കൃഷിപഠിക്കാൻ പോയ സംഘം തിരിച്ചെത്തി; ബിജുവിനെ കണ്ടെത്താൻ ഇസ്രയേൽ ഇന്റലിജൻസ് തിരച്ചിൽ

മേയ് 8 വരെ വീസയ്ക്ക് കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും
കാണാതായ ബിജു കുര്യൻ
കാണാതായ ബിജു കുര്യൻ

തിരുവനന്തപുരം; ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ സംസ്ഥാനത്തു നിന്നു പോയ സംഘം തിരിച്ചെത്തി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിനു ശേഷമാണ് തിരിച്ചെത്തുന്നത്. സംഘത്തിലുണ്ടായിരുന്ന ബിജു കുര്യനെപ്പറ്റി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. 

27 അം​ഗ സംഘത്തിലുണ്ടായിരുന്ന കണ്ണൂർ ഇരിട്ടി ഉളിക്കൽ സ്വദേശിയായ ബിജു അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു.  ഇയാൾക്കു വേണ്ടി ഇസ്രയേൽ ഇന്റലിജൻസ് തിരച്ചിൽ തുടരുകയാണ്. ബിജുവിന്റെ വിരലടയാളം ഇസ്രയേൽ പൊലീസിനു ലഭിച്ചിട്ടുണ്ട്.  മേയ് 8 വരെ വീസയ്ക്ക് കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും. 

കഴിഞ്ഞ 12 നാണ് ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ കർഷകർ ഉൾപ്പടെയുള്ള സംഘം സംസ്ഥാനത്തു നിന്നു പുറപ്പെട്ടത്. 17ന് രാത്രി മുതൽ ബിജുവിനെ ഇസ്രയേലിലെ ഹെർ‍സ് ലിയ‍യിലെ ഹോട്ടലിൽ നിന്ന് കാണാതാവുകയായിരുന്നു. ബിജുവിനെ കാണാതായതിനെ തുടര്‍ന്ന് സംഘം ഇസ്രയേല്‍ പൊലീസിലും ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി. അതിനിടെ താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജുകുര്യൻ 16നു ഭാര്യയ്ക്കു വാട്സാപ്പിൽ ശബ്ദസന്ദേശം അയച്ചിരുന്നതായി സഹോദരൻ ബെന്നി പറഞ്ഞു. 

ബിജു ആസൃത്രിത നീക്കമായിരുന്നു എന്നാണ് കൃഷി മന്ത്രി പറഞ്ഞത്. വിദേശരാജ്യത്തെ കേസ് ആയതിനാൽ വിദഗ്ധരുമായി ആലോചിച്ചശേഷമാകും നിയമനടപടിയിലേക്കു കടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10 വർഷത്തിലേറെ കൃഷിപരിചയവും ഒരു ഏക്കറിനു മുകളിൽ കൃഷിഭൂമിയും ഉള്ള, 50 വയസ്സ് പൂർത്തിയാകാത്ത കർഷകരിൽ നിന്നുള്ള അപേക്ഷ സ്വീകരിച്ചാണു ബിജുവിനെ സംഘത്തിൽ ഉൾപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com