കോട്ടയത്ത് വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു, ഭർത്താവും മകനും പരുക്കുകളോടെ ആശുപത്രിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2023 07:02 AM  |  

Last Updated: 24th February 2023 07:02 AM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം

 

കോട്ടയം; കോട്ടയം മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. പരുക്കുകളോടെ ഭർത്താവ് സെൽവരാജനെയും (76) മകൻ വിനീഷിനെയും (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലുള്ള വീട്ടിലാണ് രാത്രി 12.30ന് തീപടർന്നത്. വീടിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. മുകൾനിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തിയശേഷം മുകൾനിലയിൽനിന്ന് താഴേക്കു ചാടിയത്. ഇതിനിടെയാണ് വിനീഷിന് പരുക്കേറ്റത് താഴത്തെ നിലയിൽ ഉണ്ടായിരുന്ന സെൽവരാജനെയും രാജത്തെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു പുറത്തെത്തിച്ചു. വിഷപ്പുക ശ്വസിച്ചതു രാജത്തിന്റെ നില ഗുരുതരമാക്കിയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടവിവരം അറിഞ്ഞ് കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിനു സമീപത്തേക്ക് എത്താതിരുന്നതിനാൽ ഒരു കിലോമീറ്റർ നടന്നാണ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയത്. ഈ സമയം നാട്ടുകാർ കിണറ്റിൽനിന്നു വെള്ളം കോരി രക്ഷാപ്രവർത്തനം നടത്തി. കിണറിന്റെ മോട്ടർ ഉൾപ്പെടെ കത്തിപ്പോയതും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. താഴത്തെ നില പൂർണമായും നശിച്ച നിലയിലാണ്. വീടു മുഴുവൻ കനത്ത പുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ വിവാഹാഭ്യർഥന നിരസിച്ചു; പെൺകുട്ടിയുടെ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി; അറസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ