'ഷാഫി തോല്‍ക്കുമെന്ന' പരാമര്‍ശം അനുചിതം, പിന്‍വലിക്കുന്നുവെന്ന് സ്പീക്കര്‍; പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷം നിയമസഭയ്ക്കുള്ളിൽ സമാന്തര സമ്മേളനം ചേർന്നതും അതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതും ഗുരുതരമായ വീഴ്ചയാണ്
സ്പീക്കര്‍ ഷംസീര്‍/ സഭ ടിവി
സ്പീക്കര്‍ ഷംസീര്‍/ സഭ ടിവി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ ഷാഫി പറമ്പിലിനെതിരായ വിവാദ പരാമര്‍ശം സ്പീക്കര്‍ എഎന്‍ ഷംസീര്‍ പിന്‍വലിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ഷാഫി പാലക്കാട് തോല്‍ക്കുമെന്ന പരാമര്‍ശമാണ് സ്പീക്കര്‍ പിന്‍വലിച്ചത്. പരാമര്‍ശം അനുചിതമായിപ്പോയി. പരാമര്‍ശം അംഗത്തെ വിഷമിപ്പിച്ചതായി മനസിലാക്കുന്നു. ബോധപൂര്‍വമല്ലാതെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നു. പരാമര്‍ശം സഭാ രേഖകളില്‍നിന്ന് നീക്കുന്നുവെന്നും ഷംസീര്‍ വ്യക്തമാക്കി. 

ഈ മാസം 14,15 തീയതികളില്‍ സഭയില്‍ ഉണ്ടായ സംഭവങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് വിയോജിപ്പുകളുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് സ്പീക്കര്‍ റൂളിംഗില്‍ വ്യക്തമാക്കി.  സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമല്ല സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസില്‍ തീരുമാനം എടുക്കുന്നത്. ഇത് ചെയറിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കാന്‍ സ്പീക്കര്‍ എന്ന നിലയില്‍ ശ്രമിച്ചിട്ടില്ല. മുന്‍ഗാമികളുടെ മാതൃക പിന്തുടര്‍ന്ന് ചട്ടപ്രകാരമാണ് തീരുമാനങ്ങളെടുത്തതെന്നും ഷംസീര്‍ പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും. പാർലമെന്ററി മര്യാദകൾ ഇരുപക്ഷവും പാലിക്കണം. പ്രതിപക്ഷം നിയമസഭയ്ക്കുള്ളിൽ സമാന്തര സമ്മേളനം ചേർന്നതും അതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതും ഗുരുതരമായ വീഴ്ചയാണ്. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സ്പീക്കർ വ്യക്തമാക്കി. എംഎൽഎമാർക്കെതിരായ കേസിൽ തുടർനടപടി പരിശോധനയ്ക്ക് ശേഷം തീരുമാനിക്കുമെന്നും ഷംസീർ പറഞ്ഞു. 

മാർച്ച് 14ന് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ബാനറുമായി പ്രതിഷേധിച്ചപ്പോഴാണ് ഷാഫി പറമ്പിൽ അടുത്ത തവണ തോൽക്കുമെന്ന പരാമർശം സ്പീക്കർ നടത്തിയത്. പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണ്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്.  ഷാഫി പറമ്പിൽ അടുത്ത തവണത്തെ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നും പറഞ്ഞിരുന്നു. ബ്രഹ്മപുരം മാലിന്യ വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരെ പൊലീസ് മർദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.

നിർത്തിവെച്ച നിയമസഭ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടർന്നു.  അടിയന്തരപ്രമേയത്തിലെ നിയന്ത്രണമാണ് വലിയ പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തുടർന്ന് ചർച്ചയില്ലാതെ ധനാഭ്യർത്ഥനകൾ പാസ്സാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കാര്യോപദേശക സമിതി യോ​ഗം തീരുമാനിച്ചു. ഈ മാസം 30 വരെയുള്ള നടപടികൾ ഷെഡ്യൂൾ ചെയ്തു. നടപടിക്രമങ്ങൾ വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതിൽ സ്പീക്കർക്ക് വിയോജിപ്പ് അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com