Kerala's boat: രാജ്യത്തും പുറത്തും തരം​ഗമാകുന്നു... കേരളത്തിന്റെ സ്വന്തം ബോട്ടുകൾ

നിർമാണത്തിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 85 യാർഡുകൾ
Kerala's boat manufacturing sector making waves in India & beyond
ദുബായ് ക്ലയന്റിന് വേണ്ടി ഐസ്മാർ നിർമിച്ച കാറ്റമരൻ റെസ്റ്റോറന്റ് ബോട്ട്
Updated on

കൊച്ചി: കേരളം ബോട്ട് നിർമാണ കേന്ദ്രങ്ങളുടെ ഹബ്ബായി മാറുന്നു. ചെറിയ ബോട്ടുകളുടെ നിർമാണത്തിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബോട്ട് യാർഡുകളുടെ അതിനു തെളിവാണ്. കേരള മാരിടൈം ബോർഡിന്റെ (കെഎംബി) നിലവിലെ കണക്കനുസരിച്ചു സംസ്ഥാനത്ത് ഏതാണ്ട് 80 മുതൽ 85 വരെ ബോട്ട് യാർഡുകൾക്ക് അംഗീകാരമുണ്ട്. അതിൽ ഭൂരിഭാഗവും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് പ്രവർത്തിക്കുന്നത്. ഈ ബോട്ട് യാർഡുകളിൽ പലതിനും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല, കാനഡ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകളും ലഭിക്കുന്നു.

കേരളത്തിലെ ബോട്ട് നിർമാണ വ്യവസായം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നു നെട്ടൂരിൽ സ്ഥിതി ചെയ്യുന്ന മാതാ മറൈൻസിന്റെ സിഇഒ ജോയ് ജേക്കബ് പറയുന്നു. സ്വകാര്യ വ്യക്തികളിൽ നിന്നു സ്ഥിരമായി ഓർഡറുകൾ കിട്ടുന്നുണ്ട്. അവശ്യക്കാർക്ക് ബോട്ടുകൾ നിർമിച്ചു നൽകാനും കഴിയുന്നുണ്ടെന്നു ജേക്കബ് ടിഎൻഐഇയോട് പറഞ്ഞു. തങ്ങളുടെ ബോട്ടുകൾക്ക് രാജ്യത്തു മാത്രമല്ല ലോകത്തെ വിവിധയിടങ്ങളി‍ൽ നല്ല ഡിമാൻഡുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബോട്ടുകൾക്ക് ഇന്ത്യയ്ക്കുള്ളിൽ മാത്രമല്ല, ആഗോളതലത്തിലും ഉയർന്ന ഡിമാൻഡുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്ക് ബോട്ടുകൾ വിതരണം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര ക്ലയന്റുകളിൽ നിന്നും അന്വേഷണങ്ങൾ വരുന്നുണ്ട്. കയറ്റുമതി വിപുലീകരിക്കുന്നതിനും ആഗോള വിപണിയിൽ സാന്നിധ്യം അറിയിക്കാൻ കഴിയുന്നതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോർച്ചുഗീസ് കാലഘട്ടത്തിന്റെ പാരമ്പര്യമുള്ള ഐസ്മർ ബോട്ട് ബിൽഡേഴ്‌സ് ഉടമ ഐസ്മർ ജോസഫും സമാന അഭിപ്രായം പങ്കിട്ടു. മറ്റ് സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ഓർഡറുകൾ, പ്രത്യേകിച്ച് അവരുടെ ടൂറിസം വകുപ്പിൽ നിന്നും ജലഗതാഗത അതോറിറ്റികളിൽ നിന്നുമുള്ള ഓർഡറുകൾ നിരവധി ലഭിക്കുന്നു. സംസ്ഥത്തു നിന്നുള്ള അന്വേഷണങ്ങളേക്കാൾ കൂടുതൽ പുറത്തു നിന്നാണ് വരുന്നത്.

ഈ മേഖലയിലെ പുതിയ നിർമാണ കമ്പനികളുടെ കടന്നുവരവ് വിപണിയിൽ ആരോ​ഗ്യകരമായ മത്സരത്തിന്റെ സൂചന നൽകുന്നു. 2002-ൽ ഇന്ത്യയിൽ ആദ്യമായി ഫൈബർഗ്ലാസ് ഹൗസ്‌ബോട്ട് നിർമിച്ച ബോട്ട് യാർഡ് തങ്ങളുടേതാണെന്നും ഐസ്മർ പറയുന്നു.

ഐസ്മാർ നിർമിച്ച ഒരു ഹൗസ് ബോട്ട്
ഐസ്മാർ നിർമിച്ച ഒരു ഹൗസ് ബോട്ട്
ഇന്ത്യൻ നാവികസേനയ്ക്കായി ഐസ്മാർ നിർമിച്ച ബോട്ട്
ഇന്ത്യൻ നാവികസേനയ്ക്കായി ഐസ്മാർ നിർമിച്ച ബോട്ട്

ഇന്ത്യയിലെ ആദ്യത്തെ ഐആർഎസ് പാസഞ്ചർ ഫൈബർഗ്ലാസ് റെസ്റ്റോറന്റ് ബോട്ട് നിർമിച്ച് വിതരണം ചെയ്യാൻ കമ്പനിക്കു സാധിച്ചു. മാത്രമല്ല, കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ് (ഐആർഎസ്) അംഗീകൃത കടൽ യാത്രാ ഫൈബർഗ്ലാസ് കാറ്റമരനും തങ്ങളാണ് നിർമിച്ചത്. ദുബായിലെ ഒരു സ്വകാര്യ പാർട്ടിക്ക് വേണ്ടിയാണ് ഇത് നിർമിച്ചതെന്നും ഐസ്മർ ജോസഫ് അവകാശപ്പെട്ടു.

3.5 കോടി രൂപയ്ക്കാണ് കാറ്റമരൻ നിർമിച്ചത്. ഇന്ത്യൻ നാവിക സേനയ്‌ക്കായി ഐസ്മാർ ബോട്ടുകളും നിർമിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, അസം, കേരളം എന്നിവയുൾപ്പെടെ സംസ്ഥാന ടൂറിസം വകുപ്പുകൾക്കായി നിരവധി ബോട്ടുകൾ നിർമിച്ചിട്ടുണ്ട്. 50 ലക്ഷം മുതൽ ഒരു കോടി വരെ പ്രതിവർഷം വരുമാനം നേടാൻ കഴിയുമെന്നും യുവ ബോട്ട് നിർമാതാവായ ഐശ്വര്യ വ്യക്തമാക്കുന്നു.

വിപണിയിൽ നിലവിൽ കുഞ്ഞൻ ബോട്ടുകൾക്കാണ് ഡിമാൻഡെന്നു നാവൽറ്റ് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ സന്ദിത് തണ്ടാശേരി പറയുന്നു. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബോട്ട് മേഖല അതിവേഗം വളർന്നുവരികയാണ്. അടുത്തിടെ തങ്ങൾക്ക് അഞ്ച് അന്താരാഷ്ട്ര ഓർഡറുകൾ ലഭിച്ചു. ഒരു ബോട്ട് ഇതിനകം കാനഡയിൽ എത്തിച്ചു കഴിഞ്ഞു. തങ്ങളുടെ കമ്പനി നിർമിച്ച 44ൽ അധികം ബോട്ടുകൾ 8 ഇന്ത്യൻ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. 60 സീറ്റുള്ള രണ്ട് സോളാർ ബോട്ടുകൾക്കായി നാവൽറ്റിനു ഇസ്രായേലിൽ നിന്ന് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിൽ നിർമിക്കുന്ന ഉരുവിനു മിഡിൽ ഈസ്റ്റിൽ വലിയ വിപണിയുണ്ടെന്നും സന്ദിത് വ്യക്തമാക്കി.

വളർച്ചയ്ക്കിടയിലും മേഖല പ്രതിസന്ധികളും നേരിടുന്നുണ്ടെന്നു നിർമാതാക്കൾ പറയുന്നു. ബാങ്കുകളിൽ നിന്ന് മതിയായ സാമ്പത്തിക സഹായം കിട്ടുന്നതിനു വെല്ലുവിളികളുണ്ട്. വ്യവസായ സാധ്യത വർധിപ്പിക്കുന്നതിനു സർക്കാർ പിന്തുണ ആവശ്യമുണ്ട്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകാനും നിർമാതാക്കളെ സർക്കാർ പിന്തുണ പ്രാപ്തരാക്കും.

വിനോദ സഞ്ചാരത്തിന്, പ്രത്യേകിച്ച് നമ്മുടെ ഉൾനാടൻ ജലപാതകളെ ഉപയോഗപ്പെടുത്തുന്ന ടൂറിസത്തിന് വലിയ പ്രോത്സാഹനം നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾക്കു പിന്നിലാണ് കേരളം. അതിൽ മാറ്റം വന്നാൽ ആഭ്യന്തര വിപണിക്കു അതു പ്രോത്സാഹനമായി മാറുമെന്നും നിർമാതാക്കൾ ഒറ്റ ശബ്ദത്തിൽ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com