സിപിഎം മതത്തിന് എതിരല്ല; വിശ്വാസവിരുദ്ധമായ ഒന്നും പാര്‍ട്ടി ചെയ്യില്ല: എം വി ഗോവിന്ദന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2023 11:56 AM  |  

Last Updated: 01st January 2023 11:59 AM  |   A+A-   |  

mv_govindan

എം വി ഗോവിന്ദന്‍/ ഫയല്‍

 

തിരുവനന്തപുരം: സിപിഎം മതത്തിന് എതിരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മറിച്ചുള്ളത് തെറ്റായ കാഴ്ചപ്പാട്. മതസ്വാതന്ത്ര്യം സംരക്ഷിക്കണം എന്നാണ് സിപിഎം നിലപാട്. വിശ്വാസവിരുദ്ധമായ ഒന്നും പാര്‍ട്ടി ചെയ്യില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു പാര്‍ട്ടി സെക്രട്ടറി. ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാരിനില്ല. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ആര്‍ക്കും ആശങ്കയും വേണ്ട. മതവിരുദ്ധമായ ഒന്നും ഉണ്ടാകില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

ജനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു പദ്ധതിയും പരിപാടിയും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, പാര്‍ട്ടിയും ഉദ്ദേശിക്കുന്നില്ല. മതത്തിനോ വിശ്വാസത്തിനോ എതിരായി യുക്തിവാദ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടു പോകുക എന്നതല്ല സര്‍ക്കാരിന്റെ സമീപനം. ജനങ്ങളെ മുഖവിലയ്‌ക്കെടുത്തു കൊണ്ടാണ് പ്രവര്‍ത്തിക്കുക. 

സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനം ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ല, മറിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയാണ് സര്‍ക്കാരും പാര്‍ട്ടിയും മുന്നോട്ടുപോകുക. 

അതിന് ആവശ്യമായ പശ്ചാത്തലം ഒരുക്കുക കൂടിയാണ് സിപിഎം നേതാക്കളുടെ ഗൃഹസന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പ് 2024 ലല്ലേ നടക്കുക. തെരഞ്ഞെടുപ്പിനെ നേരിടുന്നത് എല്‍ഡിഎഫ് എന്ന നിലയ്ക്കാണ്. ഗൃഹസന്ദര്‍ശനം നടത്തുന്നത് സിപിഎം എന്ന നിലയ്ക്കാണെന്നും ഗോവിന്ദന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളിക്കളയാനാകില്ല'; സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ