തെരഞ്ഞെടുപ്പുകളിലെ ബ്ലോക്ബസ്റ്റ‍ർ വിജയികളും എട്ടുനിലയിൽ പൊട്ടിയവരും;സ്വന്തം പാർട്ടിയുണ്ടാക്കിയ സിനിമാതാരം മുതൽ രണ്ട് മുന്നണികൾക്കും വേണ്ടി മത്സരിച്ചവർവരെ

മലയാളത്തിലെ ബിഗ് സ്ക്രീനിലെയും മിനി സ്ക്രീനിലെയും താരങ്ങളും അക്ഷരലോകത്തെ നക്ഷത്രങ്ങളും മൈതാനത്തിൽ നിന്നുള്ള മിന്നൽ പിണരും തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കിയിട്ടുണ്ട്.
by election
Election: തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച മലയാള സിനിമാ, സാഹിത്യ താരങ്ങൾപ്രതീകാത്മക ചിത്രം
Updated on
9 min read

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത് രണ്ട് രാഷ്ട്രീയ പ്രവർത്തകർ തമ്മിലാണെങ്കിലും അവരുടെ മത്സരത്തിൽ മറ്റൊരു സമാനത കൂടിയുണ്ട്. രാഷ്ട്രീയ പ്രവർത്തകർ എന്നതിലുപരി ഇരുവരും മറ്റ് സാംസ്കാരിക മേഖലകളിൽ അവരുടെ കഴിവ് തെളിയിച്ചവരാണ്. കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് കേരളത്തിലറിയപ്പെടുന്ന സിനിമപ്രവർത്തകനാണ്. കഥ, തിരക്കഥ, സംഭാഷണം നിർമ്മാണം എന്നീ മേഖലകളിൽ ആര്യാടൻ ഷൗക്കത്ത് എന്ന പേര് ശ്രദ്ധേയനാണ്. സിപി എം രംഗത്തിറക്കിയ എം സ്വരാജിനാണെങ്കിൽ പ്രഭാഷകൻ, ഗ്രന്ഥകർത്താവ് എന്നീ നിലകളിലും സുപരിചിതനാണ്. ഇവർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ കേരളത്തിന് പറയാൻ സാഹിത്യകാരന്മാരുടെയും സിനിമാക്കാരുടെയും തെരഞ്ഞെടുപ്പ് ഏറ്റുമുട്ടലുകളുടെ ദീർഘകാല ചരിത്രമുണ്ട്. ചുരുക്കി പറഞ്ഞാൽ കേരളം രൂപീകരിക്കുന്നതിന് മുമ്പ് തുടങ്ങും ആ ചരിത്രം.

സിനിമാ, സാഹിത്യ, കായിക മേഖലയിൽ നിന്നുള്ളവരും ഒരു കൈ പയറ്റി നോക്കിയിട്ടുണ്ട്. ചിലരെല്ലാം വിജയപീഠത്തിലേക്ക് കയറിയപ്പോൾ മറ്റ് ചിലർ പരാജയത്തിന്റെ കയ്പും രുചിച്ചു. പ്രധാന രാഷ്ട്രീയപാർട്ടികളുടെ സ്ഥാനാർത്ഥികളായും അവരുടെ സ്വതന്ത്രസ്ഥാനാർത്ഥികളായും ഒരു പാർട്ടിയുടെയും പിന്തുണയില്ലാത്ത സമ്പൂർണ്ണ സ്വതന്ത്രരായും അവർ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിട്ടുണ്ട്.

ഒരുപക്ഷേ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ താരങ്ങളിറങ്ങുന്നതിന് മുമ്പ് തന്നെ കേരളക്കരയിൽ തെരഞ്ഞെടുപ്പിൽ (Election)ഈ മേഖലകളിലെ പ്രതിഭകൾ തങ്ങളുടെ മാറ്റുരച്ച് നോക്കിയിട്ടുണ്ട്. ജ്ഞാനപീഠ ജേതാവും മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയയാളും മികച്ച നടനുള്ള അവാർഡ് നേടിയ പ്രതിഭയും പ്രശസ്ത എഴുത്തുകാരിയുമൊക്കെ മലയാളക്കരയിൽ അവരുടെ രാഷ്ട്രീയ പരീക്ഷണം നടത്തിയിട്ടുണ്ട്.

Joseph  Mundassery, Former minister
ജോസഫ് മുണ്ടശ്ശേരിവിക്കി പീഡിയ

ജോസഫ് മുണ്ടശ്ശേരി

അധ്യാപകനും നിരൂപകനുമായ കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി തന്റെ രാഷ്ട്രീയ പരീക്ഷണം ആരംഭിക്കുമ്പോൾ ഐക്യ കേരളം രൂപീകരിച്ചിരുന്നില്ല. കൊച്ചി പ്രജാമണ്ഡലം വഴിയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്.കൊച്ചി രാജ്യമായിരുന്ന കാലത്ത് 1948 ൽ അർത്തൂക്കരയിൽ നിന്ന് അദ്ദേഹം കൊച്ചി നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കേരളം രൂപീകരിക്കപ്പെടുന്നതിന് മുമ്പ് തിരു- കൊച്ചി കാലത്ത് 1951 ൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച മുണ്ടശേരി, കോൺഗ്രസിലെ ഇയ്യുണ്ണി ചാലക്കയോട് തോറ്റു. ഇയ്യുണ്ണി 70300 വോട്ട് നേടിയപ്പോൾ, മുണ്ടശേരിക്ക് 56,362 വോട്ട് മാത്രമേ ലഭിച്ചുള്ളൂ.

എന്നാൽ, 1954 ൽ ചേർപ്പിൽ നിന്ന് തിരു-കൊച്ചി നിയമസഭാ അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ 1957 ൽ നിയമസഭയിലേക്ക് ജോസഫ് മുണ്ടശേരി മത്സരിച്ച് ജയിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി. ലോകസഭയിലേക്ക് തോറ്റപ്പോഴും നിയമസഭയിലേക്ക് ജയിച്ചപ്പോഴും അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സി പി ഐ) പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

Thoppil Bhasi, CPI, KPAC,
തോപ്പിൽ ഭാസിവിക്കി പീഡിയ

തോപ്പിൽ ഭാസി

പഞ്ചായത്തിലും, തിരു കൊച്ചി നിയമസഭയിലും കേരളാ നിയമസഭയിലും അംഗമായിരുന്ന ഏക വ്യക്തി ഒരു പക്ഷേ, നാടകകൃത്തും സംവിധായകനും, സിനിമാ തിരക്കഥാകൃത്തും സംവിധായകുമൊക്കെയായ തോപ്പിൽ ഭാസിയാണ് . കേരളത്തിലെ പ്രൊഫഷണൽ, രാഷ്ട്രീയ നാടകവേദിയുടെ അമരക്കാരിലൊരാളായ തോപ്പിൽഭാസി 1953ൽ വള്ളിക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. പിന്നീട് 1954ൽ തിരു-കൊച്ചി നിയമസഭയിൽ അംഗമായി. 1957ൽ ആദ്യ കേരള നിയമസഭയിൽ പഴയ പത്തനംതിട്ട മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.

Malayattur Ramakrishnan.
മലയാറ്റൂർ രാമകൃഷ്ണൻവിക്കിപീഡിയ

മലയാറ്റൂർ രാമകൃഷ്ണൻ

1954ലെ തിരു-കൊച്ചി നിയമസഭയിലേക്ക് മത്സരിച്ച മറ്റൊരു ബഹുമുഖപ്രതിഭയാണ് മലയാള സാഹിത്യലോകത്തെ ബ്രിഗേഡിയർ. ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് മലയാറ്റൂർ രാമകൃഷ്ണൻ തെരഞ്ഞെടുപ്പ് ലോകത്ത് ഇറങ്ങിയത്. 1954ൽ തിരു-കൊച്ചി നിയമസഭയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി സ്വതന്ത്രനായി പെരുമ്പാവൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ചു. എന്നാൽ വിജയിക്കാനായില്ല. രാമകൃഷ്ണ അയ്യർ എന്ന മലയാറ്റൂർ രാമകൃഷ്ണൻ കോൺഗ്രസ് സ്ഥാനാർത്ഥി പൗലോസിനോട് തോൽക്കുകയായിരുന്നു. ചെറുകഥാകൃത്ത്. സംവിധായകൻ, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, കാർട്ടൂണിസ്റ്റ് എന്നീ നിലകളിൽ സർഗാത്മക പ്രതിഭ തെളിയിച്ച അദ്ദേഹം ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു. ഗവൺമെന്റ് സെക്രട്ടറി, റവന്യൂബോർഡ് മെമ്പർ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

sk pottekkad , sukumar azheekkode
എസ് കെ പൊറ്റക്കാട് (ഇടത്) സുകുമാർ അഴീക്കോട് (വലത്)വിക്കി പീഡിയ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്

എസ്. കെ. പൊറ്റക്കാടും സുകുമാർ അഴീക്കോടും

ജോസഫ് മുണ്ടശേരി 1957 ൽ നിയമസഭയിലേക്ക് ജയിച്ചുവെങ്കിൽ മറ്റൊരു സാഹിത്യകാരന് തോൽവിയായിരുന്നു ഫലം. തലശേരി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും സി പി ഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എസ് കെ പൊറ്റക്കാട് തോറ്റത് കോൺഗ്രസിന്റെ ജിനചന്ദ്രനോട് 1,382 വോട്ടിനായിരുന്നു. മലയാള സഞ്ചാര സാഹിത്യരംഗത്തെ കുലപതിക്ക് തലശേരയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്ര മുടങ്ങിയത്.

കേരളത്തിൽ രണ്ട് സാഹിത്യ പ്രതിഭകൾ ഏറ്റുമുട്ടിയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത് 1962 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു. നിരൂപകനും പ്രഭാഷകനുമായ സുകുമാർ അഴീക്കോടും നോവലിസ്റ്റും സഞ്ചാര സാഹിത്യകാരനുമായ എസ് കെ പൊറ്റക്കാടും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. തലശേരി ലോക്‌സഭാ മണ്ഡലമായിരുന്നു ഇരുവരുടെയും പോരാട്ടഭൂമിക. 1957ൽ തലശേരിയിൽ തോൽവി നേരിട്ട എസ് കെ അതേ മണ്ഡലത്തിൽ വീണ്ടും മത്സരത്തിനിറങ്ങുകയായിരുന്നു. സി പി ഐയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എസ് കെ പൊറ്റക്കാട് രണ്ടാമത്തും മത്സരരംഗത്ത് എത്തിയത്. കെ ടി സുകുമാരൻ എന്ന പേരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സുകുമാർ അഴീക്കോടും. ഇത്തവണ വിജയം പൊറ്റക്കാടിനൊപ്പമായിരുന്നു. 64,950 വോട്ടിനായിരുന്നു പൊറ്റക്കാടിന്റെ വിജയം. പിന്നീട് രണ്ട് പേരും തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നില്ല.

ആനി തയ്യിൽ

ലോക്‌സഭാ, തിരു-കൊച്ചി, രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഏക സാഹിത്യകാരി ആനി തയ്യിലായിരിക്കും. മാത്രമല്ല കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ഏക എഴുത്തുകാരിയും ആനി തയ്യിലാണ്. 1949ൽ തിരു- കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1964ൽ രാജ്യസഭയിലേക്കും 1967 ൽ മൂവാറ്റുപുഴയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ആയിരുന്ന ആനി തയ്യിൽ, സി പി എമ്മിന്റെ പി. പി എസ്തോസിനോട് പരാജയപ്പെട്ടു എന്ന് മാത്രമല്ല, 70,010 വോട്ട് നേടിയെങ്കിലും മൂന്നാം സ്ഥാനാത്താണ് എത്തിയത്.

Aanie thayyil
ആനി തയ്യിൽ വിക്കി പീഡിയ , https://ml.wikipedia.org
Ramu karyatt
രാമുകാര്യാട്ട്വിക്കി പീഡിയ

രാമു കാര്യാട്ട്

ജയിച്ചിട്ടും നിയമസഭ കാണാൻ കഴിയാത്ത ഒരു സംവിധായകൻ കേരളത്തിലെ രാഷ്ട്രീയത്തിലുണ്ട്. തെരഞ്ഞെടുപ്പ് രംഗത്ത് എത്തിയ പ്രമുഖ സിനിമാ സംവിധായകൻ രാമുകാര്യാട്ടാണ് നിയമസഭാ കാണാനാകാതെ പോയ വിജയി. രാമു കാര്യാട്ട് 1965 ൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സി പി ഐയുടെയും സിപിഎമ്മിന്റെയും പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. സിപി എം സ്വതന്ത്രനായാണ് അദ്ദേഹം എത്തിയതെങ്കിലും സി പി ഐ സ്ഥാനാർത്ഥിയെ പിൻവലിക്കുകയായിരുന്നു. നാട്ടികയിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ അത്തവണ സഭ ചേർന്നില്ല.

പിന്നീട് 1971ൽ നാട്ടികയിൽ നിന്ന് മാറി തൃശൂരിൽ നിന്നും സമ്പൂർണ്ണ സ്വതന്ത്രനായി രാമുകാര്യാട്ട് മത്സരിച്ചു. ജയിച്ചത് സിപി ഐ സ്ഥാനാർത്ഥിയും രണ്ടാം സ്ഥാനാത്ത് സി പി എം സ്ഥാനാർത്ഥിയും എത്തി. 6,364 വോട്ടുകൾ നേടി നാലാം സ്ഥാനമായിരുന്നു രാമുകാര്യാട്ടിന് കിട്ടിയത്.

madhavikkutti, kamaladas
മാധവിക്കുട്ടി എന്ന കമല സുരയ്യസമകാലിക മലയാളം

മാധവിക്കുട്ടി എന്ന കമലാദാസ്

പിന്നീട് പതിമൂന്ന് വർഷം സാഹിത്യ സിനിമാ രംഗത്തുനിന്നുള്ളവരാരും കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങിയില്ല. പക്ഷേ 13 ആം വർഷം തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത് മലയാളിയുടെ സ്വന്തം മാധവിക്കുട്ടിയായിരുന്നു. 1984ൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു കമലാദാസിന്റെ (മാധവിക്കുട്ടി) മത്സരം. ഇന്ദിരാഗന്ധിയുടെ വധത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിർത്തിയ പുതുമുഖ സ്ഥാനാർത്ഥിയായ എ. ചാൾസ് ആണ് ജയിച്ചത്. 1786 വോട്ടാണ് മാധവിക്കുട്ടിക്ക് തിരുവന്തപുരത്ത് നിന്നും ലഭിച്ചത്. മാധവിക്കുട്ടി പിന്നീട് മത്സര രംഗത്ത് വന്നില്ല.

MK Sanu
എം കെ സാനുന്യൂ ഇന്ത്യൻ എക്സ്പ്രസ്

എം കെ സാനു

എറണാകുളം നിയമസഭയിൽ നിന്നും സാഹിത്യകാരനും അധ്യാപകനുമായ എം. കെ. സാനു 1987 ൽ സി പി എം സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് ജയിച്ചു. ആ ടേമിന് ശേഷം അദ്ദേഹം തിരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിന്മാറി.

ONV Kurup
ഒ എൻ വി കുറുപ്പ്Mithun Vinod

ഒ എൻ വി

മാധവിക്കുട്ടിയുടെ പരാജയത്തിന് ശേഷം അഞ്ച് വർഷം കഴിഞ്ഞപ്പോൾ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ വീണ്ടുമൊരു സിനിമാ സാഹിത്യ പ്രതിഭ ജനവിധി തേടിയിറങ്ങി. 1989 ൽ നടന്ന തിരഞ്ഞെടുപ്പിൽ കവിയും അധ്യാപകനും ഗാനരചയിതാവുമായിരുന്ന ഒ. എൻ വി കുറപ്പായിരുന്നു എൽ ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസിന്റെ എ. ചാൾസിനോട് പരാജയപ്പെട്ടു.

രണ്ട് സാഹിത്യ പ്രതിഭകളെ തോൽപ്പിച്ച രാഷ്ട്രീയ നേതാവ് എന്ന നേട്ടം തിരുവന്തപുരത്ത് തുടർച്ചയായി മൂന്ന് തവണ ജയിച്ച് എ. ചാൾസ് എന്ന കോൺഗ്രസ് നേതാവിന് മാത്രമായിരിക്കാം സ്വന്തമാക്കി അഭിമാനിക്കാൻ കഴിയുക.

Lenin Rajendran
ലെനിൻ രാജേന്ദ്രൻന്യൂ ഇന്ത്യൻ എക്സപ്രസ്

ലെനിൻ രാജേന്ദ്രൻ

ഒ എൻ വി തിരുവനന്തപുരത്ത് മത്സരിച്ചപ്പോൾ മറ്റൊരു സിനിമാ സംവിധായകനും ലോക്‌സഭയിലേക്ക് മത്സരിച്ചു. ഒറ്റപ്പാലത്ത് സി പി എമ്മിന്റെ സ്ഥാനാർത്ഥിയായി സംവിധായകൻ ലെനിൻ രാജേന്ദ്രൻ. കെ. ആർ നാരായണനോട് അദ്ദേഹം തോറ്റു. 1991ലും കെ ആർ നാരായണനെതിരെ ഒറ്റപ്പാലം മണ്ഡലത്തിൽ ലെനിൻ രാജേന്ദ്രനായിരുന്നു സി പി എമ്മിന്റെ സ്ഥാനാർത്ഥി. രണ്ട് തവണയും വിജയം അദ്ദേഹത്തിനൊപ്പമുണ്ടായില്ല. അതിന് ശേഷം അദ്ദേഹവും തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നില്ല.

murali
മുരളിസമകാലിക മലയാളം

മുരളി

തിരഞ്ഞെടുപ്പിൽ വീണ്ടുമൊരു താരത്തിളക്കം ഉണ്ടായത് 1999ലാണ്. ആലപ്പുഴ മണ്ഡലത്തിൽ നിന്നും ഭരത് അവാർഡ് ജേതാവായ നടൻ മുരളിയാണ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചത്. വി.എം. സുധീരനെതിരായി മത്സരത്തിൽ മുരളിക്ക് വിജയിക്കാനായില്ല. പിന്നീട് മുരളിയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വന്നില്ല

Kadamanitta ramakrishnan,
കടമ്മനിട്ട രാമകൃഷ്ണൻമലയാളം വിക്കിപീഡിയ പദ്ധതിയിലെ Fotokannan

കടമ്മനിട്ടയും കുഞ്ഞിമുഹമ്മദും

ഉപതെരഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ചെടുത്ത സിനിമാക്കാരനുമുണ്ട് കേരളത്തിലെ രാഷ്ട്രീയ ചിത്രത്തിൽ. 1994 ൽ ഉപതിരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ നിന്നും ജയിച്ചാണ് പി ടി കുഞ്ഞിമുഹമ്മദ് എന്ന ചലച്ചിത്രകാരൻ നിയമസഭയിലേക്ക് എത്തുന്നത്. സി പി എം സ്വതന്ത്രനായി മത്സരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1996 ൽ അദ്ദേഹം വീണ്ടും നിയമസഭാംഗമായി. 1994ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ കോട്ടയായിരുന്ന മണ്ഡലമാണ് പി ടി കുഞ്ഞിമുഹമ്മദിലൂടെ എൽ ഡി എഫ് പിടിച്ചെടുത്തത്.

1996 ൽ കടമ്മിനിട്ട രാമകൃഷ്ണനാണ് സഭയിലെത്തിയ കവി. അദ്ദേഹമെത്തിയതോ ജയന്റ് കില്ലർ എന്ന പരിവേഷവുമായിട്ടായിരുന്നു. എം വി ആർ എന്ന എം വി രാഘവനെ സി പി എം സ്വതന്ത്രനായി മത്സരിച്ച കടമ്മനിട്ട തോൽപ്പിച്ചാണ് അദ്ദേഹം തിരുവനന്തപുരത്തിന് വണ്ടി കയറിയത്. ആറന്മുള മണ്ഡലത്തിൽ നിന്നായിരുന്നു കടമ്മനിട്ടയുടെ വിജയം. ഒരു തവണ മൽസരിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തോട് കവി വിടപറഞ്ഞു.

Punathil kunjabdhulla
പുനത്തിൽ കുഞ്ഞബ്ദുള്ളസമകാലിക മലയാളം

പുനത്തിൽ, ഗണേശ് കുമാർ, ജഗദീഷ്, മുകേഷ്, രഘു

2001 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ബി ജെ പി സ്ഥാനാർത്ഥിയായി സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള മത്സരിച്ചു. അപ്രതീക്ഷിതമായതൊന്നും സംഭവിക്കാത്തതിനാൽ മൂന്നാം സ്ഥാനമാണ് അദ്ദേഹത്തിന് അവിടെ ലഭിച്ചത്.

സിനിമാമേഖലയിൽ നിന്ന്‌ ഏറ്റവും കൂടുതൽ തവണ ജനപ്രതിനിധിയായി എന്ന റെക്കോർഡ് കേരളാ കോൺഗ്രസ് (ബി)യുടെ കെ.ബി ഗണേശ് കുമാറിനാണ്. ഇരുമുന്നണികളുടെയും ഭാഗമായി മത്സരിച്ച ജയിക്കുകയും ഇരുമുന്നിയുടെ ഭാ​ഗമായി മന്ത്രിയാവുകയും ചെയ്ത സിനിമാക്കാരനും അദ്ദേഹമാണ്. 2001 മുതൽ തുടർച്ചയായി അഞ്ച് തവണ അദ്ദേഹം പത്താനപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുകയാണ്. യു ഡി എഫിന്റെയും എൽ ഡി എഫിന്റെയും ഭാഗമായി അദ്ദേഹം മത്സരിച്ചു ജയിച്ചു. മൂന്ന് തവണ മന്ത്രിയും ആയി.

ഗണേശ് കുമാർ മത്സരിച്ച പത്തനാപുരം മണ്ഡലത്തിൽ മറ്റൊരു പ്രത്യേകത കൂടി 2016ലെ തെരഞ്ഞെടുപ്പിൽ ഉണ്ടായി. 1962 ൽ തലശേരി ലോക്‌സഭാ മണ്ഡലത്തിൽ രണ്ട് സാഹിത്യകാരന്മാരാണ് ഏറ്റുമുട്ടിയിതെങ്കിൽ 2016 ലെ തിരഞ്ഞെടുപ്പിൽ പത്തനാപുരം മണ്ഡലത്തിൽ മൂന്ന് മുന്നണികൾക്കും വേണ്ടി ഏറ്റുമുട്ടിയ മൂന്ന് സ്ഥാനാർത്ഥികളും സിനിമാ നടന്മാരായിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസ് (ബി)യുടെ സിറ്റിങ് എം എൽ എ കെ. ബി. ഗണേശ് കുമാർ. യു ഡി എഫിന് വേണ്ടി കോൺഗ്രസ് സ്ഥാനാർത്ഥിയായി പി വി ജഗദീഷ് കുമാർ എന്ന നടൻ ജഗദീഷും ബി ജെ പി സ്ഥാനാർത്ഥിയായി രഘു ദാമോദരൻ എന്ന നടൻ ഭീമൻ രഘുവുമാണ് രംഗത്തിറങ്ങിയത്. പത്താനപുരത്തുകാർ ഈ നൂറ്റാണ്ടിലെ തുടക്കത്തിലാരംഭിച്ച പതിവ് തെറ്റിക്കാത്തതുകൊണ്ട് ഗണേശ് കുമാർ നിയമസഭയിലേക്ക് പോയി.

Innocent
ഇന്നസെന്റ്, ഫെയ്സ്ബുക്ക്

സാറാജോസഫ് , അനിതാ പ്രതാപ്,ഇന്നസെൻറ്

ലോക‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും സാഹിത്യത്തിൽ നിന്നും സിനിമയിൽ നിന്നുമുള്ള പ്രതിഭകൾ മത്സരിച്ചത് 2014ലാണ്. ചാലക്കുടിയിൽ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച നടൻ ഇന്നസെൻറ് ലോക്‌സഭയിലേക്ക് ജയിച്ചു. തൃശൂരിൽ നിന്നും ആം ആദ്മി പാർട്ടിയുടെ ( ആപ്പ്) സ്ഥാനാർത്ഥിയായി സാഹിത്യകാരിയായ സാറാ ജോസഫ് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

ഇതേ തിരഞ്ഞെടുപ്പിൽ തന്നെ ആപ്പിന്റെ സ്ഥാനാർത്ഥിയായി മറ്റൊരു പ്രമുഖയും മത്സരിച്ചു. രാജ്യാന്തര തലത്തിൽ ശ്രദ്ധേയയായ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ അനിതാപ്രതാപ് എറണാകുളത്ത് നിന്നാണ് ലോകസഭയിലേക്ക് മത്സരിച്ചത്. ഇരുവർക്കും തോൽവിയായിരുന്നു ഫലം. 2019ൽ ചാലക്കുടിയിൽ ഇന്നസെൻറ് വീണ്ടും മത്സരിച്ചുവെങ്കിലും തോൽവിയായിരുന്നു ഫലം.

sreesanth
ശ്രീശാന്ത്ഫയൽ

തെരഞ്ഞെടുപ്പ് കളത്തിലെ ശ്രീശാന്ത്

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു നടൻ കൂടി ജയിച്ചു കയറി, മുകേഷ്. കൊല്ലം മണ്ഡലത്തിൽ നിന്നും സി പി എമ്മിന്റെ സ്ഥാനാർത്ഥിയായിട്ടായിരുന്നു മുകേഷിന്റെ മത്സരം. 2021 ലും മുകേഷ് സി പി എം സ്ഥാനാർത്ഥിയായി കൊല്ലം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് ജയിച്ചു. എന്നാൽ, കഴിഞ്ഞ ലോകസഭയിൽ കൊല്ലം മണ്ഡലത്തിൽ നിന്ന് മത്സരിച്ചുവെങ്കിലും എൻ കെ പ്രേമചന്ദ്രനോട് തോറ്റു.

ഗണേശ് കുമാർ മുന്നണി മാറി മത്സരിച്ചതെങ്കിൽ അലി അക്ബർ എന്ന സംവിധായകൻ തെരഞ്ഞെടുപ്പിൽ പാർട്ടി മാറിയാണ് മത്സരിച്ചത്. ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി 2014 ൽ വടകരയിൽ മത്സരിച്ചുവെങ്കിലും അലി അക്ബർ തോറ്റു. പിന്നീട് പാർട്ടി മാറി 2016ൽ ബി ജെ പി സ്ഥാനാർത്ഥിയായി കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചുവെങ്കിലും തോൽവിയുടെ കാര്യത്തിൽ മാറ്റമുണ്ടായില്ല.

ക്രിക്കറ്റ് താരം ശ്രീശാന്തും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങി. ബി ജെ പിക്കായാണ് ശ്രീശാന്ത് തെരഞ്ഞെടുപ്പ് മൈതാനത്ത് ഇറങ്ങിയത്. തിരുവനന്തപുരം സെൻട്രൽ നിയമസഭാ മണ്ഡലത്തിൽ 2016ൽ തോറ്റുവെങ്കിലും കേരളത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിൽ കളിക്കാനിറങ്ങിയ ക്രിക്കറ്റർ എന്ന ബഹുമതി സ്വന്തമാക്കാൻ ശ്രീശാന്തിനായി.

സ്വന്തമായി രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയ ദേവൻ

കേരളത്തിൽ സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി മത്സരിച്ച ഏക നടൻ ദേവനാണ്. 2004 ൽ കേരളാ പീപ്പിൾസ് പാർട്ടി രൂപീകരിച്ചാണ് ദേവൻ മത്സരരംഗത്ത് എത്തിയത്. എന്നാൽ, ഒരിടത്തും ജയിക്കാനായില്ല. പിന്നീട് പാർട്ടിയുടെ പേര് നവകേരളാ പീപ്പിൾസ് പാർട്ടി എന്നാക്കി. നിലവിൽ അദ്ദേഹത്തിന്റെ പാർട്ടിയെ ബി ജെ പിയിൽ ലയിപ്പിച്ചു എന്നാണ് അദ്ദേഹം അറിയിച്ചത്. തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ജയിക്കുകയും തോൽക്കുകയും ചെയ്ത സംവിധായകൻ രാമുകാര്യാട്ടിന്റെ ബന്ധുകൂടിയാണ് നടൻ ദേവൻ.

കഴിഞ്ഞ കേരളാ നിയമസഭയിലേക്ക് മത്സരിച്ചവരിൽ എട്ട് പേരാണ് സിനിമാക്കാർ. ഏഴു പേർ നടന്മാരാണ്. അതിലൊരാൾ നിർമ്മാതാവും അഭിനേതാവും സംവിധായകനുമാണ്. മറ്റൊരാൾ നിർമാതാവും. ഇതിൽ രണ്ട് പേർ എൽ ഡി എഫിലും മൂന്ന് പേർ വീതം യു ഡി എഫിനും എൻ ഡി എയ്ക്കും വേണ്ടി മത്സരിച്ചു.

എൽ ഡി എഫിൽ നിന്നും യു ഡി എഫിലേക്ക് മാറിയാണ് നിർമാതാവും അഭിനേതാവും സംവിധായകനുമായ മാണി സി. കാപ്പൻ സ്ഥിരം മണ്ഡലമായ പാലയിൽ മത്സരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ ജയിച്ച എൽ ഡി എഫ് എം എൽ എയാണ് കാപ്പൻ. മലയാളം, ആസാമീസ് ഭാഷകളിൽ സിനിമാ നിർമ്മാണം, അഭിനയം, സംവിധാനം എന്നി മേഖലകളിലും മാണി സി. കാപ്പൻ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ലോകസഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചുവെങ്കിലും തോൽവിയായിരുന്നു ഫലം. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മാണി സി കാപ്പൻ ആദ്യമായി വിജയിച്ചത്.

ജോസ് കെ. മാണി വിഭാഗം കേരളാ കോൺഗ്രസ് എൽ ഡി എഫിലേക്ക് വന്നപ്പോള്‍ പാലാ സീറ്റിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്നാണ് മാണി സി കാപ്പൻ പാർട്ടിയും മുന്നണിയും വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് യു ഡി എഫിൽ ചേർന്ന്, പാലയിൽ മത്സരിച്ച് ജയിച്ചത്.തോൽപ്പിച്ചത് ജോസ് കെ മാണിയെയും.ബോൾഗാട്ടിയിൽ നിന്ന് ബാലുശേരിയിലെത്തി ധർമ്മജൻ ബോൾഗാട്ടി മത്സരിച്ചത് . മിമിക്രി താരവും, അഭിനതാവും കോൺഗ്രസ് പ്രവർത്തകനുമായ ധർമ്മജന്റെ കന്നി മത്സരത്തിൽ തോൽവിയായിരുന്നു ഫലം. തിരുവനന്തപുരം സെൻട്രൽ എന്ന മണ്ഡലത്തിൽ ക്രിക്കറ്ററെ ഇറക്കി തോറ്റ ബി ജെ പി സിനിമാ, സീരിയൽ നടനായ കൃഷ്ണകുമാർ ജി യാണ് മത്സരിപ്പിച്ചത്. കേരളത്തിലെ തെരഞ്ഞെടുപ്പിൽ ആദ്യമായി സീരിയൽ നടനെ മത്സരിപ്പിക്കുന്നതും ബി ജെ പിയായിരിക്കും.ചവറയിലെ ബി ജെ പി സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ച സിനിമാ- സീരിയിൽ നടനും സെലിബ്രിറ്റി ക്രിക്കറ്റ് താരവുമാണ്. ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് വിവേക് ഗോപൻ. സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമാതാരങ്ങളുടെ സെലിബ്രിറ്റിക്രിക്കറ്റ് ടീം അംഗവുമാണ്.

Suresh Gopi
Suresh Gopifacebook

സുരേഷ് ഗോപി

രാഷ്ട്രപതി നോമിനേറ്റ് ചെയ്ത് രാജ്യസഭാംഗമായ നടനാണ് സുരേഷ് ഗോപി. 1997 ൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ നടനാണ് അദ്ദേഹം. 2016ൽ രാജ്യസഭാ അംഗമായ അദ്ദേഹം 2019ൽ ബി ജെ പി സ്ഥാനാർത്ഥിയായി തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും തോൽവിയായിരുന്നു ഫലം. തൃശൂരെടുക്കാനിറങ്ങിയ സുരേഷ് ഗോപി അന്ന് വെറുംകൈയ്യോടെ രാജ്യസഭയിലേക്ക് മടങ്ങി. പിന്നീട് 2021ൽ തൃശൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു തോറ്റു. 2023 ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം തൃശൂരിൽ നിന്ന് ജയിച്ചു. കേന്ദ്ര സഹമന്ത്രിയായി.

Manjalamkuzhi Ali
മഞ്ഞളാംകുഴി അലിfacbook

മഞ്ഞളാംകുഴി അലി

രാഷ്ട്രീയത്തിലിറങ്ങിയ സിനിമാ നിർമ്മാതാവാണ് മഞ്ഞാളാം കുഴി അലി. 1988 ൽ ധ്വനി എന്ന മലയാളചിത്രം നിർമ്മിച്ച് ചലച്ചിത്രനിർമ്മാണ രംഗത്തേക്ക് കടന്നുവന്ന വ്യവസായിയാണ് മഞ്ഞളാം കുഴി അലി. 25 ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. ആദ്യ ചിത്ര നിർമ്മിച്ച് എട്ട് വർഷം പിന്നിടുമ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സിച്ചത്. കന്നിയങ്കത്തിൽ പരാജയമായിരുന്നു മാക് അലി എന്ന് അറിയപ്പെടുന്ന മഞ്ഞളാംകുഴി അലിയെ കാത്തിരുന്നത്. 1054 വോട്ടുകൾക്കാണ് മുസ്‌ലിം ലീഗിലെ കെ പി എ മജീദിനോട് മഞ്ഞളാം കുഴി അലി തോറ്റു. അന്ന് സി പി എം സ്വതന്ത്രനായിട്ടായിരുന്നു അദ്ദേഹം മത്സരിച്ചത്. 2001 ലെ തെരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ കെ പി മജീദിനെ 3058 വോട്ടിന് തോൽപ്പിച്ച് സി പി എം സ്ഥാനാർത്ഥിയായി അലി നിയമസഭയിലേക്ക് എത്തി. 2006 ൽ അദ്ദേഹം തകർപ്പൻ ജയമാണ് നേടിയത്. മുസ്‌ലിം ലീഗിലെ കരുത്തനും മന്ത്രിയുമായിരുന്ന എം കെ മുനീറിനെ തോൽപ്പിച്ചാണ് വീണ്ടും നിയമസഭയിലേക്ക് പോയത്. ഇത്തവണ അലി സ്വന്തം ഭൂരിപക്ഷം അയ്യായിരമാക്കി വർദ്ധിപ്പിക്കുകയും ചെയ്തു. എന്നാൽ സി പി എമ്മിനോട് വിയോജിച്ച് 2010 ഒക്ടോബറിൽ നിയമസഭാംഗത്വം രാജിവെച്ച് മുസ്ലിംലീഗിൽ ചേർന്നു.

പാർട്ടി മാറിയതിനൊപ്പം 2011 ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം മണ്ഡലവും മാറി. സി പി എമ്മിൽ നിന്നും ലീഗിലേക്കും മങ്കട നിന്നും പെരിന്തൽമണ്ണയിലേക്ക് ആയിരുന്നു ആ മാറ്റം. പാർട്ടിയും മണ്ഡലവും മാറിയെങ്കിലും വിജയം മഞ്ഞളാംകുഴി അലിക്കൊപ്പമായിരുന്നു. സി പി എമ്മിലെ വി.ശശികുമാറിനെ തോൽപ്പിച്ച് അദ്ദേഹം നിയമസഭയിലെത്തി. പിന്നീട് 2012 ഏപ്രിലിൽ മന്ത്രിയുമായി. ഉമ്മൻചാണ്ടി മന്ത്രിസഭയിലെ അഞ്ചാം മന്ത്രി വിവാദം എന്ന് അറിയപ്പെട്ട വിവാദത്തിലെ മന്ത്രിസ്ഥാനമാണ് അലിയെ തേടിയെത്തിയത്. 2016 ലും ശശികുമാറിനെ തോൽപ്പിച്ച് അലി നിയമസഭയിലെത്തി. വീണ്ടും മങ്കടയിലേക്ക് തിരികെയത്തിയാണ് മഞ്ഞളാം കുഴി ജയിച്ചത്. നാലാംതവണയാണ് മങ്കടയിൽ അലി മത്സരിച്ചത് യു ഡി എഫിന് വേണ്ടിയായിരുന്നു. നേരത്തെ മൂന്ന് തവണയും മത്സരിച്ചത് എൽ ഡി എഫ് സ്ഥാനാർത്ഥിയായിട്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com