
കൊച്ചി: ഡ്രൈവർമാർ ഉറങ്ങിപ്പോയി അപകടങ്ങൾ സംഭവിക്കാതിരിക്കാൻ കെഎസ്ആർടിസി ബസുകളിൽ സെൻസർ കാമറകൾ സ്ഥാപിക്കുന്നു. ദീർഘദൂര ബസുകളിലാണ് ആദ്യം കാമറകൾ സ്ഥാപിയ്ക്കുന്നത്. ഘട്ടം ഘട്ടമായി മറ്റു ബസുകളിലും സൗകര്യം വരും. ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കുന്നതിനാണ് കാമറകൾ സ്ഥാപിക്കുന്നത്. ഇതുവഴി അപകടങ്ങൾ തടയാനാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ലക്ഷ്യമിടുന്നത്.
ഹൈവേകളിലടക്കം വാഹനാപകടങ്ങളിലെ പ്രധാന വില്ലൻ മതിയായ ഉറക്കമില്ലാതെ ഡ്രൈവർമാർ വണ്ടിയോടിക്കുന്നതാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിആർആർഐ) പഠനങ്ങൾ പ്രകാരം 40 ശതമാനം ഹൈവേ അപകടങ്ങൾക്കും കാരണം ഉറക്കക്കുറവാണെന്നു പറയുന്നു.
കെഎസ്ആർടിസി ഇതിനകം തന്നെ പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് എസി ബസുകളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കുന്ന സംവിധാനത്തോടുകൂടിയ 5,000ത്തോളം ഡാഷ് ബോർഡ് കാമറകൾ വാങ്ങുന്നതിന് ടെൻഡറുകളും ക്ഷണിച്ചിട്ടുണ്ട്.
ഡ്രൈവർമാരുടെ ക്ഷീണവും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പോലെയുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളും കണ്ടെത്തുന്നതിനാണ് എഐ സംവിധാനത്തിലുള്ള കാമറകൾ ഉപയോഗിക്കുക. ഡ്രൈവറുടെ കണ്ണുകൾ, തല, ചലനങ്ങൾ, റോഡ് അവസ്ഥകൾ എന്നിവ കാമറയിലൂടെ നിരീക്ഷിക്കും. ഡ്രൈവർ ഉറക്കത്തിലോ അശ്രദ്ധയിലോ ആണെങ്കിൽ കാമറ മുന്നറിയിപ്പുകൾ നൽകും. പുകവലി കണ്ടെത്തലും സവിശേഷതയാണ്- കെഎസ്ആർടിസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ടിഎൻഐഇയോടു പറഞ്ഞു.
ഡാഷ്‌ബോർഡ് കാമറയ്‌ക്കൊപ്പം ഘടിപ്പിച്ചിരിക്കുന്ന സെൻസർ ക്യാമറ അപാകതകൾ കണ്ടെത്തുമ്പോൾ ബീപ്പ് ശബ്ദങ്ങൾ വഴി തത്ക്ഷണ മുന്നറിയിപ്പുകൾ അയയ്ക്കും. തിരുവനന്തപുരത്തെ കെഎസ്‌ആർടിസി ആസ്ഥാനത്തുള്ള സെൻട്രൽ കമാൻഡ് സെന്ററിലേക്കാണ് മുന്നറിയിപ്പ് എത്തുക. അതുവഴി തത്സമയ നിരീക്ഷണം സാധ്യമാകും.
പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് എസി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കാമറകൾ സ്ഥാപിച്ചു. സിസ്റ്റം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നു കണ്ടെത്തി. 5,000 സെൻസർ കാമറകൾക്കുള്ള ടെൻഡർ രണ്ട് ദിവസം മുമ്പ് ക്ഷണിച്ചിട്ടുണ്ട്. ദീർഘദൂര, സൂപ്പർ ക്ലാസ് ബസുകളിൽ ആദ്യം കാമറകൾ സ്ഥാപിക്കും. ബാക്കിയുള്ളവയിൽ ഘട്ടം ഘട്ടമായും സ്ഥാപിക്കും- ഉദ്യോഗസ്ഥൻ പറഞ്ഞു.
കാമറകൾക്ക് 1,280 x 720 പിക്‌സൽ റെസല്യൂഷൻ ഉണ്ടായിരിക്കണം. ഷോക്ക്, വൈബ്രേഷൻ പ്രതിരോധ ശേഷിയുള്ളതായിരിക്കണം. ടെൻഡർ കിട്ടുന്ന കമ്പനി തത്സമയ നിരീക്ഷണ സൗകര്യം ഉറപ്പാക്കണം. രണ്ട് വർഷത്തെ സമഗ്രമായ ഓൺസൈറ്റ് വാറന്റിയും നൽകണം. എല്ലാ കെഎസ്‌ആർടിസി ബസുകളിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകൾക്കായി മൂന്ന് വർഷത്തെ വാർഷിക അറ്റകുറ്റപ്പണി കരാറിൽ ഒപ്പിടണം.
ദീർഘദൂര, രാത്രി റൂട്ടുകളിലെ ബസ് ഡ്രൈവർമാരുടെ ഉറക്ക ക്ഷീണത്തെ തുടർന്നു നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി കെഎസ്ആർടിസി നേരത്തെ എല്ലാ ദീർഘദൂര രാത്രി യാത്രകളിലും ക്രൂ- ചെയ്ഞ്ച് സംവിധാനം നടപ്പിലാക്കിയിരുന്നു. ക്രൂ-ചെയ്ഞ്ച് സിസ്റ്റത്തിൽ ഡ്രൈവറുടെ പരമാവധി ജോലി സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്താനും നടപടി സ്വീകരിച്ചു. ഡ്രൈവർമാർക്ക് രണ്ട് ഡ്യൂട്ടിക്കിടയിൽ മതിയായ വിശ്രമം എടുക്കാം. അഞ്ച് മണിക്കൂർ തുടർച്ചയായ ഡ്രൈവിങിനു ശേഷം 30 മിനിറ്റ് വിശ്രമിക്കാൻ അവർക്ക് അനുവാദമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക