

കൊച്ചി; വിവാദങ്ങൾക്കിടെ ദി കേരള സ്റ്റോറി എന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡ് നിർദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ആദ്യ ദിനം 21 തിയേറ്ററുകളിലാണ് പ്രദർശനമുള്ളത്. അതിനിടെ സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ സെന്‍റർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കോടതി വിശദീകരണം തേടിയിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ സിബിഎഫ്സി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും. സിനിമ അടിയന്തരമായി സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു കേസ് നേരത്തെ പരിഗണിച്ചപ്പോൾ കോടതി പറഞ്ഞത്. സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്നും ട്രെയിലർ മാത്രം പുറത്തുവന്ന ഘട്ടത്തിൽ ഹർജിക്കാരനോട് കോടതി ചോദിച്ചിരുന്നു. ഇസ്ലാമിക് ഗേൾസ് ഓർഗനൈസേഷന്‍റേതടക്കം വിവിധ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
'ദി കേരള സ്റ്റോറി' സിനിമയ്ക്കെതിരായ ഹര്‍ജികള്‍ റിലീസിന് മുൻപ് പരിഗണിക്കാന്‍ കേരള ഹൈക്കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. സിനിമയില്‍ അഭിനയിച്ച താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും അധ്വാനത്തെ പറ്റി ആലോചിക്കണമെന്നും, സിനിമയെക്കുറിച്ച് പറയുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ചിത്രം നല്ലതാണോ എന്ന് പ്രേക്ഷകര്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം. സിനിമയിലുള്ളതെല്ലാം യാഥാർത്യമായ കാര്യങ്ങളാണ് എന്നാണ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുടെ വാദം. ചിത്രം റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടിൽ ജാഗ്രത നിർദേശം നൽകി. ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates