ഇന്ത്യയിൽ പിതാവിന്റെ കുടുംബ പേരാണ് സാധാരണയായി ഉപയോഗിക്കാറുള്ളത് എന്ന് അദ്ദേഹത്തിനറിയാത്തതല്ല. മോദിയുടെ കൈയിൽ എല്ലാ ഏജൻസികളുമുണ്ടാകും. എന്നാൽ അദ്ദേഹത്തെ ഭയക്കുന്നില്ല. ഒരു ദിവസം മോദി സത്യത്തെ അഭിമുഖീകരിക്കേണ്ടി വരും‘– രാഹുൽ പറഞ്ഞു.

ബഫർ സോൺ വിഷയത്തിൽ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയ്ക്കിടെ കണ്ട എല്ലാ കർഷകരും അസംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

തിരുവനന്തപുരത്ത് സ്ത്രീയെ കടയ്ക്കുള്ളിലാക്കി തീയിട്ടു; പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ