'വി സല്യൂട്ട് യൂ'!; ദുരന്തഭൂമിയില്‍ നിന്നും സൈന്യം മടങ്ങുന്നു, ഊഷ്മള യാത്രയയപ്പ്

സൈന്യത്തിന്റെ രണ്ടു സംഘങ്ങള്‍ ദുരന്തഭൂമിയില്‍ തുടരും
wayanad landslide
സൈന്യത്തിന് യാത്രയയപ്പ് നൽകുന്നു ടിവി ദൃശ്യം
Published on
Updated on

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം മടങ്ങുന്നു. സൈന്യത്തിലെ 500 ഓളം അംഗങ്ങളാണ് മടങ്ങുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മടങ്ങുന്ന സൈനിക വിഭാഗത്തിന് ഊഷ്മളമായ യാത്രയയപ്പ് നല്‍കി. മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും സൈനികസംഘത്തിന്റെ മേധാവിമാര്‍ക്ക് മെമന്റോകള്‍ നല്‍കി. കലക്ടര്‍ മേഘശ്രീയും ചടങ്ങില്‍ സംബന്ധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൈന്യത്തിന്റെ രണ്ടു സംഘങ്ങള്‍ ദുരന്തഭൂമിയില്‍ തുടരും. ബെയ്‌ലി പാലം മെയിന്റനന്‍സിനുള്ള ടീമും ഹെലികോപ്റ്റര്‍ തിരച്ചില്‍ സംഘവുമാകും തുടരുക. തിരച്ചിലിന് എന്‍ഡിആര്‍എഫ്, അഗ്നിശമന സേന എന്നിവരുമുണ്ടാകും. ദുരന്തമറിഞ്ഞ് ഒരു നിമിഷം പോലും വൈകാതെ സൈന്യം ദുരന്തഭൂമിയില്‍ എത്തിയെന്നും, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധ്യമാകുമോ അതൊക്കെ സൈന്യം ചെയ്തുവെന്ന് യാത്രയയപ്പ് ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ഒരൊറ്റ ടീമായാണ് സൈന്യം പ്രവര്‍ത്തിച്ചത്. ഒത്തൊരുമിച്ച് ഒരു ശരീരം പോലെ പ്രവര്‍ത്തിച്ചു. ബെയ്‌ലി പാലം നിര്‍മ്മാണം ഏറ്റവും എടുത്തുപറയേണ്ടതാണ്. രക്ഷാപ്രവര്‍ത്തനം വളരെ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അതു സഹായിച്ചു. എല്ലാ നിലയിലും അവര്‍ക്കൊപ്പം നിന്നുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങളും ജില്ലാ ഭരണകൂടങ്ങളും ജനങ്ങളും ഒരു മനസ്സും ഒരു ശരീരവും പോലെയാണ് പ്രവര്‍ത്തിച്ചത്. സൈന്യം നടത്തിയ സേവനം വാക്കുകള്‍ കൊണ്ട് വിവരിക്കുന്നതിനും അപ്പുറത്താണ്. ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

വല്ലാത്ത വൈകാരികമായ ഘട്ടത്തിലാണ് നമ്മള്‍ ഒരുമിച്ചു നിന്ന് അവശേഷിക്കുന്നവരില്‍ ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്ന ചിന്തയോടെ കഠിനാധ്വാനം ചെയ്തു. മൃതശരീരങ്ങള്‍, ശരീരഭാഗങ്ങള്‍ തുടങ്ങിയവയെല്ലാം കണ്ടെത്തി. സൈന്യം ഇപ്പോള്‍ ദൗത്യം അവസാനിപ്പിച്ച് പോകുമ്പോള്‍, ടീമിലെ അംഗം പോകുന്ന വേദനയുണ്ട്. സൈന്യത്തിന്റെ ജോലി പരിപൂര്‍ണ ഉത്തരവാദിത്തത്തോടെ ചെയ്തു കഴിഞ്ഞു. സൈന്യം ചെയ്ത സേവനത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച് അഭിവാദ്യം ചെയ്യുന്നതായി മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

wayanad landslide
'ചെളിയില്‍ പുതഞ്ഞപ്പോഴും ശ്വാസം എടുക്കാന്‍ പറ്റി; ജീവിക്കണമെന്ന് അതിയായ ആഗ്രഹം തോന്നി'; ആരോഗ്യം വീണ്ടെടുത്ത് അരുണ്‍

അപകടസമയത്ത് സേവനം നല്‍കാനായതില്‍ സന്തോഷമുണ്ടെന്ന് സൈന്യം അറിയിച്ചു. വയനാട്ടില്‍ നിന്നും വിട്ടുപോയാലും മനസ്സ് ഇവിടെ തന്നെയുണ്ടാകും. വയനാട്ടിലെ ദുരന്തഭൂമിയിലുള്ളവര്‍ എല്ലാം നഷ്ടപ്പെട്ടവരാണ്. നമ്മുടെ ജനത വരും ദിവസങ്ങളില്‍ അവര്‍ക്കു വേണ്ടി നില്‍ക്കാന്‍ കഴിയട്ടെ എന്നും തിരച്ചിലിന് നേതൃത്വം നല്‍കിയ ലെഫ്. കേണല്‍ ഋഷി പറഞ്ഞു. ദുരന്തഭൂമിയില്‍ ജനങ്ങള്‍ നല്‍കിയ സേവനങ്ങള്‍ക്ക് സൈന്യം നന്ദി അറിയിച്ചു. പ്രദേശത്ത് മറ്റു വിഭാ​ഗങ്ങൾ തിരച്ചിൽ തുടരുമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com