'അന്ന് രാഷ്ട്രീയ മറയുണ്ടായിരുന്നു, ഇന്ന് അത് പൊട്ടിവീണു, സിപിഎം അര്‍ദ്ധ തീവ്രവാദ പാര്‍ട്ടി'; സി പി ജോണ്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 08:29 AM  |  

Last Updated: 19th February 2023 08:29 AM  |   A+A-   |  

c p john

സി പി ജോണ്‍, ഫോട്ടോ: എക്‌സ്പ്രസ്‌

 

തിരുവനന്തപുരം: സിപിഎം എല്ലാക്കാലത്തും അര്‍ദ്ധ തീവ്രവാദ പാര്‍ട്ടിയാണെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സി പി ജോണ്‍. കണ്ണൂര്‍ പാര്‍ട്ടി ഘടകമാണ് സിപിഎമ്മിന്റെ ശക്തി. അത് ഇപ്പോള്‍ ക്ഷയിച്ചിരിക്കുകയാണ്. സിപിഎം എക്കാലത്തും ഒരു അര്‍ദ്ധ തീവ്രവാദ പാര്‍ട്ടിയാണ്. എന്നാല്‍ അതിന് അന്ന് രാഷ്ട്രീയ മറയുണ്ടായിരുന്നു. ഇപ്പോള്‍ മൂടുപടം പൊട്ടിവീണു. സിപിഎം ഇപ്പോള്‍ ജീര്‍ണിച്ചു കൊണ്ടിരിക്കുകയാണെന്നും സി പി ജോണ്‍ വിമര്‍ശിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം ക്ഷയിക്കുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിഴവല്ല. സ്റ്റാലിനിസമാണ് ഇതിന് പ്രധാന കാരണം. ഉപകരണാധിഷ്ഠിത രാഷ്ട്രീയമാണ് എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും പരാജയത്തിന് കാരണമെന്നും സി പി ജോണ്‍ കുറ്റപ്പെടുത്തി.

യുഡിഎഫിന്റെ പോരായ്മകളാണ് തുടര്‍ച്ചയായി രണ്ടാം തവണയും എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത്. ഫലം വാക്കോവറാകുമെന്ന് കരുതിയാണ് ജോസ് കെ മാണിയെ കോണ്‍ഗ്രസ് വിട്ടതെന്നും  സി പി ജോണ്‍ പറഞ്ഞു.

ഭാവി മുന്നില്‍ കണ്ടുള്ള പിണറായി സര്‍ക്കാരിന്റെ പ്ലാനിങ്ങില്‍ പിഴവ് സംഭവിച്ചതായി സി പി ജോണ്‍ കുറ്റപ്പെടുത്തി. പദ്ധതി ചെലവിന്റെ ഭൂരിഭാഗവും കിഫ്ബിയിലേക്കാണ് പോകുന്നത്. കിഫ്ബി വഴിയുള്ള ചെലവഴിക്കല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാര്യമായി ബാധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി അടങ്കലില്‍ ഒരു വര്‍ധനയുമില്ല. സമാനമായ സ്ഥിതിവിശേഷമാണ് പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമത്തിന്റെ കാര്യത്തിലും. ഇതാണോ ഇടതുപക്ഷ മോഡല്‍ വികസനമെന്നും സി പി ജോണ്‍ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: കുട്ടിയുടെ ദത്ത് നടപടി നിര്‍ത്തിവെച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ