ഗുണ്ടാ മാഫിയാ ബന്ധം: പൊലീസുകാര്‍ക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര വകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2023 12:06 PM  |  

Last Updated: 17th January 2023 12:06 PM  |   A+A-   |  

police headquarters

കേരള പൊലീസ് ആസ്ഥാനം/ ഫയല്‍

 

തിരുവനന്തപുരം: ഗുണ്ടാ ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്. ഗുണ്ടാ ബന്ധമുള്ള ഡിവൈഎസ്പിമാര്‍ക്കെതിരെ നടപടി ശുപാര്‍ശ ഡിജിപി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു ഡിവൈഎസ്പിമാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടായേക്കും. ഗുണ്ടാ ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും. 

പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തില്‍ പൊലീസ് ആസ്ഥാനത്തോട് റിപ്പോര്‍ട്ട്  ആവശ്യപ്പെട്ടിരുന്നു.

ഗുണ്ടാ-മാഫിയാ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റുമെന്നാണ് സൂചന. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജീഷിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം ഗുണ്ടാ വിളയാട്ടം ശക്തമായിരുന്നു. തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലും വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം നാലു സിഐമാര്‍ക്കും ഒരു എസ്‌ഐക്കുമെതിരെ നടപടിയെടുത്തിരുന്നു. 

പൊലീസുകാരുടെ ഗുണ്ട-റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാനത്ത് 160 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സ്ഥലംമാറ്റമുണ്ടാകും. പ്രവര്‍ത്തന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാകും സ്ഥലംമാറ്റം. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റുപോയി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ