പാലാ നഗരസഭയുടെ പുതിയ ചെയര്‍മാനെ ഇന്ന് പ്രഖ്യാപിക്കും; സിപിഎം സ്വതന്ത്രരില്‍ ഒരാള്‍ക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 06:23 AM  |  

Last Updated: 18th January 2023 06:23 AM  |   A+A-   |  

pala_municipality

ഫയല്‍ ചിത്രം

 

കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയര്‍മാനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് ഉച്ചയോടെ തീരുമാനം ഉണ്ടായേക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം സൂചിപ്പിച്ചു. സിപിഎം സ്വതന്ത്രരില്‍ ഒരാള്‍ക്ക് നറുക്ക് വീണേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സിപിഎം നിശ്ചയിച്ച ബിനു പുളിക്കകണ്ടത്തെ അധ്യക്ഷനാക്കുന്നതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് (എം) രംഗത്തെത്തിയതോടെയാണ് ഇടതുമുന്നണിയില്‍ പ്രതിസന്ധി ഉടലെടുത്തത്. ബിനു ഒഴികെ ആരെയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് അംഗീകരിക്കാമെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. 

നഗരസഭ രൂപീകരിച്ചശേഷം ഇതാദ്യമായാണ് പാലാ മുനിസിപ്പാലിറ്റിയില്‍ ഇടതുപക്ഷം ഭരണം പിടിക്കുന്നത്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലെത്തിയതോടെയാണ് ഇതിന് സാധിച്ചത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 26 വാര്‍ഡില്‍ മത്സരിച്ച 13 ല്‍ 11 ലും കേരള കോണ്‍ഗ്രസ് എം വിജയിച്ചിരുന്നു.

സിപിഎം നാല്, സിപിഐ1, എന്‍സിപി1, കോണ്‍ഗ്രസ്5, കേരള കോണ്‍ഗ്രസ് ജോസഫ് 3, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കേരള കോണ്‍ഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറേക്കര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

മുന്നണിയിലെ ധാരണ പ്രകാരം കഴിഞ്ഞദിവസം ആന്റോ ജോസ് രാജിവെച്ചിരുന്നു.  ഇതേത്തുടര്‍ന്ന് സിപിഎം കൗണ്‍സിലറായ ബിനുവിനെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാല നഗരസഭയില്‍ നടന്ന കൂട്ടത്തല്ലില്‍, കേരള കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചതിന് ബിനുവിനെതിരെ കേസുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ടൈറ്റാനിയം ജോലി തട്ടിപ്പ്: സിഐടിയു നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ