നഴ്‌സുമാരുടെ വേതനം മൂന്നുമാസത്തിനകം പുനഃപരിശോധിക്കണം; സര്‍ക്കാരിനോട് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2023 03:46 PM  |  

Last Updated: 23rd January 2023 03:46 PM  |   A+A-   |  

High court

ഹൈക്കോടതി

 

കൊച്ചി: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച് ഹൈക്കോടതി. 2018ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം മൂന്ന് മാസത്തിനകം പരിശോധിക്കാനാണ് ഉത്തരവ്. നഴ്‌സുമാരുടെയും ആശുപത്രി ഉടമകളുടെയും അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷമാകണം വേതനകാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. 

വന്‍സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പിന്നാലെയാണ് 2018ല്‍ നഴ്‌സുമാരുടെ മിനിമം വേതനം സര്‍ക്കാര്‍ നിശ്ചയിച്ചത്. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ മിനിമം വേതനം 20,000 രൂപയായും പരമാവധി 30,000 രൂപയുമായാണ് അന്ന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നത്. ഇതിനോട് ഇരുവിഭാഗങ്ങളും യോജിച്ചിരുന്നില്ല. തുടര്‍ന്ന് മാനേജ്‌മെന്റും നഴ്‌സുമാരും വ്യത്യസ്ത ഹര്‍ജികളുമായി കോടതിയെ സമീപിച്ചിരുന്നു.

നിലവില്‍ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നഴ്‌സുമാര്‍ വീണ്ടും സമരവുമായി രംഗത്തുവന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ ഒരു നഴ്‌സിന്റെ അടിസ്ഥാന ശമ്പളം 39,300 രൂപയാണെന്നും ഈ കണക്കിലേക്ക് സ്വകാര്യ മേഖലയിലെ നഴ്‌സുമാരെ കൂടി ഉയര്‍ത്തണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ തങ്ങളുമായി ആലോചിക്കാതെയാണ് സര്‍ക്കാര്‍ മിനിമം വേതനം നിശ്ചയിച്ചതെന്നാണ് മാനേജ്‌മെന്റുകളുടെ ഹര്‍ജിയില്‍ പറയുന്നത്.  ഇതേതുടര്‍ന്നാണ് ഇരുവിഭാഗങ്ങളുമായി കൂടിയാലോചിച്ച് മൂന്നു മാസത്തിനകം മിനിമം വേതനം പുതുക്കി നിശ്ചയിക്കാന്‍ കോടതിയുടെ ഉത്തരവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമരങ്ങളില്‍ നിന്ന് പിന്‍മാറില്ല;  അറസ്റ്റ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം; പികെ ഫിറോസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ