മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ ബാധ്യസ്ഥന്‍; തന്റെ നിലപാട് അറിയിച്ചു: ഗവര്‍ണര്‍

താന്‍ നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സത്യപ്രതിജ്ഞ നാളെ നടക്കും. വിഷയത്തിന്റെ തന്റെ അഭിപ്രായം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 

മന്ത്രിയെ തീരുമാനിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം ഗവര്‍ണര്‍ക്ക് അംഗീകരിക്കേണ്ടി വരുമെന്ന് കഴിഞ്ഞദിവസം തന്നെ താന്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ സജി ചെറിയാന്‍ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. അദ്ദേഹം ആദ്യമായി മന്ത്രിസഭയിലേക്ക് എത്തുന്ന ആളല്ല.

അദ്ദേഹത്തെ മന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലടക്കം നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  ഈ പശ്ചാത്തലത്തില്‍ നിരവധി വിദഗ്ധരോട് നിയമോപദേശം തേടി. ഇതനുസരിച്ച് നിയമോപദേശം തനിക്ക് ലഭിച്ചിരുന്നു. എങ്കിലും മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കുകയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. 

നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല: സജി ചെറിയാന്‍ 

അതേസമയം താന്‍ നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. ധാര്‍മ്മികതയുടെ പേരിലാണ് രാജിവെച്ചത്. അധികാരത്തില്‍ കടിച്ചുതൂങ്ങിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. തന്റെ പേരില്‍ കേസുകളൊന്നും തന്നെയില്ല. കോടതിയില്‍ പരാതികള്‍ നിലനില്‍ക്കില്ല.

ആര്‍ക്കു വേണമെങ്കിലും കോടതിയെ സമീപിക്കാവുന്നതാണ്. അതിന് അവര്‍ക്ക് അവകാശമുണ്ട്. അതിനെ തെറ്റുപറയുന്നില്ല. അതേസമയം തനിക്കെതിരായ പരാതിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശദമായി വാദംകേട്ട് തള്ളിയതാണ്. നിയമവിരുദ്ധമാണെങ്കില്‍ തനിക്ക് എംഎല്‍എയായി തുടരാനാകുമായിരുന്നോ എന്നും സജി ചെറിയാന്‍ ചോദിച്ചു. 

മാധ്യമങ്ങള്‍ ഇനിയെങ്കിലും പോസിറ്റീവ് ആയി കാണണം. ചെയ്ത ഉപകാരങ്ങള്‍ക്ക് നന്ദി. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താന്‍ ഇനിയും ഇവിടെത്തന്നെ കാണും. സത്യപ്രതിജ്ഞയ്ക്ക് തനിക്ക് ഇതേവരെ ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ ഭരണഘടനയെ അവഹേളിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com