
മലയാള മനസ്സാക്ഷിയെ പിടിച്ചുലച്ച ദുരന്തം, കത്തിക്കയറിയ വിവാദങ്ങള്‍, വികസനക്കുതിപ്പേകി വിഴിഞ്ഞം.... 2024 കേരള സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു. വലിയ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കാതെയായിരുന്നു വര്‍ഷത്തിന്റെ തുടക്കമെങ്കിലും സര്‍വ മേഖലകളെയും പിടിച്ചു കുലുക്കിയ സംഭവ വികാസങ്ങള്‍ക്കാണ് പിന്നീട് സംസ്ഥാനം സാക്ഷിയായത്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ജൂലൈ 30 ന് പുലര്‍ച്ചെ വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായത്. മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരല്‍മല, വെള്ളരിമല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളുടെ പരമ്പരയില്‍ ആ പ്രദേശമൊന്നാകെ ഒലിച്ചു പോയി. ഒരൊറ്റ രാത്രി കൊണ്ട് പ്രകൃതിസുന്ദരമായ ഗ്രാമം മരണത്തിന്റെ താഴ്‌വരയായി മാറി.
കനത്തമഴയിലും ഉരുള്‍പൊട്ടലിലും 298 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. 44 പേരെ കാണാതായെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച 254 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 128 പേരെ കാണാതായവരില്‍ നിന്നാണ് 84 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. അതേസമയം 400 ലേറെ പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
ഉരുള്‍പൊട്ടലിന് മുമ്പ് 48 മണിക്കൂറിനുള്ളില്‍ 570 മില്ലീമീറ്ററാണ് വയനാട്ടില്‍ പെയ്തത്. പുലര്‍ച്ചെ ഏകദേശം 02:17-ന് ഗ്രാമത്തിന് മുകള്‍ വശത്തായി ഇരുവഞ്ഞിപ്പുഴയുടെ ഉത്ഭവസ്ഥാനത്തിന് സമീപമാണ് ആദ്യ ഉരുള്‍ പൊട്ടിയത്. അതിരാവിലെ ഏകദേശം 04:10-ന് ചൂരല്‍മലയില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഇരുവഞ്ഞിപ്പുഴയുടെ ഗതി തന്നെ മാറി.
ചാലിയാര്‍പുഴ മൃതദേഹ വാഹിനിയായി മാറി. മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ചുപോയ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തു നിന്നാണ് കണ്ടെടുത്തത്. ഇനിയും പലരും കാണാമറയത്താണ്. രക്ഷാപ്രവര്‍ത്തനത്തിനായി രാജ്യത്തെ എല്ലാ സേനകളും വയനാട്ടിലേക്കെത്തി. ഒത്തൊരുമിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 481 പേരെയാണ് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്.
വയനാട് ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളില്‍ പ്രധാനിയാണ് ചൂരല്‍മല സ്വദേശി ശ്രുതി. ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, അനുജത്തി ശ്രേയ എന്നിവരെയാണ് നഷ്ടമായത്. കുടുംബത്തില്‍ ആകെ അവശേഷിച്ചത് ശ്രുതി മാത്രം. വീടടക്കം മലവെള്ളം കവര്‍ന്നപ്പോള്‍, ഒലിച്ചുപോയത് ശ്രുതിയുടെ വിവാഹത്തിനായി മാതാപിതാക്കള്‍ സ്വരുക്കൂട്ടിയ സ്വര്‍ണവും പണവും കൂടിയാണ്. ജോലി ചെയ്യുന്ന കോഴിക്കോട് ആയിരുന്നതിനാലാണ് ശ്രുതി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.
വീട്ടുകാര്‍ നഷ്ടമായ ശ്രുതി, പ്രതിശ്രുത വരന്‍ ജെന്‍സണിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെ വരുമ്പോഴായിരുന്നു ദുരന്തം പിന്നെയും വേട്ടയാടിയത്. വാഹനാപകടത്തില്‍ പരിക്കേറ്റ ജെന്‍സന്‍ മരിച്ചു. ഇതോടെ വീണ്ടും ഒറ്റയായ ശ്രുതിക്ക് സഹായഹസ്തവുമായി സര്‍ക്കാരെത്തി. ശ്രുതിയെ റവന്യൂ വകുപ്പില്‍ ജോലി നല്‍കിയാണ് സര്‍ക്കാര്‍ കരുതലിന്റെ കരം നീട്ടിയത്.
ദുരന്തത്തെ മറികടക്കാന്‍ ഒട്ടേറെ സഹായവാഗ്ദാനങ്ങളാണ് വിവിധയിടങ്ങളില്‍ നിന്നായി ലഭിച്ചത്. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിനും അതിജീവനത്തിനുമായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനാണ് തീരുമാനം. അതിനായി രണ്ട് എസ്റ്റേറ്റുകളാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. അവിടെ നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുവാദവും നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പാലക്കാട് പനയമ്പാടത്ത് സിമന്റ് ലോറി ദേഹത്തേക്ക് മറിഞ്ഞ് നാലു വിദ്യാര്‍ത്ഥികള്‍ മരിച്ച അപകടം ഡിസംബര്‍ 13 നാണ് ഉണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് കൂട്ടുകാരികളെല്ലാവരും കൂടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ലോറി ഇവരുടെ ദേഹത്തേക്ക് മറിഞ്ഞു വീണത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അജ്‌ന എന്ന പെണ്‍കുട്ടി ദൂരേയ്ക്ക് തെറിച്ചു വീണതിനാല്‍ രക്ഷപ്പെട്ടു.
കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകി വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ തീരമണഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായ ട്രയല്‍ റണ്ണിന്റെ ഭാഗമായി ആയിരത്തിലധികം കണ്ടെയ്നറുകള്‍ ഉള്ള മദര്‍ഷിപ്പാണ് തുറമുഖത്തു നങ്കൂരമിട്ടത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള 'സാന്‍ ഫെര്‍ണാണ്ടോ' മദര്‍ഷിപ്പ് ആണ് ജൂലൈ 11 ന് തീരം തൊട്ടത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരായ വി എന്‍ വാസവന്‍, ജി ആര്‍ അനില്‍ എന്നിവര്‍ നേരിട്ടെത്തി കപ്പലിനെ സ്വീകരിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2015-ലാണ് നിര്‍മാണം ആരംഭിച്ചത്. അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വിഴിഞ്ഞം പദ്ധതി രാജ്യത്തിന്റെ അന്താരാഷ്ട്ര സമുദ്ര വ്യാപാര വികസനത്തില്‍ ഒരു നാഴികക്കല്ലാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തുറമുഖ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന കേന്ദ്ര നിലപാട് കേരളത്തിന് തിരിച്ചടിയാണ്
നിര്‍ദിഷ്ട ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പിനായുള്ള പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഭൂമി ഏറ്റെടുക്കല്‍ നിയമം 4(1) പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനമാണ് പുറത്തിറക്കിയത്. ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ 326 കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നാണ് സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോര്‍ട്ട് പറയുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് 234 സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഏഴ് ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കേണ്ടിവരുമെന്നും കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല വിമാനത്താവളം നടപ്പാക്കാന്‍ അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ക്ക് കേന്ദ്രാനുമതി നല്‍കുന്ന 'പി എം-ഗതിശക്തി' വകുപ്പും പച്ചക്കൊടി കാണിച്ചിട്ടുണ്ട്. പദ്ധതി സ്ഥലം അംഗീകരിക്കല്‍ (സൈറ്റ് ക്ലിയറന്‍സ്), പരിസ്ഥിതി ആഘാത പഠനത്തിനുള്ള പരിഗണനാ വ്യവസ്ഥകള്‍ എന്നിവയ്ക്ക് നേരത്തേ കേന്ദ്രാനുമതി ലഭിച്ചിരുന്നു. 3973 കോടിയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. 2569.59 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്ക് വേണ്ടത്.
ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറുക ലക്ഷ്യമിട്ട്, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) പുതിയ സംരംഭമായ ' താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ' ഡിസംബര്‍ 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. യാത്രക്കാര്‍ക്ക് പരമാവധി സേവനങ്ങള്‍ ഒരുക്കാനും പുതിയ സര്‍വീസുകള്‍ ആരംഭിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സിയാല്‍ നടപ്പിലാക്കിവരുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് താജ് ഹോട്ടല്‍ സമുച്ചയം സജ്ജമാക്കിയത്.
ടെര്‍മിനലുകളില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഹോട്ടലിലേയ്ക്ക് ലാന്‍ഡിങ് കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനാകും. ഈ വര്‍ഷം സെപ്റ്റംബറില്‍ തുറന്ന, 0484 എയ്‌റോ ലോഞ്ച് വന്‍ വിജയമായി. രണ്ടാം ടെര്‍മിനലില്‍ സ്ഥിതിചെയ്യുന്ന എയ്റോ ലോഞ്ച് രണ്ടുമാസത്തിനുള്ളില്‍ 100 ശതമാനം ബുക്കിങ് നേട്ടം കൈവരിച്ചു. യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കുറഞ്ഞ ചെലവില്‍ വിമാനത്താവളത്തിനുള്ളില്‍ ആഢംബര ഹോട്ടല്‍ സൗകര്യമാണ് 0484 എയ്റോ ലോഞ്ച് ഒരുക്കിയിട്ടുള്ളത്.
തുടര്‍ച്ചയായി രണ്ടാംവര്‍ഷവും പ്രവര്‍ത്തനലാഭം കൈവരിച്ച് കൊച്ചി മെട്രോ. മുന്‍വര്‍ഷത്തെ 5.35 കോടിയില്‍ നിന്ന് പ്രവര്‍ത്തനലാഭം നാലുമടങ്ങിലേറെ വര്‍ധിച്ച് 22.94 കോടിയിലെത്തി. ദൈനംദിന യാത്രികരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ ഇരുപതിനായിരത്തിലേറെ വര്‍ധിച്ചു. കഴിഞ്ഞ ജൂലൈമുതല്‍ മാസം 20 ദിവസമെങ്കിലും യാത്രികരുടെ എണ്ണം ലക്ഷത്തിനുമുകളിലാണ്. രാജ്യത്തെ 17 മെട്രോ സംവിധാനങ്ങളില്‍ പ്രവര്‍ത്തനലാഭമുണ്ടാക്കുന്ന മൂന്ന് മെട്രോകളില്‍ ഒന്ന് കൊച്ചിയാണ്.
കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമായത് ഈ വര്‍ഷമാണ്. മെട്രോ ആദ്യഘട്ടത്തിന്റെ അവസാന സ്‌റ്റേഷനായ ടെര്‍മിനല്‍ സ്‌റ്റേഷന്‍ മാര്‍ച്ച് ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ മെട്രോയുടെ ഒന്നാംഘട്ടത്തില്‍പ്പെടുന്ന 28 കിലോമീറ്റര്‍ ദൂരം യാഥാര്‍ത്ഥ്യമായി. മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കലൂര്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ള മെട്രോ രണ്ടാംഘട്ടം (പിങ്ക് ലൈന്‍) നിര്‍മാണം 1141.32 കോടി രൂപയ്ക്ക് അഫ്‌കോണ്‍സ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates