കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ കാണാനെത്തിയ ഷാഫി പറമ്പില്‍ എംഎല്‍എയെ പൊലീസ് കയ്യേറ്റം ചെയ്തു; പരാതി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2023 07:17 PM  |  

Last Updated: 21st February 2023 07:19 PM  |   A+A-   |  

shafi_parambil

വീഡിയോ സ്‌ക്രീന്‍ഷോട്ട്


കൊച്ചി: കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനുനേരെ ലാത്തിചാര്‍ജ് ഉണ്ടായതിനു പിന്നാലെ ഷാഫി പറമ്പില്‍ എംഎല്‍എയെ പൊലീസ് കയ്യേറ്റം ചെയ്തതായി പരാതി. പ്രശ്നത്തില്‍ ഇടപെടാനെത്തിയ തന്നെ പൊലീസ് നെഞ്ചില്‍ പിടിച്ച് തള്ളിയതായും ലാത്തികൊണ്ട് കുത്തിയതായും ഷാഫി പറമ്പില്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും യൂത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.

ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന നികുതി പിന്‍വലിക്കുക, മുഖ്യമന്ത്രിയ്ക്ക് എതിരായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. 

തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറെ ഒരു പ്രവര്‍ത്തകന്‍ തോളില്‍ പിടിച്ചുവലിച്ചു. ഇയാളെ പിടികൂടാന്‍ പൊലീസ് എത്തിയതോടെ സംഘര്‍ഷാവസ്ഥയായി. പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ടുതല്ലി. പലരെയും കസ്റ്റഡിയിലെടുത്തു. നേരത്തേ തീരുമാനിച്ചുറപ്പിച്ചത് പോലെയായിരുന്നു പൊലീസിന്റെ അതിക്രമമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. 

പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ഷാഫി പറമ്പിലിനെ പോലീസ് കയ്യേറ്റം ചെയ്തത് എന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായെത്തി. ഹൈബി ഈഡന്‍ എംപിയും ഉമാ തോമസ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ഒടുവില്‍ കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയച്ചു. നേരത്തേ, ആലുവയിലും അങ്കമാലിയിലും യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചിരുന്നു. ഇത് പൊലീസിന് തടയാനായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി കടുപ്പിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ ജനോപകാര പദ്ധതികള്‍ക്ക് ചിലര്‍ തുരുങ്കം വയ്ക്കുന്നു; മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ