കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തമിഴ്നാട്ടിലെ പള്ളിയിൽ; കുടുംബത്തെ ഫോൺ വിളിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th February 2023 07:36 PM |
Last Updated: 25th February 2023 07:36 PM | A+A A- |

കാണാതായ മുഹമ്മദ് ബഷീർ
കോട്ടയം; കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ബഷീറിനെ കണ്ടെത്തി. തമിഴ്‌നാട് ഏര്‍വാടി പള്ളിയിലുള്ളതായാണ് വിവരം. ബഷീര്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്ന് ബഷീര്‍ അറിയിച്ചതായും പൊലീസ് വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെ മുതലാണ് സിവില്‍ പൊലീസ് ഓഫീസര്‍ ബഷീറിനെ കാണാതായത്. വാറണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാനായി പുലര്‍ച്ചെ അഞ്ച് മണിക്ക് സ്റ്റേഷനില്‍ എത്താന്‍ സഹപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം എത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് അദ്ദേഹത്തിന്റെ ക്വാട്ടേഴ്‌സില്‍ ചെന്നുനോക്കിയപ്പോള്‍ രാവിലെ ഇറങ്ങിയതായി ഭാര്യ അറിയിച്ചു. വീണ്ടും ഫോണ്‍ വിളിച്ചപ്പോഴാണ് വീടിനകത്ത് നിന്ന് ഫോണ്‍ റിങ് ചെയ്യുന്നത് ശ്രദ്ധയിപ്പെട്ടത്. പഴ്‌സും വീട്ടിനകത്ത് കണ്ടെത്തിയതോടെയാണ് ഇയാളെ കാണാനില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
കഴിഞ്ഞ കുറച്ചുദിവസമായി തൊഴില്‍പരമായുള്ള സമ്മര്‍ദം കാരണം വലിയ മനോവിഷമത്തിലായിരുന്നു ബഷീര്‍ എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ലോങ് പെന്‍ഡിങ്ങായി കിടക്കുന്ന അന്‍പതോളം വാറണ്ടുകള്‍ നടപ്പാക്കേണ്ട ചുമതല ബഷീറിനുണ്ടായിരുന്നു. അതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് മേല്‍ ഉദ്യോഗസ്ഥര്‍ ബഷീറിനെ കഴിഞ്ഞ ദിവസം ശാസിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി; അംഗണവാടി വിദ്യാര്‍ഥി മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ