
തൃശൂര്‍: തൃശ്ശൂര്‍ പുഴയ്ക്കലില്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് മോഷണശ്രമം(theft case). നാലംഗസംഘം ജീവനക്കാരനെ കെട്ടിയിട്ട് വായില്‍ തുണി തിരുകി മര്‍ദ്ദിച്ചു. ഹൈസണ്‍ ടാറ്റ ഷോറൂമിലാണ് സംഭവം.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുഴക്കലിലെ ഹൈസണ്‍ മോട്ടോഴ്‌സിലെ സെക്യൂരിറ്റി ജീവനക്കാരനെയാണ് ഓട്ടോയില്‍ എത്തിയ നാലംഗസംഘം പിടിച്ചു കെട്ടി മോഷണശ്രമം നടത്തിയത്. തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖംമൂടി ധരിച്ച നാലുപേര്‍ പുലര്‍ച്ചെ ഓട്ടോയില്‍ എത്തിയാണ് മോഷണത്തിന് ശ്രമിച്ചത്.
സെക്യൂരിറ്റി ജീവനക്കാരനെ അയാള്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ചാണ് പോസ്റ്റില്‍ കെട്ടിയിട്ടത്. വായില്‍ തുണിതിരുകിയ ശേഷം സംഘം ഷോറൂമിന്റെ ചില്ലു തകര്‍ത്ത് അകത്തു കയറിയെങ്കിലും ഒന്നും കിട്ടിയില്ല. പണം വെച്ചിരുന്ന സ്ഥലവും ഇവര്‍ക്ക് കണ്ടെത്താനായില്ല. തുടര്‍ന്ന് വന്ന ഓട്ടോയില്‍ തന്നെ ഇവര്‍ തിരിച്ചു പോവുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ ഇവര്‍ കൈക്കലാക്കിയതായി പൊലീസ് പറയുന്നു. ഓട്ടോ എറണാകുളം ഭാഗത്തേക്കാണ് പോയതെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിച്ചതായാണ് സെക്യൂരിറ്റികാരന്റെ മൊഴി. പ്രതികള്‍ തമിഴ്‌നാട്ടുകാരാണെന്നും പൊലീസിന് സംശയമുണ്ട്. സിസിടിവി പരിശോധിച്ച ഓട്ടോയുടെ നമ്പര്‍ കണ്ടെത്തി അന്വേഷണം മുന്നോട്ടു നീങ്ങുകയാണ്. വൈകാതെ പ്രതികള്‍ വലയിലാകുമെന്നും പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ