ആര്‍എസ്എസ് ഇടപെട്ടു, പാലക്കാട് ബിജെപിയില്‍ സമവായം; പ്രശാന്ത് ശിവന് ആഘോഷപൂര്‍വം വരവേല്‍പ്പ്, ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു

ബിജെപി ജില്ലാ ഓഫീസില്‍ സ്ഥാനമേല്‍ക്കാനെത്തിയ പ്രശാന്ത് ശിവന് ആഘോഷപൂര്‍വം വന്‍ സ്വീകരണമാണ് നല്‍കിയത്
palakkad bjp
പ്രശാന്ത് ശിവൻ ജില്ലാ പ്രസിഡന്റായി ചുമതലയേൽക്കുന്നു ഫെയ്സ്ബുക്ക്
Updated on

പാലക്കാട്: ജില്ലാ പ്രസിഡന്റ് നിയമനത്തെച്ചൊല്ലി പാലക്കാട് ബിജെപിയിലുണ്ടായ കലാപത്തില്‍ സമവായം. യുവനേതാവ് പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ആര്‍എസ്എസ് ഇടപെട്ടതോടെയാണ് ഇടഞ്ഞു നിന്ന വിമതര്‍ അനുനയത്തിന് തയ്യാറായത്. പ്രശാന്തിനെ പ്രസിഡന്റാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടഞ്ഞു നിന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ രാജിവെക്കില്ലെന്ന് അറിയിച്ചു.

രാജി വെയ്ക്കാനുള്ള തീരുമാനം ഉപേക്ഷിച്ചെങ്കിലും ചെയര്‍പേഴ്സണ്‍ ഉള്‍പ്പടെയുള്ള വിമതപക്ഷം നടപടിയില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. കടുത്ത എതിര്‍പ്പിനെ മറികടന്ന് പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണന്‍, സംസ്ഥാന നേതാവ് ജെ പ്രമീളാ ദേവി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രശാന്ത് ശിവന്‍ ചുമലയേറ്റത്.

ബിജെപി ജില്ലാ ഓഫീസില്‍ സ്ഥാനമേല്‍ക്കാനെത്തിയ പ്രശാന്ത് ശിവന് ആഘോഷപൂര്‍വം വന്‍ സ്വീകരണമാണ് നല്‍കിയത്. ചെണ്ടമേളവും പുഷ്പവൃഷ്ടിയും നടത്തിയാണ് പ്രശാന്ത് ശിവനെ എതിരേറ്റത്. സംസ്ഥാന നേതാവ് സി കൃഷ്ണകുമാര്‍ തന്റെ നോമിനിയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരികിക്കയറ്റുകയാണെന്ന് വിമതപക്ഷം ആരോപിച്ചിരുന്നത്. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റാക്കുന്നതിനെതിരെ, നഗരസഭ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും ഉള്‍പ്പെടെ 11 കൗണ്‍സിലര്‍മാരാണ് രാജി സന്നദ്ധത അറിയിച്ചിരുന്നത്.

ജില്ലാ പ്രസിഡന്റ് പദവിയില്‍ നിയമിക്കുന്നതില്‍ പാര്‍ട്ടിയിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പ്രശാന്ത് ശിവനെ നിയമിച്ചിട്ടുള്ളത്. 45-നും 60 നും ഇടയിലായിരിക്കണം പ്രായം. ബിജെപിയില്‍ ആറു വര്‍ഷം സജീവ അംഗത്വം ഉണ്ടായിരിക്കണം തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. എന്നാല്‍ പ്രശാന്തിന് 35 വയസ് മാത്രമാണ് പ്രായമെന്നും, നാലു വര്‍ഷം മാത്രമാണ് പ്രശാന്തിന് ബിജെപിയില്‍ സജീവ അംഗത്വവുമുള്ളത്. ചില നേതാക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതെന്നും വിമത പക്ഷം ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com