
മലപ്പുറം: ജോലി സ്ഥലത്തേയ്ക്ക് ബൈക്കില്‍ പോകുമ്പോള്‍ എന്തോ മിന്നായം പോലെ ചാടി. അത് പുലിയാണെന്ന് അറിഞ്ഞപ്പോഴേക്കും ബൈക്കില്‍ നിന്ന് രാജേഷ് മറിഞ്ഞു വീണിരുന്നു. ഒരു 'ഇടി' ജീവിതം രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് ഗൂഡല്ലൂര്‍ ക്ഷേത്രവയല്‍ വീട്ടില്‍ രാജേഷ് (45). മറിച്ചായിരുന്നുവെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് ഓര്‍ക്കാന്‍ പോലും രാജേഷ് ഭയപ്പെടുകയാണ്.
ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലമായ എസ്‌റ്റേറ്റിലേക്ക് പോകുമ്പോഴായിരുന്നു ഇരുമ്പുപാലത്ത് തേയിലത്തോട്ടത്തിന് സമീപം പുലി ബൈക്കിലേക്ക് ചാടിയത്. ഇടിയുടെ ആഘാതത്തില്‍ രാജേഷ് ബൈക്കില്‍ നിന്ന് മറിഞ്ഞുവീണതിനൊപ്പം ബൈക്കിന്റെ ഹാന്‍ഡിലില്‍ ഇടിച്ച് പുലിയും വീണു. ബൈക്കിന്റെ മറുവശത്താണ് പുലി കിടന്നത്. ഇപ്പുറത്ത് പരുക്കുകളോടെ രാജേഷും. പുലി ഏതുസമയത്തും തന്റെ നേരെ കുതിക്കും എന്ന ഭയത്തില്‍ നില്‍ക്കുന്നതിനിടെ ഒരു പുലിക്കുട്ടി കൂടി പുലിയുടെ അടുത്തേക്ക് ചാടിയിറങ്ങി.
ഇതിനിടെ, കാറിലെത്തിയ ആള്‍ രാജേഷിനോട് കാറില്‍ കയറാന്‍ വിളിച്ചുപറഞ്ഞു. പുലിക്കുട്ടി പുലിയുടെ അടുത്ത് അല്‍പ്പസമയം നിന്ന ശേഷം കാട്ടിലേക്ക് പോയി. 10 മിനിറ്റോളം അവശതയോടെ കിടന്ന ശേഷമാണ് പുലി കാട്ടിലേക്ക് ഓടിയത്. വലതു കാല്‍മുട്ടിലും ചുമലിലും പരിക്കേറ്റ രാജേഷിനെ ഗൂഡല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രഥമ ശ്രൂശ്രൂഷയ്ക്ക് ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക