'ഭരണപക്ഷം നടപടിയിലേക്ക് പോയോ?, സംയമനമാണ് പാലിച്ചത്, പ്രതിപക്ഷം അത് ദൗര്‍ബല്യമായി കണ്ടു'; വിമര്‍ശിച്ച് മുഖ്യമന്ത്രി 

കേരളത്തിലെ പ്രതിപക്ഷത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
എകെജി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍, സ്‌ക്രീന്‍ഷോട്ട്
എകെജി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍, സ്‌ക്രീന്‍ഷോട്ട്

കണ്ണൂര്‍: കേരളത്തിലെ പ്രതിപക്ഷത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ഇരച്ചുകയറി. നടുത്തളത്തില്‍ സമാന്തര സഭ സംഘടിപ്പിച്ചു. സാധാരണഗതിയില്‍ സഭാ ചട്ടങ്ങള്‍ ലംഘിച്ചതിന് നടപടി സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഭരണപക്ഷം നടപടിയിലേക്ക് പോയോ? സംയമനമാണ് പാലിച്ചത്. തെറ്റ് തിരുത്താന്‍ അവര്‍ക്ക് അവസരം നല്‍കി. എന്നാല്‍ അവര്‍ അത് ഭരണപക്ഷത്തിന്റെ ദൗര്‍ബല്യമായി കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. എകെജി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി 

'സ്പീക്കറുടെ മുഖം മറച്ചുകൊണ്ട് ബാനര്‍ പിടിക്കുന്ന അവസ്ഥയായിരുന്നു സഭയില്‍. ഓരോരുത്തരുടേയും സംസ്‌കാരം അനുസരിച്ചാണ് മുദ്രാവാക്യം വിളിച്ചത്. സഭ പൂര്‍ണമായി സ്തംഭിപ്പിക്കുന്ന അവസ്ഥ. പിന്നീടുള്ള ദിവസങ്ങളിലും ഇത് തുടര്‍ന്നു. അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ സമ്മതിക്കുന്നില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നം. എന്നാല്‍ അടിയന്തര പ്രമേയം ഉന്നയിച്ചു. അതിന് മന്ത്രി മറുപടി നല്‍കി. സാധാരണ രീതിയില്‍ ഇറങ്ങിപ്പോകുന്നതിന് പകരം, നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് സ്പീക്കര്‍ക്ക് പറയാന്‍ അവസരം നല്‍കുന്നതിന് മുന്‍പായിരുന്നു പ്രതിഷേധം. സ്പീക്കര്‍ സംസാരിക്കുമ്പോള്‍ സമാന്തര സഭ ചേരാന്‍ പാടില്ല. എന്നാല്‍ സഭാ ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ അര്‍ത്ഥം ഒന്നും അംഗീകരിക്കാന്‍ തയ്യാറല്ല എന്നതാണ്.സാധാരണരീതിയില്‍ സഭാ ചട്ടങ്ങള്‍ അനുസരിച്ച് നടപടിയിലേക്ക് പോകാവുന്നതാണ്. എന്നാല്‍ ഭരണപക്ഷം നടപടിയിലേക്ക് പോയോ?സംയമനമാണ് പാലിച്ചത്. തെറ്റ് തിരുത്താനുള്ള അവസരം നല്‍കി. ഇത് ഞങ്ങളുടെ ദൗര്‍ബല്യമായി കണ്ടു. തൊട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ പറഞ്ഞിട്ടും ഞങ്ങള്‍ പ്രകോപിതരായില്ല.'- മുഖ്യമന്ത്രിയുടെ വാക്കുകള്‍

'സഭയുടെ അവസാന ദിവസം വിചിത്രമായ രീതികളാണ് ഉണ്ടായത്.ചോദ്യോത്തരം ആരംഭിക്കുന്നതിന് മുന്‍പ് സത്യാഗ്രഹം ആരംഭിക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. ഞങ്ങള്‍ എന്തു ചെയ്യണം. ജനം ചിന്തിക്കുക. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് സ്പീക്കര്‍ക്ക് ആലോചിക്കാന്‍ പോലും സമയമില്ലാത്ത അവസ്ഥ'- പിണറായി വിജയന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com