

കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ ആക്രമണകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ പിടിക്കാന്‍ അനുമതിയില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്. വരുംദിവസങ്ങളില്‍ അരിക്കൊമ്പന്‍ ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയാകുകയാണെങ്കില്‍ റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ മാത്രം മയക്കുവെടിയാകാം. ജനസുരക്ഷയ്ക്കായി കുങ്കിയാനകളും ഉദ്യോഗസ്ഥരും പ്രദേശത്ത് തന്നെ തുടരണമെന്നും ഉത്തരവില്‍ പറയുന്നു.
അരിക്കൊമ്പന്‍ വിഷയത്തില്‍ രണ്ടുമണിക്കൂര്‍ നീണ്ട വാദത്തിന് ശേഷം പുറത്തിറക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അടുത്തകാലത്തൊന്നും അരിക്കൊമ്പന്‍ മനുഷ്യജീവന് ഭീഷണിയായിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.നിലവിലെ സാഹചര്യത്തില്‍ കാട്ടാനയെ പിടികൂടാന്‍ ശ്രമിക്കുന്നത് ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും ഭീഷണിയാകാം. നിലവില്‍ പിടിയാനയ്ക്കും കുട്ടികള്‍ക്കുമൊപ്പമാണ് കൊമ്പന്‍ നീങ്ങുന്നതെന്നും കോടതി വ്യക്തമാക്കി.
പ്രദേശത്തെ ജനങ്ങളുടെ ആശങ്ക മനസിലാക്കുന്നു. എന്നാല്‍ ഇതിനുള്ള പരിഹാര മാര്‍ഗമെന്നത് ആനയെ പിടികൂടുക എന്നതല്ല. ആനയെ പിടികൂടി തടവിലാക്കുന്നതിനോട് യോജിപ്പില്ല. ഇത് ഭരണഘടനാവിരുദ്ധമാണ്. നേരത്തെ പിടികൂടി തടവിലാക്കിയ ആനകളുടെ അവസ്ഥ മുന്നിലുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങൾ തുടരണം. ജനസുരക്ഷയ്ക്കായി കുങ്കിയാനകളും ഉദ്യോഗസ്ഥരും പ്രദേശത്ത് തന്നെ തുടരണമെന്നും ഉത്തരവില്‍ പറയുന്നു.
അരിക്കൊമ്പനെ എന്ത് ചെയ്യണമെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി വിദഗ്ധ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. വിഷയത്തില്‍ ജനങ്ങളുടെ താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടുമെന്ന് കോടതി വ്യക്തമാക്കി.
അരിക്കൊമ്പനെ പിടികൂടി കൂട്ടിലടക്കുക എന്നതിനപ്പുറം വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന നിരീക്ഷണമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടത്തിയത്. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ 5 അംഗ വിദഗ്ധ സമിതിക്കാണ് കോടതി രൂപം നല്‍കിയത്. വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, രണ്ട് വിദഗ്ധര്‍, കോടതി നിയോഗിക്കുന്ന അമിക്കസ് ക്യൂറി എന്നിവരാണ് സമിതിയിലുള്ളത്. സമിതി രണ്ട് ദിവസത്തിനകം യോഗം ചേരും. സമിതിക്ക് മുന്നില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ വനം വകുപ്പിന് കോടതി നിര്‍ദ്ദേശം നല്‍കി.
വിഷയത്തില്‍ ശാശ്വത പരിഹാരമാര്‍ഗങ്ങള്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. വാദത്തിനിടെ, അരിക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടിലേക്ക് വിട്ടുകൂടെ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ആനകളുടെ വാസ സ്ഥലത്ത് എങ്ങനെ സെറ്റില്‍മെന്റ് കോളനി സ്ഥാപിച്ചുവെന്നും, കൊടും വനത്തില്‍ ആളുകളെ കൊണ്ടുവന്ന് പാര്‍പ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും കോടതി വിലയിരുത്തി. ഇന്ന് അരിക്കൊമ്പനെ പിടിച്ചാല്‍ നാളെ മറ്റൊരാന ആ സ്ഥാനത്ത് വരും. അതിനാല്‍ ആനയെ പിടികൂടുന്നത് പരിഹാരമായി കാണാനാകില്ലെന്നും പിടികൂടിയിട്ട് എന്ത് ചെയ്യാനാണെന്നും കോടതി ചോദിച്ചു. വിഷയത്തില്‍ ജനങ്ങളുടെ താല്‍പര്യവും സംരക്ഷിക്കപ്പെടുമെന്നും കോടതി ഉറപ്പു നല്‍കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
