മോദിയുടേത് അതിരുകവിഞ്ഞ മോഹം; കേരളത്തില്‍ സ്ഥാനമില്ല; ഭീമാബദ്ധമെന്ന് പിണറായി

By സമകാലികമലയാളം ഡെസ്ക്  |   Published: 03rd March 2023 05:34 PM  |  

Last Updated: 03rd March 2023 05:34 PM  |   A+A-   |  

PINARAYI_VIJAYAN

ഫോട്ടോ: ഫെയ്സ്ബുക്ക്

 


തിരുവനന്തപുരം: കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്ന് മുഖ്യമന്ത്രി സാമുഹിക മാധ്യമത്തില്‍ കുറിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തിലും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ബിജെപി എന്ന മിഥ്യാധാരണ കേരളത്തിലും തകര്‍ക്കപ്പെടും.  അവിടെയും ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നായിരുന്നു മോദിയുടെ വാക്കുകള്‍. ഇതിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. 

പിണറായിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണ്.
ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. 
വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'സ്വപ്‌ന ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ടു'; മാത്യു കുഴല്‍നാടന്റെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ