ആശങ്കയുടെ ആകാശത്തു നിന്നും സുരക്ഷിത ലാന്‍ഡിങ്; എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ഇറക്കി

By സമകാലിക മലയാളം ഡെസ്ക്  |   Published: 24th February 2023 12:46 PM  |  

Last Updated: 24th February 2023 12:46 PM  |   A+A-   |  

air_india flight new

വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്/ ടിവി ദൃശ്യം

 


തിരുവന്തപുരം: കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 385 എന്ന വിമാനമാണ് തിരുവനന്തപുരത്ത് ഇറക്കിയത്. വിമാനത്തിൽ 176 യാത്രക്കാരും 6 ജീവനക്കാരും ഉൾപ്പെടെ 182 പേരാണ് ഉണ്ടായിരുന്നത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിനായി ഫയര്‍ഫോഴ്‌സ്, പൊലീസ്, ആരോഗ്യവകുപ്പ്, ആംബുലന്‍സ് തുടങ്ങിയ സന്നാഹങ്ങളെല്ലാം എയര്‍പോര്‍ട്ടില്‍ സജ്ജമാക്കിയിരുന്നു. വിമാനം ഇറക്കുന്നതിന് മുമ്പായി വിമാനത്താവളത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. 

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 9.45ന് ദമാമിലേക്കു പറന്നുയര്‍ന്നതായിരുന്നു എയര്‍ ഇന്ത്യ വിമാനം. വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ പിൻഭാഗം താഴെ ഉരസിയിരുന്നു. ഹൈഡ്രോളിക് ഗിയറിന്റെ തകരാറാണോ എന്ന് സംശയമുണ്ടായി. തുടർന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിങ് തീരുമാനിക്കുകയുമായിരുന്നു. 

കൊച്ചിയിൽ ലാൻഡ് ചെയ്യാനാണ് ആദ്യം ആലോചിച്ചത്. കൊച്ചിയിൽ വിമാനം വട്ടമിട്ടു പറന്നെങ്കിലും അടിയന്തര ലാൻഡിങ് നടന്നില്ല. തുടർന്ന് കൂടുതൽ സുരക്ഷിതമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിങ്ങിന് നിർദേശിക്കുകയായിരുന്നു. അപകടസാധ്യത ഒഴിവാക്കാൻ കോവളം ഭാഗത്ത് ആകാശത്ത് വട്ടമിട്ട് പറന്ന്‌ ഇന്ധനം കടലിലൊഴുക്കിയ ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സിപിഎം ജാഥയില്‍ പങ്കെടുക്കാത്ത ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍; ഒപ്പം കെ വി തോമസും, വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ