റബര്‍ വില എം വി ഗോവിന്ദന് നിസ്സാരമായിരിക്കും; റബര്‍ കര്‍ഷകരെ സഹായിക്കുന്നവരുടെ പക്ഷത്ത് നില്‍ക്കും; തലശ്ശേരി ബിഷപ്പ്

മലയോര കര്‍ഷകര്‍ അത്രയേറെ ഗതികേടിന്റെ വക്കിലാണ് നില്‍ക്കുന്നതെന്ന് ബിഷപ്പ് പ്ലാപാനി പറഞ്ഞു
ബിഷപ്പ് ജോസഫ് പ്ലാംപാനി/ ടിവി ദൃശ്യം
ബിഷപ്പ് ജോസഫ് പ്ലാംപാനി/ ടിവി ദൃശ്യം
Updated on
2 min read

കണ്ണൂര്‍: റബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപിയെ സഹായിക്കുമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി തലശ്ശേരി ബിഷപ്പ് ജോസഫ് പ്ലാംപാനി. ബിജെപിയെ താന്‍ അനുകൂലിച്ചിട്ടില്ല. ബിജെപിയെ സഹായിക്കുമെന്നും പറഞ്ഞിട്ടില്ല. റബര്‍ കര്‍ഷകരെ സഹായിക്കുന്നവരുടെ പക്ഷത്തു നില്‍ക്കുമെന്നാണ് പറഞ്ഞത്. മലയോര കര്‍ഷകരുടെ വികാരമാണ് പ്രകടിപ്പിച്ചതെന്നും ബിഷപ്പ് ജോസഫ് പ്ലാംപാനി മാധ്യമങ്ങളോട് പറഞ്ഞു. 

കേന്ദ്രം സഹായിച്ചാലും സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കും. ഒരു പാര്‍ട്ടിയെയോ മതത്തെയോ സഹായിക്കണമെന്ന നിലപാടില്ല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട് അകല്‍ച്ചയില്ല. മലയോരകര്‍ഷക സമിതി ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ നിലപാട് പ്രഖ്യാപിച്ചത്. അവരുടെ കൂടി നിലപാട് തേടിയശേഷമായിരുന്നു പ്രഖ്യാപനം. അല്ലാതെ മലയോര കര്‍ഷകരെ ബലംപ്രയോഗിച്ചോ ഏതെങ്കിലും സമ്മര്‍ദ്ദങ്ങളിലൂടെയോ പ്രലോഭനങ്ങളിലൂടെയോ ഏതെങ്കിലും ഒരു മുന്നണിയുടെ തൊഴുത്തില്‍ കൊണ്ടു വന്നു കെട്ടാന്‍ ഉദ്ദേശിച്ചിട്ടില്ല. 

മലയോര കര്‍ഷകരുടെ വികാരമാണ് താന്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ കര്‍ഷകരെ സഹായിക്കാന്‍ നയം രൂപീകരിക്കാന്‍ സാധ്യതയുള്ളത് ബിജെപിക്കാണ്. അതുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ റബറിന്റെ ഇറക്കുമതി സംബന്ധിച്ച് തീരുമാനമെടുക്കുകയും റബറിന്റെ വില 300 രൂപ ആക്കുന്ന സാഹചര്യം ഉണ്ടാക്കിയാല്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ മലയോര കര്‍ഷകര്‍ തയ്യാറാകുമെന്ന് പറഞ്ഞത്. അത് സഭയുടെ തീരുമാനമല്ല. മലയോര കര്‍ഷകര്‍ അത്രയേറെ ഗതികേടിന്റെ വക്കിലാണ് നില്‍ക്കുന്നതെന്നും ബിഷപ്പ് പ്ലാപാനി പറഞ്ഞു.

അവരുടെ വീടുകളില്‍ ജപ്തി നോട്ടീസ് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. മുമ്പോട്ടു നോക്കുമ്പോള്‍ പൂര്‍ണമായ അന്ധകാരമാണ് കര്‍ഷകര്‍ക്കു മുന്നില്‍. ഈയൊരു പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്ക് മുന്നോട്ടു പോകണമെങ്കില്‍, കര്‍ഷകരുടെ വരുമാനമാര്‍ഗമായ റബറിനെ ആരാണോ പിന്തുണയ്ക്കുന്നത്, അവര്‍ക്ക് പിന്തുണ നല്‍കുമെന്ന് പറയുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചു കൊണ്ടല്ല. മറിച്ച് കര്‍ഷകരുടെ അവസ്ഥ അത്രയ്ക്കും ദയനീയമാണെന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ലക്ഷ്യമിട്ടതെന്നും ബിഷപ്പ് ജോസഫ് പ്ലാംപാനി വ്യക്തമാക്കി.  

സഭയ്ക്ക് ആരോടും അയിത്തമില്ല. അയിത്തമെന്നത് പണ്ടേ കേരളത്തിൽനിന്ന് പടിയിറങ്ങിപ്പോയതാണ്. ബിജെപിയുമായി സംസാരിക്കാൻ പറ്റാത്ത സാഹചര്യമൊന്നുമില്ല. രാജ്യം ഭരിക്കുന്ന ഒരു പാർട്ടിയോട് സംസാരിക്കുന്നതിൽ സഭയ്ക്കോ സഭാ നേതൃത്വത്തിനോ യാതൊരു അകൽച്ചയുമില്ല. ഇതിനെ കത്തോലിക്കാ സഭയുടെ നിലപാടായിട്ടോ മതപരമായിട്ടോ ചിത്രീകരിക്കേണ്ട ആവശ്യമില്ല. ഇതിനെ സഭയും ബിജെപിയും തമ്മിൽ സഖ്യമുണ്ടാക്കുന്നു എന്ന രീതിയിലേക്ക് ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ലെന്നും ബിഷപ്പ് പ്ലാപാനി പറഞ്ഞു.

റബറിന്റെ വില എന്നു പറയുന്നത് ഒരു നിസാര വിഷയമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് തോന്നുന്നുണ്ടാകും പക്ഷേ അത് മലയോര കര്‍ഷകര്‍ക്ക് ഒരു നിസാര വിഷയമല്ലെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു. റബ്ബര്‍ കര്‍ഷകര്‍ ഒരു ചെറിയ വിഭാഗമല്ല. കേരളത്തില്‍ ഏകദേശം 15 ലക്ഷത്തിലധികം കുടുംബങ്ങള്‍ റബറിനെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു. റബര്‍ മാത്രമാണോ ക്രിസ്ത്യാനിയുടെ പ്രശ്‌നം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ക്രിസ്ത്യന്‍ സമൂഹങ്ങളെ നിരന്തരം വേട്ടയാടുകയാണ്. അങ്ങനെയുള്ളപ്പോള്‍ റബ്ബർ വില ചൂണ്ടിക്കാട്ടി എങ്ങനെ ബിജെപിയ്ക്ക് വോട്ടു ചെയ്യാന്‍ പറയും എന്നും എം വി ​ഗോവിന്ദൻ ചോദിച്ചിരുന്നു. 

റബര്‍ വില 300 രൂപയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്നാണ് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടത്. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപതയില്‍ സംഘടിപ്പിച്ച  കര്‍ഷകറാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന. കേരളത്തില്‍ ഒരു എംപിപോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com