റബര്‍ വില 300 രൂപയായി പ്രഖ്യാപിക്കൂ; കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം പരിഹരിക്കാം; ബിജെപിയോട് തലശ്ശേരി ബിഷപ്പ് 

By സമകാലിക മലയാളം ഡെസ്ക്  |   Published: 19th March 2023 10:07 AM  |  

Last Updated: 19th March 2023 10:07 AM  |   A+A-   |  

joseph_plampani

ബിഷപ്പ് ജോസഫ് പ്ലാംപാനി/ ടിവി ദൃശ്യം

 

കണ്ണൂര്‍: റബര്‍ വില 300 രൂപയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കേരളത്തില്‍ ഒരു എംപിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപതയില്‍ സംഘടിപ്പിച്ച  കര്‍ഷകറാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന. 

'റബ്ബറിന് വിലയില്ല, വിലത്തകര്‍ച്ചയാണ്. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്റെ വില 250 രൂപയാക്കാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ല എന്ന സത്യമോര്‍ക്കുക. നമുക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാം, നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക. 

നിങ്ങള്‍ക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം.', ബിഷപ്പ് പറഞ്ഞു. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം  കര്‍ഷകര്‍ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പരാതിയിൽ നടപടിയില്ലെന്ന് കെകെ രമ; കേസെടുക്കേണ്ടത് പൊലീസാണ്: എംവി ​ഗോവിന്ദൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ