സൈനബയുമായി വര്‍ഷങ്ങളുടെ പരിചയം; ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു; ധരിച്ചിരുന്നത് പതിനേഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍

സൈനബയുടെ കയ്യിലുണ്ടായിരുന്ന ഫോൺ സ്വിച്ചോഫ് ചെയ്ത ശേഷം സ്വർണ വളകളും കമ്മലുകളും എടുത്ത് പോക്കറ്റിലിട്ടു
സൈനബ/ ടിവി ദൃശ്യം
സൈനബ/ ടിവി ദൃശ്യം

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബ (57)യുമായി വര്‍ഷങ്ങളായി പ്രതി സമദിന് പരിചയമുണ്ടെന്ന് പൊലീസ്. ഡ്രൈവറായ സുഹൃത്ത് സുലൈമാന്റെ സഹായത്തോടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് സൈനബയെ കൊലപ്പെടുത്തുന്നത്. തെറ്റിദ്ധരിപ്പിച്ചാണ് സമദും സുഹൃത്തും കൂടി സൈനബയെ കാറില്‍ കയറ്റി കൊണ്ടുപോയതെന്നും പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈനബ സ്വർണാഭരണങ്ങൾ ധരിച്ചാണ് നടക്കാറുണ്ടായിരുന്നത്. തന്റെ ടാക്സി കാറിന്റെ ഡ്രൈവറായിരുന്നു ഗൂഡല്ലൂർ സ്വദേശി സുലൈമാൻ. എങ്ങനെയും പണമുണ്ടാക്കുന്നതിനെപ്പറ്റി സുലൈമാനോട് സംസാരിച്ചിരുന്നു. സൈനബയുടെ സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തണമെന്ന് പറഞ്ഞു. ഇതനുസരിച്ച് ഈ മാസം ആറിന് രാവിലെ പത്തു മണിയോടെ സുലൈമാൻ തിരൂർ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. 

പിറ്റേന്ന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് അടുത്തെത്തി, സൈനബയെ ഫോണിൽ വിളിച്ചു വരുത്തി. പുതിയ ബസ് സ്റ്റാൻഡിനു സമീപം ഓവർ ബ്രിഡ്ജിന്റെ അടുത്തുനിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ സൈനബയെ കാറിൽ കയറ്റി. സുലൈമാനാണ് കാർ ഓടിച്ചിരുന്നത്. പിന്നിൽ തന്റെ ഇടതു ഭാ​ഗത്താണ് സൈനബ ഇരുന്നതെന്ന് സമദ് പറഞ്ഞു. 

കാറിൽ കുന്നുംപുറത്തുള്ള വീടിനു സമീപമെത്തി. എന്നാൽ ആശുപത്രിയിൽ പോകുമെന്നു പറഞ്ഞ ഭാര്യയും മകളും അപ്പോഴേക്കും വീട്ടിൽ തിരിച്ചെത്തിയിരുന്നു. ഇതേത്തുടർന്ന്   മൊബൈൽ ഫോൺ വീട്ടിൽവച്ച് തിരികെ വന്നു. അസുഖബാധിതനായ ആളുടെ വീട്ടിൽ ഇപ്പോൾ പോകാൻ കഴിയില്ലെന്നും അവിടെ ആളുണ്ടെന്നും കോഴിക്കോടിനു തിരിച്ചു പോകാമെന്നും സമദ് സൈനബയോടു പറഞ്ഞു. 

കൂടെ വന്നതിന് 2000 രൂപ തരാമെന്നും പറഞ്ഞു.  വൈകിട്ട് അഞ്ചരയോടെ മുക്കം എത്തുന്നതിനു മുൻപ് സൈനബ ധരിച്ചിരുന്ന ഷാൾ കഴുത്തിൽ മുറുക്കി. ശ്വാസം നിലച്ചതായി മനസ്സിലായതോടെ സുലൈമാൻ കാർ തിരിച്ച് വഴിക്കടവു ഭാഗത്തേക്ക് ഓടിച്ചു. സൈനബയുടെ കയ്യിലുണ്ടായിരുന്ന ഫോൺ സ്വിച്ചോഫ് ചെയ്ത ശേഷം സ്വർണ വളകളും കമ്മലുകളും എടുത്ത് പോക്കറ്റിലിട്ടു.

സുലൈമാൻ സൈനബയുടെ ബാഗ് തപ്പിയപ്പോൾ കുറച്ചു പണവും കിട്ടി. തുടർന്ന് രാത്രി എട്ടു മണിയോടു കൂടി നാടുകാണി ചുരത്തിലെത്തി. ഇടതുവശത്ത് താഴ്ചയുള്ള ഒരു സ്ഥലത്തിനടുത്ത് കാർ നിർത്തി. ആരും വരുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷം സുലൈമാന്റെ സഹായത്തോടെ സൈനബയുടെ ശരീരം കാറിന്റെ പിൻസീറ്റിൽ നിന്നു വലിച്ച് പുറത്തേക്കെടുത്ത് താഴ്ചയിലേക്ക് തള്ളിയിട്ടു. തുടർന്ന് സുലൈമാന്റെ  ഗൂഡല്ലൂരിലെ മുറിയിലെത്തി. പുറത്തുപോയി ഒരു കടയിൽനിന്നു മുണ്ടും ബനിയനും വാങ്ങി. 

പിറ്റേന്ന് രാവിലെ കയ്യിലുണ്ടായിരുന്ന സൈനബയുടെ പണം വീതിച്ചെടുത്തു. കാർ സുലൈമാൻ ഒരു സർവീസ് സ്റ്റേഷനിൽ കൊണ്ടുപോയി സർവീസ് ചെയ്യിച്ചു. സൈനബയുടെ ബാഗും ഫോണും  വസ്ത്രങ്ങളും സുലൈമാൻ കത്തിക്കാനായി കൊണ്ടുപോയി. കുറച്ചുകഴിഞ്ഞ് സുലൈമാനും അയാളുടെ കൂടെ വന്ന ആളുകളും മുറിയിൽവച്ച് തന്റെ കൈവശമുണ്ടായിരുന്ന സ്വർണം കൈക്കലാക്കിയതായും സമദ് മൊഴി നൽകിയതായി പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കാണാതാകുന്ന സമയത്ത് സൈനബയുടെ ശരീരത്തില്‍ പതിനേഴര പവന്‍ സ്വര്‍ണവും കൈവശം മൂന്നര ലക്ഷം രൂപയും ഉണ്ടായിരുന്നെന്ന് ഭര്‍ത്താവ് മുഹമ്മദാലി പറഞ്ഞു. പേരക്കുട്ടിയുടെ വിവാഹ ആവശ്യത്തിനായി കരുതിയിരുന്ന പണമാണ്. വീട്ടില്‍നിന്ന് പോകുമ്പോള്‍ ആരെങ്കിലും കട്ടെടുത്താലോ എന്ന് കരുതിയാണ് പണം കയ്യില്‍ സൂക്ഷിച്ചതെന്നും മുഹമ്മദാലി പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com