'സുധാകരന്റെ പേരു പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും അനുഭവിക്കും'; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് മോന്‍സന്‍ കോടതിയില്‍

പീഡനസമയത്ത് വീട്ടില്‍ കെ സുധാകരനും ഉണ്ടെന്ന് മൊഴി നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവെന്ന് അഭിഭാഷകന്‍ പറഞ്ഞു
മോൻസൻ, കെ സുധാകരൻ / ഫയൽ
മോൻസൻ, കെ സുധാകരൻ / ഫയൽ

കൊച്ചി: കെ സുധാകരനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘം സമ്മര്‍ദ്ദം ചെലുത്തിയെന്ന് മോന്‍സന്‍ മാവുങ്കല്‍. സുധാകരനെതിരെ പറഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ഭീഷണിപ്പെടുത്തി. അനൂപില്‍ നിന്നും 25 ലക്ഷം വാങ്ങിയത് സുധാകരന് നല്‍കാനാണെന്ന് പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചുവെന്നും മോന്‍സന്‍ കോടതിയെ അറിയിച്ചു. 

പോക്‌സോ കേസില്‍ വിധി പറഞ്ഞശേഷമാണ് ഇത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. പോക്‌സോ കേസില്‍ പീഡനസമയത്ത് വീട്ടില്‍ കെ സുധാകരനും ഉണ്ടെന്ന് മൊഴി നല്‍കണമെന്ന് മോന്‍സനോട് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടുവെന്നും മോന്‍സന്റെ അഭിഭാഷകന്‍ പറഞ്ഞു. 

വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മോന്‍സന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. നീ രാജാവിനെപ്പോലെയല്ലേ കഴിഞ്ഞിരുന്നത്, രാജാവ് തോറ്റു കഴിഞ്ഞാല്‍ രാജാവിന്റെ ഭാര്യയെയും മക്കളെയും ജയിച്ചയാള്‍ അടിമയാക്കും. അത്തരത്തില്‍ പൊലീസ് പറഞ്ഞതായും മോന്‍സന്‍ കോടതിയോട് പറഞ്ഞു. 

ജയില്‍ സൂപ്രണ്ട് വഴി രേഖാമൂലം പരാതി നല്‍കാന്‍ കോടതി മോന്‍സനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചു.  മോന്‍സനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കോ മറ്റോ കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടത്. കോടതി പ്രോസിക്യൂട്ടര്‍ വഴി ഇടപെട്ടതുകൊണ്ട് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിന് സമീപത്തുള്ള പെട്രോൾ പമ്പിനടുത്തു വെച്ച് മോന്‍സനെ ഉപേക്ഷിച്ചു

കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്ക് ഭക്ഷണം നല്‍കി. 'ഇവനു ഭക്ഷണം നല്‍കേണ്ട, നിങ്ങളു കഴിച്ചതിന്റെ ബാക്കി ഉണ്ടെങ്കില്‍ ആ എച്ചില്‍ കൊടുത്താല്‍ മതി ഈ പട്ടിക്ക്' എന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞുവെന്നും മോന്‍സന്‍ കോടതിയെ അറിയിച്ചുവെന്ന് അഭിഭാഷകന്‍ ശ്രീജിത്ത് പറഞ്ഞു. 

പുരാവസ്തുക്കേസിലും പോക്‌സോ കേസിലും കെ സുധാകരനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍, തന്റെ കുടുംബാംഗങ്ങൾ പ്രത്യാഘാതം അനുഭവിക്കുമെന്ന ഭീഷണിയാണുള്ളതെന്നും മോന്‍സന്‍ കോടതിയില്‍ വ്യക്തമാക്കി. നേരത്തെ മോന്‍സന്‍ മാവുങ്കലിനെ പോക്‌സോ കേസില്‍ ശിക്ഷിച്ചിരുന്നു. ഈ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായ ശേഷവും പീഡിപ്പിച്ചു എന്ന കേസിലാണ് വിചാരണ നടപടികള്‍ തുടങ്ങിയത്. കേസ് ഈ മാസം 19 ലേക്ക് കോടതി മാറ്റിവെച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com