ബസിൽ കുഴഞ്ഞു വീണു; ട്രിപ്പ് റദ്ദാക്കി കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും; സമയോചിത ഇടപെടലിൽ യുവതിക്ക് പുതുജീവൻ

ബസ് ആറ്റിങ്ങല്‍ കഴിഞ്ഞപ്പോള്‍ യുവതി തല ബസിനു പുറത്തേക്കിടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കുഴഞ്ഞു വീണ യുവതിക്ക് കെഎസ്ആർടിസി ബസ് കണ്ടക്ടറുടേയും ഡ്രൈവറുടേയും സമയോചിത ഇടപെടൽ നൽകിയത് പുതു ജീവൻ. തിരുവനന്തപുരത്തു നിന്ന് കരുനാ​ഗപ്പള്ളിയിലേക്കുള്ള യാത്രക്കിടെയാണ് യുവതി കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണത്. 

തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ യാത്രക്കാരിയായ ചാത്തന്നൂര്‍ സ്വദേശിയും ഐഎസ്ആര്‍ഒ ജീവനക്കാരിവുമായ ബബിത (34)യാണ് കുഴഞ്ഞു വീണത്. ഈ ബസിലെ കണ്ടക്ടര്‍ ഷാജിയും ഡ്രൈവര്‍ സുനില്‍ കുമാറുമാണ് ട്രിപ്പ് പോലും വേണ്ടെന്നുവെച്ച് ഇവരെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുത്തത്.

ബസ് ആറ്റിങ്ങല്‍ കഴിഞ്ഞപ്പോള്‍ യുവതി തല ബസിനു പുറത്തേക്കിടുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മറ്റ് യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ സീറ്റില്‍ നേരെ ഇരുത്തി. പിന്നീട് ഇവര്‍ സീറ്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

അപ്പോഴേക്കും ബസ് സമീപത്തെ ഒരു സ്വകാര്യ ആശുപത്രി പിന്നിട്ട് കല്ലമ്പലത്ത് എത്താറായിരുന്നു. അവിടെ നിന്ന് ഡ്രൈവറുടെയും കണ്ടക്ടറുടെയും തീരുമാനപ്രകാരം ബസ് തിരിച്ച് വീണ്ടും കെടിസിടി ആശുപത്രിയില്‍ എത്തി. തുടര്‍ന്ന് യുവതിയെ ഉടന്‍തന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ആശുപത്രി മാനേജ്‌മെന്റ് ജീവനക്കാരും യുവതിക്ക് അടിയന്തര ചികിത്സ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.

ബസിലെ അത്യാവശ്യ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ട് കണ്ടക്ടര്‍ ഷാജിയും ഡ്രൈവര്‍ സുനില്‍ കുമാറും ആശുപത്രിയില്‍ത്തന്നെ തുടര്‍ന്നു. യുവതി അപകടനില തരണം ചെയ്തതിനു ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് പോയത്. ബസിലെ മറ്റു യാത്രക്കാരുടെ സഹകരണവും ഇവര്‍ക്ക് ലഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com