കനത്ത മഴ: എറണാകുളം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 03rd July 2023 09:12 PM  |  

Last Updated: 03rd July 2023 09:12 PM  |   A+A-   |  

rain_1

ഫയല്‍ ചിത്രം

 

കൊച്ചി: കനത്ത മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

നാളെ എറണാകുളം, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ പ്രവചിച്ചതോടെ, ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ കേരളത്തീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തിയും തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തും സമീപ്രദേശങ്ങളിലും ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപക മഴയാണ് പ്രവചിക്കുന്നത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനോട് സഹകരിക്കേണ്ടതാണെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.

ബുധനാഴ്ച കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ഒഴികെ 12 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അന്നേ ദിവസം മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ കൊല്ലത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. വ്യാഴാഴ്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കും എന്നതാണ് റെഡ് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ കാസർക്കോട് മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ